പെർത്ത്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ തകർപ്പൻ അഞ്ച് വിക്കറ്റ് നേട്ടത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ചരിത്രമെഴുതി ഓസ്ട്രേലിയയുടെ യുവ ഫാസ്റ്റ് ബൗളർ മഹ്ലി ബേർഡ്മാൻ.
പെർത്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ എറിഞ്ഞിട്ടാണ് 21 കാരനായ ഈ വലംകൈയ്യൻ പേസർ തന്റേ അരങ്ങേറ്റം ഗംഭീരമാക്കിയത്.
മത്സരത്തിൽ ആകെ 7.4 ഓവറിൽ 1 മെയിഡൻ ഉൾപ്പെടെ 24 റൺസ് വഴങ്ങി 6 വിക്കറ്റാണ് ബേർഡ്മാൻ വീഴ്ത്തിയത്.
ഷോൺ ടെയ്റ്റിന്റെയും ലാൻസ് മോറിസിന്റെയും പാത പിന്തുടർന്ന് ഓസ്ട്രേലിയയുടെ അടുത്ത ‘വൈൽഡ് തിംഗ്’ എന്ന് വിശേഷിക്കപ്പെടുന്ന ബേർഡ്മാൻ, തന്റെ കരിയറിലെ ആദ്യ 28 പന്തുകളിൽ തന്നെ അഞ്ച് വിക്കറ്റുകൾ തികച്ചു.
ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരി ബ്രൂക്ക്, മുൻ ക്യാപ്റ്റൻ ജോ റൂട്ട് എന്നിവരെ പുറത്താക്കിക്കൊണ്ടാണ് താരം വേട്ട തുടങ്ങിയത്.
പിന്നീട് ജോർദാൻ കോക്സ്, സാം കറാൻ, ലിയാം ഡോസൺ എന്നിവരെക്കൂടി പവലിയനിലേക്ക് അയച്ചുകൊണ്ട് അദ്ദേഹം അഞ്ച് വിക്കറ്റ് നേട്ടം പൂർത്തിയാക്കുകയായിരുന്നു.
ടോണി ഡോഡെമെയ്ഡിന് ശേഷം ഏകദിന അരങ്ങേറ്റത്തിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം ഓസ്ട്രേലിയൻ പുരുഷ താരമാണ് മഹ്ലി ബേർഡ്മാൻ.
കൂടാതെ, അന്താരാഷ്ട്ര ഏകദിന അരങ്ങേറ്റത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന രണ്ടാമത്തെ ഓസ്ട്രേലിയൻ ബൗളറെന്ന റെക്കോർഡും (6/24) ഈ യുവതാരം സ്വന്തമാക്കി.
ആരാണീ മഹ്ലി ബേർഡ്മാൻ?
2013-14 ആഷസ് പരമ്പരയിൽ മിച്ചൽ ജോൺസൺ നടത്തിയ തകർപ്പൻ പ്രകടനമാണ് ക്രിക്കറ്റിലേക്ക് വരാൻ ബേർഡ്മാന് പ്രചോദനമായത്.
ഓസ്ട്രേലിയയുടെ ഇതിഹാസ താരം ഡെന്നിസ് ലില്ലിയുടെ കീഴിൽ പരിശീലനം നേടാനും അദ്ദേഹത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിക്കാനും ഈ യുവതാരത്തിന് സാധിച്ചിട്ടുണ്ട്.
വെസ്റ്റേൺ ഓസ്ട്രേലിയയിലൂടെ വളർന്ന വന്ന ബേർഡ്മാൻ, 2024-ൽ ഓസ്ട്രേലിയയെ അണ്ടർ-19 ലോകകപ്പ് കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. ഫൈനലിൽ ഇന്ത്യക്കെതിരെ 3 വിക്കറ്റ് വീഴ്ത്തി താരം മാൻ ഓഫ് ദി മാച്ചാവുകയും ചെയ്തിരുന്നു.
ക്രിക്കറ്റിന് പുറത്ത് പ്രകൃതിയെ സ്നേഹിക്കുന്ന ഒരു സ്വതന്ത്ര മനസ്സിനു ഉടമയാണ് ബേർഡ്മാൻ. ഒഴിവുസമയങ്ങളിൽ സർഫിംഗും മീൻപിടുത്തവും ക്യാമ്പിംഗുമൊക്കെയായി സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്ന താരം, ആധുനിക തലമുറയിലെ വ്യത്യസ്തനായ ഒരു കളിക്കാരൻ കൂടിയാണ്.


