മാഞ്ചസ്റ്റർ യുണൈറ്റഡ് മുൻ മാനേജർ എറിക് ടെൻ ഹാഗിനെതിരെ രൂക്ഷ വിമർശനവുമായി ക്ലബ്ബിന്റെ മുൻ മിഡ്ഫീൽഡർ ഫ്രെഡ്. ക്രിസ്റ്റാനോ റൊണാൾഡോ, കാസമിറോ, മാർക്കസ് റാഷ്ഫോർഡ് തുടങ്ങിയ പ്രമുഖ താരങ്ങളോടൊക്കെ ടെൻ ഹാഗ് വളരെ മോശമായാണ് പെരുമാറിയിരുന്നതെന്ന് ഫ്രെഡ് വെളിപ്പെടുത്തി. ‘ചാർല പോഡ്കാസ്റ്റിൽ’ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തട്ടകത്തിൽ ഡച്ച് കളിക്കാർക്ക് മാത്രം അർഹതയില്ലാത്ത പ്രാധാന്യമാണ് ടെൻ ഹാഗ് നൽകിയിരുന്നതെന്നും ഫ്രെഡ് കുറ്റപ്പെടുത്തി.
“കളിക്കാരോട് ടെൻ ഹാഗ് വളരെ മോശമായിട്ടാണ് പെരുമാറിയിരുന്നത്! ക്രിസ്റ്റാനോ, കാസമിറോ, റാഷ്ഫോർഡ്, ഒടുവിൽ എന്നോട് പോലും അവൻ വഴക്കുണ്ടാക്കി. ഡച്ച് കളിക്കാർക്ക് മാത്രമായിരുന്നു അവൻ ടീമിൽ പ്രാധാന്യം നൽകിയിരുന്നത്.”
അതേസമയം, ടെൻ ഹാഗിന്റെ തന്ത്രപരമായ അറിവിനെ ഫ്രെഡ് പ്രശംസിക്കാൻ മറന്നില്ല. കളിയെ സമീപിക്കുന്ന രീതിയിലും ടാക്റ്റിക്കൽപരമായും താൻ കണ്ട ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ് അദ്ദേഹമെങ്കിലും, വ്യക്തിബന്ധങ്ങളിൽ അദ്ദേഹം ദയനീയ പരാജയമായിരുന്നുവെന്ന് ഫ്രെഡ് കൂട്ടിച്ചേർത്തു.
“പക്ഷേ, ടാക്റ്റിക്കൽപരമായി ഞാൻ കണ്ട ഏറ്റവും മികച്ച കോച്ചുകളിൽ ഒരാളാണ് അവൻ. പക്ഷേ വ്യക്തിപരമായി? വളരെ മോശമാണ്,” ഫ്രെഡ് പറഞ്ഞു.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ ടെൻ ഹാഗിന്റെ കീഴിൽ കളിച്ചിട്ടുള്ള താരങ്ങളിൽ നിന്ന് ഇതിനുമുൻപും സമാനമായ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. ഫ്രെഡിന്റെ ഈ തുറന്നുപറച്ചിൽ ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.


