രാവിലെ എഴുന്നേറ്റ ഉടനെയും രാത്രി ഉറങ്ങുന്നതിന് മുമ്പും പല്ലുതേക്കുന്ന ശീലമുള്ളവരാണ് നമ്മളിൽ പലരും. എന്നാൽ ദിവസവും രണ്ടുനേരം പല്ലുതേച്ചിട്ടും ചിലരിൽ വായിലെ ദുർഗന്ധം മാറാതെ നിൽക്കാറുണ്ട്. ഒരു സാമൂഹിക നാണക്കേട് എന്നതിലുപരി, വിട്ടുമാറാത്ത ഈ വായ്നാറ്റം ശരീരത്തിലെ ഗുരുതരമായ ചില ആരോഗ്യപ്രശ്നങ്ങളുടെ സൂചനകൂടിയാകാം എന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
ഏകദേശം 80 ശതമാനം ആളുകളിലും കൃത്യമായി പല്ലുതേക്കുന്നതിലൂടെയും ഫ്ലോസ് ചെയ്യുന്നതിലൂടെയും വായ്നാറ്റം എളുപ്പത്തിൽ ഒഴിവാക്കാൻ സാധിക്കും. എങ്കിലും ചിലരിൽ ഇത് പരിഹരിക്കപ്പെടാതെ നീണ്ടുനിൽക്കാറുണ്ട്.
വായ്നാറ്റത്തിന് പിന്നിലെ സാധാരണ കാരണങ്ങൾ
രാവിലെ ഉണരുമ്പോൾ ബ്രഷ് ചെയ്യുന്നതുവരെ ചെറിയ രീതിയിൽ വായ്നാറ്റം ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതുപോലെ ദീർഘനേരം ഭക്ഷണം കഴിക്കാതിരിക്കുമ്പോഴോ, ഉള്ളി, വെളുത്തുള്ളി, ചീസ് തുടങ്ങിയ സൾഫർ അടങ്ങിയ ആഹാരങ്ങൾ കഴിക്കുമ്പോഴോ വായ്നാറ്റം അനുഭവപ്പെടാം.
കൂടാതെ ശരീരത്തിൽ ഹോർമോൺ വ്യതിയാനങ്ങൾ സംഭവിക്കുമ്പോഴും ഇത്തരം താൽക്കാലിക ദുർഗന്ധം ഉണ്ടാകാറുണ്ട്. ഇവയെല്ലാം ചികിത്സ ആവശ്യമില്ലാത്ത താൽക്കാലിക (ഫിസിയോളജിക്കൽ) അവസ്ഥകളാണ്.
മാറാത്ത വായ്നാറ്റത്തിന് കാരണം ഗുരുതരമായ രോഗങ്ങൾ
എന്നാൽ സാധാരണ പല്ലുതേപ്പിലൂടെ മാറാത്ത വായ്നാറ്റത്തിന് പിന്നിൽ മറ്റ് പല കാരണങ്ങളുണ്ടാകാം:
പോസ്റ്റ്-നേസൽ ഡ്രിപ്പ് (Post-nasal drip), ടോൺസിൽ സ്റ്റോൺസ്, സൈനസൈറ്റിസ് തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവരിൽ ദുർഗന്ധം നിലനിൽക്കാം.
ആസിഡ് റിഫ്ലക്സിന് കാരണമാകുന്ന ‘ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ്’ (GERD) എന്ന രോഗമുള്ളവരിൽ പല്ലുകളുടെ തേയ്മാനത്തിനും വായ്നാറ്റത്തിനും കാരണമാകുന്നു.
ഡയബറ്റിക് കീറ്റോ ആസിഡോസിസ് (Diabetic Ketoacidosis) പോലുള്ള പ്രമേഹ സംബന്ധമായ പ്രശ്നങ്ങളും വായ്നാറ്റത്തിന് ഇടയാക്കാം.
മോണരോഗങ്ങൾ ഉള്ളവരിലും വായ്നാറ്റം പതിവാണ്. മോണയുടെ അടിഭാഗത്ത് പ്ലാക്കും ടാർട്ടറും അടിഞ്ഞുകൂടുമ്പോൾ ബാക്ടീരിയകൾ ദുർഗന്ധമുള്ള സൾഫർ സംയുക്തങ്ങൾ പുറത്തുവിടുന്നു.
സാധാരണ ബ്രഷ് ചെയ്തുകൊണ്ട് ഇത് മാറ്റാൻ കഴിയില്ല, പ്രൊഫഷണൽ ഡെന്റൽ ക്ലീനിങ് ആവശ്യമായി വരും.
നാവ് വൃത്തിയാക്കാതിരിക്കുന്നതും വായ്നാറ്റത്തിന് കാരണം
പല്ലുകൾ മാത്രം വൃത്തിയാക്കി നാവ് വൃത്തിയാക്കാത്തവരാണ് പലരും. എന്നാൽ ദശലക്ഷക്കണക്കിന് ബാക്ടീരിയകൾ അടങ്ങിയിരിക്കുന്ന ഭാഗമാണ് നാവ്, പ്രത്യേകിച്ച് അതിന്റെ പരുക്കൻ പിൻഭാഗം.
പല്ല് തേക്കുമ്പോൾ നാവും ശരിയായി വൃത്തിയാക്കിയില്ലെങ്കിൽ അവിടെ ഭക്ഷണാവശിഷ്ടങ്ങളും നിർജീവ കോശങ്ങളും അടിഞ്ഞുകൂടി രൂക്ഷമായ ദുർഗന്ധം ഉണ്ടാക്കുന്നു.
ഇതിനുപുറമെ, ശരീരത്തിൽ ജലാംശം കുറയുന്നത് (നിർജലീകരണം), മാനസിക സമ്മർദ്ദം, ചില മരുന്നുകളുടെ ഉപയോഗം, വായയിലൂടെ ശ്വാസമെടുക്കൽ എന്നിവയെല്ലാം ഉമിനീർ ഉൽപാദനം കുറയ്ക്കുകയും വായ വരണ്ടതാക്കി ബാക്ടീരിയകൾ പെരുകാൻ കാരണമാവുകയും ചെയ്യും.
വായ്നാറ്റം ഒഴിവാക്കാൻ ചില എളിയ മാർഗങ്ങൾ:
കൃത്യമായ ദന്തപരിശോധന: ആറുമാസത്തിലൊരിക്കൽ ഡെന്റിസ്റ്റിനെ കണ്ട് പല്ലുകളുടെയും വായുടെയും ആരോഗ്യം വിലയിരുത്തുക.
പ്രൊഫഷണൽ ക്ലീനിങ്: സാധാരണ ബ്രെഷുകൊണ്ട് എത്താൻ കഴിയാത്ത ആഴത്തിലുള്ള വിടവുകൾ വൃത്തിയാക്കാൻ പ്രൊഫഷണൽ ഡെന്റൽ ക്ലീനിങ് സഹായകരമാകും.
ധാരാളം വെള്ളം കുടിക്കുക: ഇത് പല്ലുകൾക്കിടയിൽ കുടുങ്ങിയ ഭക്ഷണാവശിഷ്ടങ്ങൾ നീക്കം ചെയ്യാനും ഉമിനീർ ഉൽപാദനം വർദ്ധിപ്പിക്കാനും സഹായിക്കും.
ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കുക: സംസ്കരിച്ച ഭക്ഷണങ്ങൾ പരമാവധി കുറയ്ക്കുകയും ധാരാളം പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നത് ദന്തസംരക്ഷണം മെച്ചപ്പെടുത്തും.


