സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബീഹാര്‍ ടീമിന്റെ ക്യാപ്റ്റനായി വൈഭവ് സൂര്യവംശിയെ പ്രഖ്യാപിച്ച തീരുമാനത്തിനെതിരെ പ്രമുഖ ഇന്ത്യന്‍ ക്രിക്കറ്റ് കമന്റേറ്ററും അനലിസ്റ്റുമായ ഹര്‍ഷ ഭോഗ്ലെ രംഗത്ത്.
16 വയസ് മാത്രം പ്രായമുള്ള ഒരു താരത്തിന് ഇത്രയും വലിയ ഉത്തരവാദിത്വം നല്‍കുന്നത് നല്ല തീരുമാനമല്ലെന്നാണ് ഭോഗ്ലെ തുറന്നടിച്ചത്. ഈ പ്രായത്തില്‍ വൈഭവിന് മേല്‍ അനാവശ്യ സമ്മര്‍ദ്ദം അടിച്ചേല്‍പ്പിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
’16 വയസുള്ള ഒരു താരത്തെ സംസ്ഥാന ടീമിന്റെ ക്യാപ്റ്റനാക്കുന്നത് ഏറ്റവും നല്ല തീരുമാനമാണെന്ന് എനിക്ക് തോന്നുന്നില്ല. സാഹചര്യങ്ങള്‍ മനസിലാക്കാനും തീരുമാനങ്ങളെടുക്കാനും അവന് പഠിക്കേണ്ടതുണ്ട് എന്നത് ശരിയാണ്.
എന്നാല്‍ ഈ പ്രായത്തില്‍ നാം അവനുമേല്‍ അധികമായി അടിച്ചേല്‍പ്പിക്കുന്ന ശ്രദ്ധയും സമ്മര്‍ദവും ഒഴിവാക്കി, കൂടുതല്‍ മെച്ചപ്പെട്ട താരമായി വളരുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവനെ അനുവദിക്കുന്നതാണ് നല്ലത്,’ ഭോഗ്ലെ എക്സില്‍ കുറിച്ചു.
ഇതാദ്യമായാണ് വൈഭവ് സൂര്യവംശി ബീഹാറിന്റെ സീനിയര്‍ ടീമിനെ നയിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഉള്‍പ്പെടെ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ച് മുന്നേറുന്ന യുവതാരത്തിന് ലഭിച്ച അര്‍ഹിച്ച അംഗീകാരമായാണ് ബി.സി.എ (ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷന്) ഇതിനെ കാണുന്നത്.
നവംബര്‍ 14ന് ആരംഭിക്കുന്ന ടി-20 ടൂര്‍ണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള 17 അംഗ ടീമിനെയാണ് ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷന് പ്രഖ്യാപിച്ചിരിക്കുന്നത്. സൂരജ് കശ്യപാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. സൗരാഷ്ട്രയ്ക്കെതിരെയാണ് ടൂര്‍ണമെന്റില്‍ ബീഹാറിന്റെ ആദ്യ മത്സരം.
പുതിയ ഉത്തരവാദിത്വങ്ങള്‍ മികച്ച രീതിയില്‍ ഏറ്റെടുക്കാനും നടപ്പിലാക്കാനും സൂര്യവംശിക്ക് കഴിയുമെന്ന കണക്കുകൂട്ടലിലാണ് ബി.സി.എ ഭാരവാഹികള്‍. ചെറിയ പ്രായത്തില്‍ തന്നെ വലിയ ചുമതലകള്‍ കൈകാര്യം ചെയ്യാനുള്ള പാടവം വൈഭവിനുണ്ടെന്ന് ബി.സി.എ പ്രസിഡന്റ് ഹര്‍ഷ് വര്‍ധനും അഭിപ്രായപ്പെട്ടു.
അതേസമയം, സമീപകാലത്ത് നടന്ന പരമ്പരകളില്‍ മികച്ച ഫോമിലാണ് വൈഭവ് സൂര്യവംശി. ന്യൂസിലാന്‍ഡിനെതിരായ ടി-20 പരമ്പരയില്‍ മികച്ച ബാറ്റിങ് പ്രകടനമാണ് താരം കാഴ്ചവെച്ചത്. പരമ്പരയിലെ മൂന്നാം മത്സരത്തില്‍ വെറും 19 പന്തില്‍ നിന്ന് 4 സീക്സറുകളും 4 ഫോറുകളും അടക്കം 45 റണ്‍സ് താരം അടിച്ചുകൂട്ടിയിരുന്നു.
സൂപ്പര്‍ താരം അഭിഷേക് ശര്‍മയ്ക്കൊപ്പം ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ പിറന്ന 113 റണ്‍സിന്റെ കൂട്ടുകെട്ട് ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.


