“ജസ്റ്റിസ് 100 ശതമാനം, പെര്‍ഫോമൻസ് പൂജ്യം.” ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്ക് ശേഷം സഞ്ജു സാംസണെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന പരിഹാസങ്ങളിലൊന്നാണിത്.
ശരിയാണ്, പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിലും ഒറ്റയക്ക സ്കോറിലാണ് താരം പുറത്തായത്.
എന്നാൽ, വൈഭവ് സൂര്യവംശിക്ക് അവസരം നിഷേധിക്കപ്പെടുന്നുവെന്ന ഒരു കാരണം കൊണ്ട് മാത്രം സഞ്ജുവിനെതിരെ ഇത്രയധികം വിമർശനങ്ങൾ ഉന്നയിക്കേണ്ടതുണ്ടോ?
അങ്ങനെ കരുതുന്നവരോട് തിരിച്ചു ചോദിക്കാനുള്ളത് ഇതാണ്; ന്യൂസിലൻഡ് പര്യടനത്തില്‍ കണ്‍സിസ്റ്റന്റായി ബാറ്റുകൊണ്ട് മികവ് പുലർത്തിയ എത്ര പേരുണ്ട് ഇന്ത്യൻ ടീമില്‍?
മറ്റ് ബാറ്റർമാരുടെ പ്രകടനം എങ്ങനെ?
ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പില്‍ അഞ്ച് മത്സരങ്ങളിലും ക്രീസിലെത്തിയത് അഭിഷേക് ശർമ, സഞ്ജു സാംസൺ, ശ്രേയസ് അയ്യർ, തിലക് വർമ, നമൻ ധീർ എന്നിവരാണ്.
നിതീഷ് കുമാർ റെഡ്ഡി നാലും, ഇഷാൻ കിഷൻ, അക്സർ പട്ടേൽ എന്നിവർ മൂന്ന് വീതം ടി20കളിലും ബാറ്റ് ചെയ്തു.
വൈഭവ് സൂര്യവംശി ക്രൈസ്റ്റ്ചർച്ചിലും വെല്ലിങ്ടണിലുമാണ് കളിച്ചത്. ഫിനിഷർ റോളിലെത്തിയ നമൻ ധീർ മാത്രമാണ് പരമ്പരയിലെ എല്ലാ മത്സരങ്ങളിലും തിളങ്ങിയത്.
അഞ്ച് മത്സരങ്ങളില്‍ നിന്ന് 200 സ്ട്രൈക്ക് റേറ്റില്‍ 138 റണ്‍സ് നേടിയ താണ് നമൻ ധീറിന്റെ സമ്പാദ്യം.
ഇന്ത്യയുടെ ടോപ് സ്കോററായ അഭിഷേക് ശർമയുടെ പ്രകടനം എടുത്താൽ, വെല്ലിങ്ടണില്‍ 38 പന്തില്‍ നേടിയ 113 റണ്‍സ് മാറ്റി നിർത്തിയാല്‍ പര്യടനത്തിലെ താരത്തിന്റെ ആകെ നേട്ടം 86 റണ്‍സ് മാത്രമാണ്.
ക്രൈസ്റ്റ് ചർച്ചിലെ രണ്ടാം ടി20യിലും ഓക്ക്ലൻഡിലും ഹാമില്‍ട്ടണിലും പുതിയ പന്തിൽ താരം ഏറെ ബുദ്ധിമുട്ടിയിരുന്നു.
അഞ്ചാം ടി20യില്‍ ഒഴികെ മറ്റെല്ലാ ഇന്നിങ്സുകളിലും സ്കോർ 25 കടത്താൻ ഇടം കയ്യൻ ബാറ്റർക്ക് സാധിച്ചെങ്കിലും, ആധികാരികമെന്ന് പറയാൻ കഴിയില്ല.
ഇനി നായകൻ ശ്രേയസ് അയ്യറിലേക്ക് വന്നാൽ, 126 റണ്‍സാണ് പര്യടനത്തിലെ ആകെ നേട്ടം. ഹാമില്‍ട്ടണില്‍ ഒരു അര്‍ദ്ധ സെഞ്ചുറി നേടി. എട്ട് മത്സരങ്ങള്‍ക്ക് ശേഷമാണ് ശ്രേയസ് തന്റെ സ്കോര്‍ 50ലെത്തിക്കുന്നത്.
ആദ്യ ടി20യില്‍ 28 പന്തില്‍ 42 റണ്‍സുമായി റണ്‍ചെയ്സില്‍ നിർണായക പങ്ക് വഹിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. എന്നാൽ മറ്റ് മൂന്ന് മത്സരങ്ങളിലും ശ്രേയസിന്റെ ഇന്നിങ്സുകൾ വളരെ ചെറുതായിരുന്നു.
രണ്ടാം ടി20യില്‍ പരാജയത്തിന്റെ വക്കില്‍ നിന്ന് ഇന്ത്യയെ കൈപിടിച്ചുകയറ്റിയ അസാധാരണമായ ഇന്നിങ്സാണ് തിലക് വർമയ്ക്ക് പര്യടനത്തില്‍ ഓർത്തുവെക്കാനുള്ളത്.
അഞ്ച് കളികളില്‍ നിന്ന് 122 സ്ട്രൈക്ക് റേറ്റില്‍ 99 റണ്‍സാണ് തിലകിന്റെ സമ്പാദ്യം. ഇഷാൻ കിഷനാകട്ടെ അവസാന ടി20യില്‍ അർദ്ധ ശതകം നേടിയപ്പോൾ, മറ്റ് രണ്ട് ടി20കളിലെ സ്കോറുകള്‍ പൂജ്യവും ഒന്നുമാണ്.
വൈഭവിന് തിളങ്ങാനായത് വെല്ലിങ്ടണില്‍ മാത്രമാണ് (19 പന്തില്‍ 45 റണ്‍സ്). അക്സര്‍ പട്ടേലിനാകട്ടെ ബാറ്ററെന്ന നിലയിൽ ഓർത്തുവെക്കാൻ ഒന്നുമുണ്ടായിരുന്നില്ല (ആകെ 42 റണ്‍സ്).
സഞ്ജുവിന്റെ കണക്കുകൾ എന്തുപറയുന്നു?
നമൻ ധീറിനെയും അഭിഷേക് ശർമയെയും മാറ്റിനിർത്തിയാല്‍ ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പില്‍ ഒന്നിലധികം മത്സരങ്ങളില്‍ ഇംപാക്റ്റ്ഫുള്ളായ കോണ്ട്രിബ്യൂഷൻ നല്കിയ മറ്റാരും ഇല്ലെന്ന് കാണാനാകും.
സമാനമാണ് സഞ്ജുവിന്റെ സ്ഥിതിയും. അഞ്ച് കളികളില്‍ നിന്ന് 142 സ്ട്രൈക്ക് റേറ്റില്‍ 107 റണ്‍സാണ് പരമ്പരയില്‍ സഞ്ജു നേടിയത്.
ക്രൈസ്റ്റ് ചര്‍ച്ചിലെ ആദ്യ ടി20യില്‍ നേടിയ 33 പന്തില്‍ 67 റണ്‍സിന്റെ അർദ്ധ സെഞ്ചുറി ഇന്ത്യൻ വിജയത്തിൽ നിർണായകമായിരുന്നു.
പിന്നീട് ബാറ്റ് ചെയ്ത നാല് മത്സരങ്ങളില്‍ 40 റണ്‍സ് മാത്രമാണ് നേടാനായത്. കൂടാതെ, മൂന്നാം ടി20യില്‍ വൈഭവിനായി തന്റെ ഓപ്പണിങ് സ്ഥാനം വിട്ടുനൽകാനും താരം തയ്യാറായി.
മറ്റെല്ലാ ബാറ്റർമാരുടെയും പ്രകടനവുമായി താരതമ്യം ചെയ്യുമ്പോൾ സഞ്ജുവിന്റെ പ്രകടനവും ശരാശരിയില്‍ മാത്രമാണ് ഒതുങ്ങിയത്.
ഓവർസീസ് കണ്ടീഷനുകളില്‍ ആരും അത്ര എക്സ്ട്രാ ഓർഡിനറിയായിരുന്നില്ല എന്ന വസ്തുതകൂടി ചേർത്ത് വെക്കുമ്പോള്‍, സഞ്ജു മാത്രം ഇത്രയധികം വിമർശനങ്ങള്‍ അർഹിക്കുന്നുണ്ടോ?
വരുന്ന പരമ്പരകൾ നിർണായകം
എങ്കിലും ഇന്ത്യയെ സംബന്ധിച്ച് ഈ പരമ്പരയ്ക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. 2028 ടി20 ലോകകപ്പിന് സഹ ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങളിലൊന്ന് ന്യൂസിലൻഡാണ്.
അതുകൊണ്ട് ന്യൂസിലൻഡിലെ സാഹചര്യങ്ങളില്‍ തിളങ്ങാൻ കഴിയുന്നവർക്ക് തീർച്ചയായും ലോകകപ്പ് ടീം സെലക്ഷനില്‍ മുൻതൂക്കമുണ്ടാകുമായിരുന്നു. ഇവിടെയാണ് സഞ്ജു ഉള്‍പ്പെടെയുള്ള ഭൂരിഭാഗം ബാറ്റർമാരും പരാജയപ്പെട്ടത്.
ന്യൂസിലൻഡ് പര്യടനം അവസാനിച്ചതോടെ, ഇന്ത്യയുടെ അടുത്ത ടി20 പരമ്പര ഡിസംബറിൽ ശ്രീലങ്കയ്ക്കെതിരെയാണ്. രാജ്കോട്ടിലും കട്ടക്കിലും പൂനെയിലുമാണ് മത്സരങ്ങള്‍ നടക്കുന്നത്. ഈ പരമ്പരയെങ്കിലും താരങ്ങൾക്ക് നിർണായകമായിരിക്കും.


