ന്യൂസിലാൻഡിനെതിരെയുള്ള അവസാന ടി-20യിലെ സഞ്ജു സാംസണിന്റെ മോശം പ്രകടനങ്ങളിൽ നിരാശ പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം അജയ് ജഡേജ. മത്സരത്തിൽ നാല് റൺസ് നേടി മടങ്ങിയ സഞ്ജുവിന്റെ ബാറ്റിംഗ് രീതി കഴിഞ്ഞ മൂന്ന് മത്സത്തിൽ ന്യൂസിലാൻഡ് ബൗളർമാർ മനസ്സിലാക്കിയെന്നാണ് അജയ് ജഡേജ എക്സിൽ കുറിച്ചത്.
”സഞ്ജു സാംസൺ ബാറ്റ് ചെയ്യുന്നത് കാണുമ്പോൾ നിരാശ തോന്നുന്നു. അദ്ദേഹം എപ്പോഴും സ്റ്റംപ് ലൈനിലേക്ക് മാറിനിന്നുകൊണ്ട് പന്ത് ഉയർത്തി കവറിന് മുകളിലൂടെ അടിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ ന്യൂസിലാൻഡ് ബൗളർമാർ അദ്ദേഹത്തിന്റെ ഈ രീതി മനസ്സിലാക്കി. ഇതോടെ ബാറ്റിങ്ങിലെ അദ്ദേഹത്തിന്റെ പോരായ്മ പുറത്തായി” അജയ് ജഡേജ എക്സിൽ കുറിച്ചു.
പരമ്പരയിലെ ആദ്യ മത്സരത്തിൽ മാത്രമാണ് സഞ്ജുവിന് തിളങ്ങാൻ സാധിച്ചത്. ആദ്യ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് അവാർഡ് നേടിയ സഞ്ജു പിന്നീടുള്ള ഒരു മത്സരത്തിലും തിളങ്ങിയില്ല.

ന്യൂസിലാൻഡിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 191 റൺസാണ് നേടിയത്. ഇഷാൻ കിഷനും ക്യാപ്റ്റൻ ശ്രേയസ് അയ്യരും ഇന്ത്യക്കായി അർദ്ധ സെഞ്ച്വറി നേടി തിളങ്ങി. 32 പന്തിൽ 5 വീതം ഫോറുകളും സിക്സുകളും അടക്കം 63 റൺസാണ് താരം നേടിയത്.
അയ്യർ 23 പന്തിൽ നിന്നും 50 റൺസും സ്വന്തമാക്കി. 3 ഫോറുകളും 4 സിക്സുമാണ് ഇന്ത്യൻ ക്യാപ്റ്റൻ നേടിയത്. മത്സരത്തിൽ നമൻ ധീർ 23 പന്തിൽ 33 റൺസും തീഷ് കുമാർ റെഡ്ഢി 17 പന്തിൽ 22 സ്വന്തമാക്കിയപ്പോൾ ഇന്ത്യ മാന്യമായ ടോട്ടലിലേക്ക് നീങ്ങി. ന്യൂസിലാൻഡിന് വേണ്ടി ആദം മിൽനെ നാല് വിക്കറ്റും നഥാൻ സ്മിത്ത്, ബ്ലെയർ ടെക്ലർ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ നേടി.


