കൊച്ചി: ക്രിക്കറ്റ് ലോകത്തെ എക്കാലത്തെയും മികച്ച താരങ്ങളുടെ താരതമ്യത്തിൽ ഇന്ത്യൻ ഇതിഹാസങ്ങൾക്ക് പിന്തുണയുമായി മുൻ പാകിസ്ഥാൻ ക്യാപ്റ്റനും ഇതിഹാസ പേസറുമായ വഖാർ യൂനിസ്.
പ്രശസ്തമായ ശുഭങ്കർ മിശ്ര പോഡ്കാസ്റ്റിലെ റാപ്പിഡ്-ഫയർ സെഗ്മെന്റിൽ സംസാരിക്കവെയാണ് ഇരു രാജ്യങ്ങളിലെയും മുൻനിര കളിക്കാരെക്കുറിച്ചുള്ള തന്റെ തുറന്ന വിലയിരുത്തൽ അദ്ദേഹം പങ്കുവെച്ചത്.
ചർച്ചയിലുടനീളം ഭൂരിഭാഗം താരതമ്യങ്ങളിലും ഇന്ത്യൻ പ്രതിഭകൾക്കാണ് വഖാർ മുൻഗണന നൽകിയത്.
ബാറ്റിംഗിൽ ഇന്ത്യക്ക് വ്യക്തമായ മുൻതൂക്കം
ബാറ്റിംഗ് ഇതിഹാസങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് സച്ചിൻ ടെണ്ടുൽക്കറെയും വിരാട് കോഹ്ലിയെയുമാണ് വഖാർ തിരഞ്ഞെടുത്തത്.
പാകിസ്ഥാന്റെ മുൻ താരം ഇൻസമാം-ഉൾ-ഹഖിനെക്കാൾ സച്ചിൻ ടെണ്ടുൽക്കറെയും, നിലവിലെ സൂപ്പർ താരം ബാബർ അസമിനെക്കാൾ വിരാട് കോഹ്ലിയെയുമാണ് അദ്ദേഹം മികച്ചതായി വിലയിരുത്തിയത്.
കൂടാതെ, ഫഖർ സമാനു പകരം രോഹിത് ശർമ്മയെയും, മിസ്ബ ഉൾ ഹഖിനു പകരം വി.വി.എസ് ലക്ഷ്മണിനെയും, യൂനിസ് ഖാന് പകരം രാഹുൽ ദ്രാവിഡിനെയും അദ്ദേഹം തെരഞ്ഞെടുത്തു.
എന്നാൽ, ഓപ്പണർമാരുടെ താരതമ്യത്തിൽ വീരേന്ദർ സെവാഗിന് പകരം പാകിസ്ഥാന്റെ ഇതിഹാസ ഓപ്പണർ സയീദ് അൻവറിനെയാണ് വഖാർ പിന്തുണച്ചത്.
ബൗളിംഗിലും ഫിനിഷിംഗിലും മിന്നുന്ന താരങ്ങൾ
ഇന്ത്യൻ കളിക്കാരോടുള്ള വഖാറിന്റെ പ്രീതി ബൗളിംഗ് നിരയിലേക്കും നീണ്ടു. ഷഹീൻ അഫ്രീദിക്ക് പകരം ഇന്ത്യയുടെ സൂപ്പർ പേസർ ജസ്പ്രീത് ബുംറയെയും, മുഹമ്മദ് അമീറിന് പകരം മുഹമ്മദ് ഷമിയെയും അദ്ദേഹം തിരഞ്ഞെടുത്തു.
കളിയുടെ തന്ത്രപരമായ വശങ്ങളെക്കുറിച്ചും ഫിനിഷിംഗ് മികവിനെക്കുറിച്ചും സംസാരിച്ച വഖാർ, പാകിസ്ഥാന്റെ എക്കാലത്തെയും മികച്ച ബാറ്ററായ ജാവേദ് മിയാൻദാദിനെക്കാൾ എം.എസ് ധോണിയുടെ ഫിനിഷിംഗ് പാടവത്തെയാണ് പിന്തുണച്ചത്.
മിയാൻദാദ് മികച്ച കളിക്കാരനാണെങ്കിലും, ധോണി തന്റെ കരിയറിൽ ഉടനീളം ഇന്ത്യൻ ടീമിന് കൂടുതൽ വിജയങ്ങൾ സമ്മാനിച്ചിട്ടുണ്ടെന്നും നിർണായക ഘട്ടങ്ങളിലെ ഫിനിഷിംഗിൽ അദ്ദേഹം മുന്നിലാണെന്നും വഖാർ വ്യക്തമാക്കി.
അതേസമയം, പ്രായം കുറഞ്ഞ പ്രതിഭകളായ 15 കാരനായ ഇന്ത്യൻ ബാറ്റർ വൈഭവ് സൂര്യവൻഷിയെയും പാകിസ്ഥാന്റെ സമീർ മിൻഹാസിനെയും കുറിച്ചുള്ള ചോദ്യത്തിന്, രണ്ട് കളിക്കാരെയും വേണ്ടത്ര നിരീക്ഷിക്കാൻ സാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കി അദ്ദേഹം ആ തിരഞ്ഞെടുപ്പ് ഒഴിവാക്കുകയാണുണ്ടായത്.
ന്യൂസിലൻഡിനെതിരായ പരമ്പര നടന്നു കൊണ്ടിരിക്കെ, വഖാർ യൂനിസിന്റെ ഈ തുറന്ന പ്രസ്താവനകൾ ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.


