ഷൂ ധരിച്ച് പുറത്തിറങ്ങി കുറച്ചു ദൂരം നടക്കുമ്പോഴേക്കും… താഴേക്ക് നോക്കുമ്പോൾ ലേസ് അഴിഞ്ഞുകിടക്കുന്നു. വീണ്ടും കുനിഞ്ഞ് കെട്ടേണ്ടി വരുന്നു, കുറച്ചു കഴിയുമ്പോൾ വീണ്ടും അതേ അവസ്ഥ! പലർക്കും വലിയൊരു ബുദ്ധിമുട്ടുണ്ടാക്കുന്ന ഈ പ്രശ്നം ഷൂവിന്റെ മൊത്തത്തിലുള്ള ലുക്കിനെയും ബാധിക്കാറുണ്ട്.
പ്രത്യേകിച്ച് സ്നീക്കേഴ്സും ക്യാഷ്വൽ ഷൂസും ഫാഷന്റെ ഭാഗമായതോടെ ഷൂ ലേസിനും വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്.
എന്നാൽ ലേസ് എപ്പോഴും അഴിഞ്ഞുപോകുന്നുണ്ടെങ്കിൽ പ്രശ്നം നിങ്ങൾ കെട്ടുന്ന രീതിയിൽ മാത്രമല്ല, ലേസിന്റെ നീളം മുതൽ ഷൂവിന്റെ ഫിറ്റിംഗ് വരെ പല കാര്യങ്ങളും ഇതിന് കാരണമാകാം.
- ആദ്യം ശ്രദ്ധിക്കേണ്ടത് ലേസിന്റെ നീളം
ഷൂവിൽ ലേസ് ഇട്ടുകഴിഞ്ഞാൽ അതിന്റെ വലിയൊരു ഭാഗം ഐലെറ്റുകൾക്കിടയിലൂടെ പോകും. ബാക്കിയുള്ള ഭാഗമാണ് കെട്ടാനും ലൂപ്പ് ഉണ്ടാക്കാനും ഉപയോഗിക്കുന്നത്.
ലേസ് ആവശ്യത്തിലധികം നീളമുള്ളതാണെങ്കിൽ കെട്ടിയതിന് ശേഷം പുറത്തേക്ക് തൂങ്ങിക്കിടക്കുന്ന ഭാഗം കൂടുതലാകും.നടക്കുമ്പോൾ ഇത് നിലത്തോ മറ്റെന്തെങ്കിലും വസ്തുക്കളിലോ തട്ടി വലിവുണ്ടായാൽ കെട്ട് പെട്ടെന്ന് അഴിഞ്ഞുപോകും. അതുകൊണ്ട് പുതിയ ഷൂ വാങ്ങുമ്പോൾ ലേസിന്റെ നീളവും കൃത്യമായി ശ്രദ്ധിക്കുന്നത് നല്ലതാണ്.
- ഷൂവിന്റെ ഫിറ്റും പ്രധാനമാണ്
ഷൂ വളരെ ടൈറ്റാണെങ്കിൽ കാലിന് കൂടുതൽ സമ്മർദ്ദം അനുഭവപ്പെടാം. അതിനനുസരിച്ച് ലേസിലും കൂടുതൽ വലിവ് ഉണ്ടാകുകയും ഇത് കെട്ട് പെട്ടെന്ന് അയയാനുള്ള സാധ്യത കൂട്ടുകയും ചെയ്യും.
അതിനാൽ ഫാഷനെന്ന രീതിയിൽ മാത്രം വളരെ ടൈറ്റായ ഷൂ തിരഞ്ഞെടുക്കാതിരിക്കുക. കാൽവിരലുകൾക്ക് ആവശ്യമായ സ്ഥലം ലഭിക്കുന്നുണ്ടോ എന്നും ഷൂ ധരിക്കുമ്പോൾ അസ്വസ്ഥത തോന്നുന്നുണ്ടോ എന്നും എപ്പോഴും പരിശോധിക്കണം.
- ലേസ് കെട്ടുന്ന രീതി മാറ്റാം
എത്ര മുറുക്കി കെട്ടിയാലും അഴിഞ്ഞുപോകുന്നുണ്ടെങ്കിൽ കെട്ടുന്ന രീതിയിൽ ചെറിയ മാറ്റങ്ങൾ വരുത്താം.
ആദ്യം രണ്ട് ലേസുകളും ക്രോസ് ചെയ്ത് ഒരു ലേസ് മറ്റേതിന്റെ അടിയിലൂടെ കൊണ്ടുവന്ന് മുറുക്കുക.
പിന്നീട് ഒരു ലേസ് ഉപയോഗിച്ച് ലൂപ്പ് ഉണ്ടാക്കി മറ്റേ ലേസ് അതിനു ചുറ്റും ചുറ്റി താഴേക്ക് കൊണ്ടുവരിക.
ശേഷം രണ്ട് ലൂപ്പുകളും ഒരേ അളവിൽ വലിച്ച് കെട്ട് ഉറപ്പാക്കുക.
ലൂപ്പുകൾ ഒരേ രീതിയിൽ കിടക്കുന്നതും കെട്ട് ഒരു വശത്തേക്ക് വളഞ്ഞുപോകാതിരിക്കുന്നതും ലേസ് അഴിഞ്ഞുപോകാനുള്ള സാധ്യത കുറയ്ക്കും.
- റൗണ്ട് ലേസിന് പകരം ഫ്ളാറ്റ് ലേസ് പരീക്ഷിക്കാം
എല്ലാ ഷൂ ലേസുകളും ഒരുപോലെയല്ല. ചിലത് വളരെ മിനുസമുള്ള റൗണ്ട് ലേസുകളായിരിക്കും.
മിനുസമുള്ള ഇത്തരം ലേസുകൾ ഇടയ്ക്കിടെ അഴിഞ്ഞുപോകുന്നുണ്ടെങ്കിൽ വീതിയുള്ള ഫ്ളാറ്റ് ലേസുകൾ പരീക്ഷിക്കാവുന്നതാണ്.
വീതിയുള്ള ലേസുകൾക്ക് കെട്ടിനുള്ളിൽ കൂടുതൽ പിടി ലഭിക്കാൻ സാധ്യതയുള്ളതിനാൽ കെട്ട് എളുപ്പത്തിൽ അയയാതിരിക്കാൻ ഇത് സഹായിക്കും.
- ലേസ് വൃത്തിയായി സൂക്ഷിക്കാൻ മറക്കരുത്
മഴയിലും ചെളിയിലും ഉപയോഗിക്കുന്ന ഷൂസിന്റെ ലേസിൽ അഴുക്കും ഈർപ്പവും അടിഞ്ഞുകൂടാം. ഇത് ലേസിന്റെ ഉപരിതലത്തെ ബാധിക്കുകയും കെട്ടിന്റെ പിടി കുറയ്ക്കുകയും ചെയ്യും.
അതിനാൽ ലേസ് അഴുക്കായാൽ കൃത്യമായി കഴുകി നന്നായി ഉണക്കിയ ശേഷം മാത്രം ഉപയോഗിക്കുക.
ഒരു നല്ല ഷൂ തിരഞ്ഞെടുക്കുന്നതുപോലെ തന്നെ അതിന്റെ ലേസും ശ്രദ്ധിക്കേണ്ടതാണ്.
ലേസ് ശരിയായ നീളത്തിലുള്ളതാണോ, ഷൂ പാദത്തിന് ശരിയായി ഫിറ്റ് ചെയ്യുന്നുണ്ടോ, കെട്ട് ശരിയായ രീതിയിലാണോ എന്നൊക്കെ നോക്കിയാൽ ഇടയ്ക്കിടെ കുനിഞ്ഞ് ലേസ് കെട്ടേണ്ട ബുദ്ധിമുട്ട് എളുപ്പത്തിൽ ഒഴിവാക്കാം!


