കൊച്ചി: മലയാളികൾക്ക് എന്നും നെഞ്ചേറ്റിയ എക്കാലത്തെയും മികച്ച പ്രണയചിത്രങ്ങളിൽ ഒന്നാണ് കമലിന്റെ സംവിധാനത്തിൽ 1997-ൽ പുറത്തിറങ്ങിയ ‘കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്’.
ചിത്രത്തിലെ മികച്ച കഥാപാത്രങ്ങൾക്കൊപ്പം തന്നെ മലയാളികളുടെ ചുണ്ടുകളിൽ ഇന്നും തങ്ങിനിൽക്കുന്ന ഒന്നാണ് ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനമായ “പിന്നെയും പിന്നെയും…”.
എന്നാൽ ഈ മാന്ത്രിക ഗാനത്തിന്റെ പിറവിയെക്കുറിച്ച് പലർക്കും അറിയാത്ത ചില കൗതുകകരമായ ഓർമകൾ പങ്കുവെക്കുകയാണ് സംവിധായകൻ കമൽ.
ചിത്രത്തിന്റെ സംഗീത സംവിധാന വേളയിലുണ്ടായ അനുഭവങ്ങൾ കമൽ ഓർത്തെടുക്കുന്നു:
“കമ്പോസിങ് നടക്കുന്ന സമയത്ത് ഞാനും വിദ്യാസാഗറും ഗിരീഷും (ഗിരീഷ് പുത്തഞ്ചേരി) ഒക്കെ ഇരിക്കുന്നു. സിറ്റുവേഷൻ പറഞ്ഞു കൊടുത്തപ്പോൾ വിദ്യാസാഗർ ഒരു ട്യൂണിട്ടു. എന്നാൽ എവിടെയോ കേട്ട് മറന്നതുപോലെ തോന്നിയതിനാൽ മറ്റൊന്ന് ചെയ്യാൻ ഞാൻ വിദ്യാസാഗറിനോട് ആവശ്യപ്പെട്ടു.
അദ്ദേഹം പലതും ട്രൈ ചെയ്തെങ്കിലും ഒന്നും ശരിയായി വന്നില്ല. എന്തെങ്കിലും ഒരു വരി തരൂ, അപ്പോൾ ട്യൂൺ ഉണ്ടാക്കാമെന്ന് വിദ്യാസാഗർ പറഞ്ഞപ്പോൾ, ഗിരീഷ് ‘ആരും കൊതിക്കുന്നൊരാള് വന്നുചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാണോ’ എന്ന് പെട്ടെന്ന് കുറിച്ചു. (എന്നാൽ പടത്തിലുള്ളത് ‘സ്വകാര്യം പറഞ്ഞതാവാം’ എന്നാണ്).”
തുടർന്ന് ആ വരികൾ വെച്ച് വിദ്യാസാഗർ പാട്ട് കമ്പോസ് ചെയ്യാൻ തുടങ്ങി. അതിനിടയിൽ ഗിരീഷ് “ഞാൻ ഇപ്പോൾ വരാം” എന്ന് പറഞ്ഞ് മുറിയിലേക്ക് പോയി.
വെറും 15 മിനിറ്റിനുള്ളിൽ അദ്ദേഹം തിരിച്ചുവന്ന്, ഇപ്പോൾ നമ്മൾ കേൾക്കുന്ന ഈ പാട്ട് മുഴുവൻ എഴുതി കമലിനെ കാണിക്കുകയായിരുന്നു.
“വായിച്ചപ്പോൾ തന്നെ എനിക്ക് ആ വരികൾ വളരെ ഇഷ്ടമായി. പക്ഷെ വിദ്യാസാഗർ അപ്പോഴേക്കും ഗിരീഷ് ആദ്യം എഴുതിയ വരികൾ വെച്ച് ട്യൂൺ ഉണ്ടാക്കാൻ തുടങ്ങിയിരുന്നു.
എന്തായാലും ഞങ്ങൾ ഈ പുതിയ വരികൾ അദ്ദേഹത്തിന്റെ കയ്യിൽ കൊടുത്തപ്പോൾ, ആ ട്യൂണുമായി ഈ വരികൾ കൃത്യമായി ഒത്തുപോകുകയായിരുന്നു. അതോടെ ആ മാന്ത്രിക ഗാനം പിറന്നു,” കമൽ പറയുന്നു.
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഈ ഗാനത്തിന് ആ വർഷത്തെ ഏറ്റവും മികച്ച ഗാനരചയിതാവിനുള്ള കേരള സർക്കാരിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഗിരീഷ് പുത്തഞ്ചേരിയെ തേടിയെത്തുകയും ചെയ്തു.
മലയാള സംഗീത ലോകത്ത് ഇന്നും സുവർണ്ണ ലിപികളാൽ എഴുതപ്പെട്ടിരിക്കുന്ന ആ ഓർമകൾ സിനിമാപ്രേമികൾക്കിടയിൽ വീണ്ടും നൊമ്പരവും കൗതുകവുമാവുകയാണ്.


