ന്യൂസിലാൻഡിനെതിരെയുള്ള രണ്ടാം ടി-൨൦യിൽ ഇന്ത്യക്ക് ആവേശ വിജയം സമ്മാനിച്ചതിന് പിന്നാലെ തന്റെ മികച്ച പ്രകടനത്തെക്കുറിച്ച് സംസാരിച്ച് തിലക് വർമ്മ. മത്സരത്തിന് മുമ്പ് കോച്ച് ഗൗതം ഗാംഭീർ, ബാറ്റിംഗ് കോച്ച് സിദാർത്ഥ് കോടാക് എന്നിവരോട് സംസാരിച്ചപ്പോഴാണ് തനിക്ക് ആത്മവിശ്വാസം ലഭിച്ചതെന്നാണ് തിലക് വർമ്മ പറഞ്ഞത്.
”എന്റെ കരുത്തിൽ എനിക്ക് തന്നെ അഭിമാനുമുണ്ട്. ക്രൈസ്റ്റ്ചർച്ചിലെ മൽസര സന്ദർഭം വിഷമകരമായിരുന്നു. 70 റൺസിനിടെ അഞ്ച് പേരെ നമുക്ക് നഷ്ടമായി. അവസാനം വരെ പൊരുതി ടീമിനെ വിജയിപ്പിക്കുകയായിരുന്നു എന്റെ ലക്ഷ്യം. തലേ ദിവസം കോച്ച് ഗൗതം ഗാംഭീർ സാറിനോടും ബാറ്റിംഗ് കോച്ച് സിദാർത്ഥ് കോടാക് സാറിനോടും സംസാരിച്ചപ്പോൾ അവരാണ് ആത്മവിശ്വാസം നൽകിയത്. അവസാനം വരെ പിടിച്ചുനിന്നാൽ വിജയിക്കാനാവുമെന്ന അവരുടെ വിശ്വാസമാണ് എനിക്ക് കാക്കാനായത്. എന്റെ് മികവിനെ അവരാണ് പ്രചോദിപ്പിച്ചത്” തിലക് വർമ്മ പറഞ്ഞു.
തിലക് വർമ്മയുടെ അർധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ ആവേശ വിജയം കൈപ്പിടിയിലാക്കാക്കിയത്. 26 പന്തുകളിൽ നിന്നും പുറത്താവാതെ 51 റൺസ് നേടിയാണ് തിലക് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ആറ് ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്.
തിലകിനൊപ്പം നമൻ ധിർ 17 പന്തിൽ 31 റൺസും നിതീഷ് കുമാർ റെഡ്ഢി 13 പന്തിൽ പുറത്താവാതെ 26 റൺസും നേടി ഇന്ത്യൻ വിജയത്തിൽ നിർണായകമായി.
ഇന്ത്യൻ ടോപ് ഓർഡർ ബാറ്റർമാർ നിരാശപ്പെടുത്തിയപ്പോൾ മിഡിൽ ഓർഡർ ഇന്ത്യയെ മത്സരത്തിൽ കരകയറ്റുകയായിരുന്നു.മത്സരത്തിൽ അഭിഷേക് 27 റൺസ് നേടിയപ്പോൾ മലയാളി താരം സഞ്ജു സാംസൺ 14 റൺസിനും പുറത്തായി.
ഇഷാൻ കിഷന് പകരം ടീമിലെത്തിയ യുവതാരം വൈഭവ് സൂര്യവംശി നാല് റൺസ് നേടിയപ്പോൾ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഏഴ് റൺസും നേടി. ഓൾ റൗണ്ടർ അക്സർ പട്ടേൽ 11 റൺസിനും മടങ്ങി.
ഹാഗ്ലി ഓവലിൽ നടന്ന മത്സരത്തിൽ നാല് വിക്കറ്റുകൾക്കാണ് ന്യൂസിലാൻഡിനെ ഇന്ത്യ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം ഇന്ത്യ ഒരു പന്തും നാല് വിക്കറ്റും ബാക്കിനിൽക്കെ മറികടന്നു. ഈ വിജയത്തോടെ 5 മൽസരങ്ങളുടെ പരമ്പരയിൽ 2-0ത്തിന് മുന്നിലെത്താനും ഇന്ത്യക്ക് സാധിച്ചു.


