പോർച്ചുഗൽ ദേശീയ ടീം ക്യാമ്പ് വിട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിലും സൗദി പ്രോ ലീഗിൽ അൽ നസറിനായി തകർപ്പൻ പ്രകടനം തുടർന്ന് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ.
അൽ ഫൈസാലിക്കെതിരായ മത്സരത്തിൽ ഗോൾ കണ്ടെത്തിയാണ് താരം വീണ്ടും വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്. കിങ് സൽമാൻ സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ തകർപ്പൻ വിജയമാണ് അൽ നസർ സ്വന്തമാക്കിയത്.
റൊണാൾഡോയ്ക്ക് പുറമെ അബ്ദുല്ല അൽ ഹംദാൻ, എയ്ഞ്ചലോ ഗബ്രിയേൽ എന്നിവരും അൽ നസറിനായി വലകുലുക്കി. എതിർ ടീമായ അൽ ഫൈസാലിക്കായി തിയോ ബോങ്കോണ്ട് ആണ് ആശ്വാസ ഗോൾ നേടിയത്.
ചരിത്രനേട്ടത്തിൽ റൊണാൾഡോ ഒന്നാമത്
ഈ മത്സരത്തിലെ ഗോളോടെ സൗദി ഫുട്ബോളിൽ പുതിയൊരു ചരിത്രമാണ് റൊണാൾഡോ കുറിച്ചിരിക്കുന്നത്.
സൗദി പ്രോ ലീഗിൽ 25 വ്യത്യസ്ത ക്ലബ്ബുകൾക്കെതിരെ ഗോൾ നേടുന്ന ആദ്യ താരമായി പോർച്ചുഗീസ് നായകൻ മാറി. മുൻ സൗദി അറേബ്യൻ താരം നാസർ അൽ ഷംറാനിയുടെ റെക്കോഡ് മറികടന്നാണ് റൊണാൾഡോ ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്.
അൽ വെഹ്ദ, അൽ ഫത്തേഹ്, ദമാക്, അൽ ഷബാബ്, അൽ ഒഖ്ദൂദ്, അൽ ഇത്തിഹാദ്, അൽ ഖലീജ്, അൽ റിയാദ്, അൽ തായ്, അൽ ഫെയ്ഹ, അൽ അഹ്ലി, അൽ റാഇദ്, അൽ ഹസെം, അൽ അബ്ഹ, അൽ ഇത്തിഫാഖ്, അൽ ഹിലാൽ,
അൽ നജ്മ, അൽ-താവൂൻ, അൽ ഖദീസിയ, അൽ ഖുലൂദ്, അൽ അദാല, അൽ ഒറോബ, നിയോം എസ്.സി, അൽ ദിരിയ, ഒടുവിൽ അൽ ഫൈസാലി എന്നിവർക്കെതിരെയാണ് റൊണാൾഡോയുടെ മാന്ത്രിക കാൽപ്പാടുകൾ പതിഞ്ഞത്.
1000 ഗോളുകൾക്കരികിലേക്ക്
ഈ ഗോളോടെ കരിയറിലെ ആകെ ഗോൾനേട്ടം 982 ആയി ഉയർത്താനും റൊണാൾഡോയ്ക്ക് സാധിച്ചു.
ഇനി വെറും 20 ഗോളുകൾ കൂടി നേടിയാൽ ഫുട്ബോൾ ചരിത്രത്തിൽ ആയിരം ഗോളുകൾ തികയ്ക്കുന്ന ആദ്യ താരമെന്ന സമാനതകളില്ലാത്ത നേട്ടത്തിലേക്ക് റൊണാൾഡോയ്ക്ക് എത്താം.
ക്ലബ്ബ് – രാജ്യാന്തര കരിയറിലുടനീളം താരം അടിച്ചുകൂട്ടിയ ഗോളുകളുടെ കണക്കുകൾ ഇങ്ങനെയാണ്:
റയൽ മാഡ്രിഡ് – 450 ഗോളുകൾ
പോർച്ചുഗൽ ദേശീയ ടീം – 146 ഗോളുകൾ
അൽ നസർ – 135 ഗോളുകൾ
മാഞ്ചസ്റ്റർ യുണൈറ്റഡ് – 145 ഗോളുകൾ
യുവന്റസ് – 101 ഗോളുകൾ
സ്പോർട്ടിങ് സി.പി – 5 ഗോളുകൾ
പ്രായത്തെ വെല്ലുന്ന ആവേശത്തോടെ ഗോൾവേട്ട തുടരുന്ന റൊണാൾഡോ ഫുട്ബോൾ ലോകത്ത് പുതിയ നാഴികക്കല്ലുകൾ പിന്നിട്ടുകൊണ്ട് മുന്നോട്ട് കുതിക്കുകയാണ്.


