സിംബാബ്വെക്കെതിരെയുള്ള അവസാന ടി-20യിൽ ഇന്ത്യക്ക് 92 റൺസിന്റെ വമ്പൻ ജയം. റായ്പൂരിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 216 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്വെ ഇന്നിംഗ്സ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 124 റൺസിൽ അവസാനിച്ചു.
ഇതോടെ പരമ്പര 3-0ത്തിന് ഇന്ത്യ തൂത്തുവാരി. ഹർമൻപ്രീത് കൗറിന് ശേഷം ഇന്ത്യയുടെ ക്യാപ്റ്റൻ കുപ്പായമണിഞ്ഞ സ്മൃതി മന്ദാനയുടെ കീഴിൽ ഇന്ത്യ വിജയിക്കുന്ന ആദ്യ പരമ്പരയാണിത്.
ഇന്ത്യൻ ബൗളിങ്ങിൽ നന്ദിനി ശർമ്മ മൂന്ന് വിക്കറ്റും ദീപ്തി ശർമ്മ, നിക്കി പ്രസാദ്, ക്രാന്തി ഗൗഡ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തിയപ്പോൾ സിംബാബ്വെ ഇന്നിംഗ്സ് 124 റൺസിൽ അവസാനിക്കുകയായിരുന്നു.

മുൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, ഓപ്പണർ ഷെഫാലി വർമ്മ എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗ് കരുത്തിലാണ് ഇന്ത്യ കൂറ്റൻ ടോട്ടൽ നേടിയത്. റായ്പൂരിലെ പോരാട്ടത്തിൽ ഹർമൻപ്രീത് കൗർ 41 പന്തിൽ പുറത്താവാതെ 91 റൺസ് നേടിയാണ് ഇന്ത്യക്ക് കൂറ്റൻ ടോട്ടൽ സമ്മാനിച്ചത്. 10 ഫോറുകളും 5 സിക്സുമാണ് താരം നേടിയത്.
9 റൺസിന് സെഞ്ച്വറി നഷ്ടമായെങ്കിലും റായ്പൂർ പഴയ ക്യാപ്റ്റന്റെ മാസ്മരിക ഇന്നിങ്സിനാണ് ആരാധകർ സാക്ഷ്യം വഹിച്ചത്.

ഷെഫാലി വർമ 37 പന്തുകളിൽ നിന്നും 69 റൺസാണ് അടിച്ചെടുത്തത്. 6 ഫോറുകളും 5 സിക്സുകളും അടങ്ങുന്നതാണ് ഇന്നിംഗ്സ്. പരമ്പരയിലെ രണ്ടാം മത്സരത്തിലും താരം അർധ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. അനുഷ്ക ബ്രിജ്മോഹൻ ശർമ്മ 28 റൺസും നേടി. ബാക്കിയുള്ള താരങ്ങൾക്കൊണ്ടന്നും രണ്ടക്കം കാണാനായില്ല.
സിംബാബ്വെ ബാറ്റിംഗ് നിരയിൽ ഷാർനെ മേയേഴ്സ് 60 റൺസും ബിലോവ്ഡ് ബിസ 44 റൺസ് നേടി പൊരുതി. ബൗളിംഗിൽ മൂന്ന് വിക്കറ്റും ബിസ സ്വന്തമാക്കി.


