വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരക്ക് പിന്നാലെ ഓൾ-ഫോർമാറ്റ് പരമ്പരകൾക്കായി ഇന്ത്യ ന്യൂസിലാൻഡിലേക്ക് പറക്കാൻ ഒരുങ്ങുകയാണ്. അഞ്ച് ടി-20 മത്സരങ്ങളും അഞ്ച് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളുമാണ് ഇന്ത്യ കിവികളുടെ മണ്ണിൽ കളിക്കുന്നത്.
ഒക്ടോബർ 22ന് ക്രൈസ്റ്റ് ചർച്ചിലാണ് ടി-20 പരമ്പരക്ക് തുടക്കമാവുന്നത്. മലയാളി സ്വന്തം ചേട്ടൻ സഞ്ജു സാംസണും ടീമിൽ ഇടം നേടിയിട്ടുണ്ട്.കരീബിയൻ പടക്കെതിരെ നടത്തിയ മിന്നും പ്രകടനം ന്യൂസിലാൻഡിലും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ചരിത്രനേട്ടത്തിനരികെ ചേട്ടൻ
ന്യൂസിലാൻഡിനെതിരെ തിളങ്ങിയാൽ ടി-20 ക്രിക്കറ്റിൽ ഒരു പുതിയ നാഴികക്കല്ല് സ്വന്തമാക്കാൻ സഞ്ജുവിന് സാധിക്കും.
കുട്ടിക്രിക്കറ്റിൽ 450 സിക്സുകൾ പൂർത്തിയാക്കാനുള്ള അവസരമാണ് താരത്തിന്റെ മുന്നിലുള്ളത്. ഇതുവരെ ടി-20യിൽ 439 സിക്സുകൾ നേടിയ സഞ്ജുവിന്, 11 തവണ കൂടി പന്ത് ഗാലറിയിലെത്തിച്ചാൽ ഈ അവിസ്മരണീയ നേട്ടത്തിലേക്ക് എത്തിച്ചേരാം.
ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ഇതിനുമുമ്പ് രണ്ട് താരങ്ങൾ മാത്രമാണ് ടി-20യിൽ 450 സിക്സുകൾ നേടിയിട്ടുള്ളത്. രോഹിത് ശർമയും വിരാട് കോഹ്ലിയുമാണ് ആ പ്രമുഖർ.
ഈ ഇതിഹാസങ്ങൾക്ക് പിന്നാലെ മൂന്നാമനായി സഞ്ജുവിനും തന്റെ പേര് ഈ റെക്കോർഡിൽ എഴുതിച്ചേർക്കാം.
ഇന്ത്യ, കേരളം, രാജസ്ഥാൻ റോയൽസ്, ഡൽഹി ഡെയർഡെവിൾസ്, ചെന്നൈ സൂപ്പർ കിങ്സ് തുടങ്ങിയ ടീമുകൾക്കായി സഞ്ജു ഇതിനോടകം ടി-20യിൽ കളത്തിലിറങ്ങിയിട്ടുണ്ട്.
വിൻഡീസിനെതിരായ അമ്പരപ്പിക്കുന്ന ഫോം
വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി-20 പരമ്പരയിൽ മികച്ച പ്രകടനമായിരുന്നു സഞ്ജു കാഴ്ചവെച്ചത്. പരമ്പരയിൽ രണ്ട് അർധസെഞ്ച്വറികൾ സഞ്ജുവിന്റെ ബാറ്റിൽ നിന്നും പിറന്നു.
റാഞ്ചിയിലെ മത്സരത്തിൽ 41 പന്തിൽ നിന്ന് 9 ഫോറും 4 സിക്സും അടക്കം 200.00 സ്ട്രൈക്ക് റേറ്റിൽ 82 റൺസാണ് താരം അടിച്ചെടുത്തത്.
ഹൈദരാബാദിലെ നാലാം ടി20 മത്സരത്തിൽ 23 പന്തിൽ നിന്ന് 4 സിക്സും 6 ഫോറും ഉൾപ്പെടെ 243.48 സ്ട്രൈക്ക് റേറ്റിൽ 56 റൺസ് നേടി സഞ്ജു കളംനിറഞ്ഞു.ഈ തകർപ്പൻ ഫോം കിവികൾക്കെതിരെയും സഞ്ജു തുടരുമെന്നാണ് ആരാധകരുടെ ഉറച്ച വിശ്വാസം.
ന്യൂസിലാൻഡ് പരമ്പരക്കുള്ള ഇന്ത്യൻ ടി-20 സ്ക്വാഡ്
ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), വൈഭവ് സൂര്യവംശി, തിലക് വർമ (വൈസ് ക്യാപ്റ്റൻ),
അക്സർ പട്ടേൽ, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, നമൻ ധിർ, മായങ്ക് യാദവ്, പ്രിൻസ് യാദവ്, അർഷ്ദീപ് സിങ്, ഭുവനേശ്വർ കുമാർ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്.
പരമ്പരയുടെ ഷെഡ്യൂൾ:
ആദ്യ മത്സരം: ഒക്ടോബർ 22 – ക്രൈസ്റ്റ് ചർച്ച്
രണ്ടാം മത്സരം: ഒക്ടോബർ 24 – ക്രൈസ്റ്റ് ചർച്ച്
മൂന്നാം മത്സരം: ഒക്ടോബർ 27 – വെല്ലിങ്ടൺ
നാലാം മത്സരം: ഒക്ടോബർ 30 – ഓക്ലാൻഡ്
അവസാന മത്സരം: നവംബർ 1 – ഹാമിൽടൺ


