ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഇതിഹാസങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും. ഇരുവരിലും ഏറ്റവും മികച്ച താരം ആരാണെന്നുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് അർജന്റീന ഇതിഹാസം എയ്ഞ്ചൽ ഡി മരിയ.
റൊണാൾഡോയെക്കാൾ മികച്ച താരം മെസ്സി ആണെന്നാണ് ഡി മരിയ അഭിപ്രായപ്പെട്ടത്. റൊണാൾഡോയെ മറികടന്നുകൊണ്ട് മെസ്സിയെ മികച്ച താരമായി കണക്കാക്കാനുള്ള കാരണങ്ങളും ഡി മരിയ വ്യക്തമാക്കി.
‘ഞാൻ എപ്പോഴും പറയുന്ന കാര്യം ഒന്നുതന്നെയാണ്. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ട് താരങ്ങളാണ് മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. എന്നാൽ ഇതുവരെ മെസ്സിയാണ് ഏറ്റവും മികച്ച താരമെന്ന് എനിക്ക് തോന്നുന്നു. എട്ട് ബാലൺ ഡി ഓർ പുരസ്കാരങ്ങൾ നേടിയത് കൊണ്ട് മാത്രമല്ല. അദ്ദേഹത്തിന്റെ കളി മികവ് തന്നെയാണ് കാരണം. ക്രിസ്റ്റ്യാനോ കഠിനാധ്വാനം ചെയ്താണ് ഇത്രയും വലിയ കളിക്കാരനായത്.
എന്നാൽ മെസ്സിക്ക് ജനിച്ചപ്പോൾ തന്നെ അതിശയകരമായ കഴിവുണ്ട്. അത് ദൈവം നൽകിയ സമ്മാനം പോലെയാണ്. മികച്ച താരമാകാൻ മെസ്സിക്ക് മറ്റുള്ളവരെ പോലെ അധികം കഷ്ടപ്പെടേണ്ടതില്ല. റൊണാൾഡോ മണിക്കൂറുകളോളം പരിശീലനം നടത്തി, ജിമ്മിൽ ഹാർഡ് വർക്ക് ചെയ്തു, തന്റെ ഗോൾ നേടാനുള്ള നേടാനുള്ള കഴിവ് മെച്ചപ്പെടുത്തി. എപ്പോഴും സ്വയം കൂടുതൽ മികച്ചവനാവാൻ അദ്ദേഹം ശ്രമിച്ചു.
എന്നാൽ മെസ്സി സുഹൃത്തുക്കളോടൊപ്പം കളിക്കുന്നത് പോലെ വളരെ എളുപ്പത്തിൽ ഫുട്ബോൾ കളിക്കുന്നു. അതാണ് ഇരുവരും തമ്മിലുള്ള വ്യത്യാസം. മെസ്സിക്ക് പകരം വെക്കാൻ മറ്റാരുമില്ല’ എയ്ഞ്ചൽ ഡി മരിയ ബോല വി.ഐ.പിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മെസ്സിക്കൊപ്പവും റൊണാൾഡോക്കൊപ്പവും കളിക്കളത്തിൽ ഒരുമിച്ചു കളിച്ച അപൂർവ്വം ചില താരങ്ങളിൽ ഒരാളാണ് ഡി മരിയ. റയൽ മാഡ്രിഡിൽ 166 മത്സരങ്ങളിലാണ് റൊണാൾഡോയും ഡി മരിയയും ഒരുമിച്ച് കളിച്ചത്. മെസിക്കൊപ്പം അർജന്റീന ദേശീയ ടീമിലും ഇരുവരും ഒരുമിച്ച് ബൂട്ട്കെട്ടി.


