കോഴിക്കോട്: രാജ്യത്തെ പതിമൂന്ന് കോടിയോളം വോട്ടർമാരെ വെട്ടിമാറ്റി ജനാധിപത്യത്തെ അട്ടിമറിക്കാൻ മോഡിഭരണകൂടത്തിന് ഒത്താശചെയ്തു നൽകിയ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് നടക്കുന്ന പ്രക്ഷോഭത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും പോരാളികൾക്ക് ആവേശം പകർന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് ‘ജന്തർ മന്തർ ‘ സമരത്തിന് നേതൃത്വം നൽകുമെന്ന് പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ ഫിറോസ് എം.എൽ.എ യും അറിയിച്ചു.
ഒക്ടോബർ 17,18 തിയ്യതികളിലായി 24 മണിക്കൂർ നീണ്ടു നിൽക്കുന്ന ജന്തർമന്തർ ഇന്ത്യയുടെ ജനാധിപത്യ സംരക്ഷണ സമരത്തിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള കേരളയുവതയുടെ പോരാട്ടമാകും. നിരവധി സമരങ്ങൾക്ക് സാക്ഷ്യം വഹിച്ച കടപ്പുറത്താണ് യൂത്ത് ലീഗ് ജന്തർമന്തർ സമരഭൂമി ഒരുക്കുന്നത്. 17 ന് വൈകിട്ട് 4 മണിക്ക് ആരംഭിച്ച് 18m വൈകിട്ട് 4മണിക്ക് സമാപിക്കുന്ന യൂത്ത് ലീഗ് സമരത്തിൽ മന്ത്രിമാർ, ലോക്സഭാ അംഗങ്ങൾ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ , സാമൂഹ്യ സാംസ്കാരിക പ്രമുഖർ, ഡൽഹിയിലെ സമര നേതാക്കൾ തുടങ്ങി പ്രമുഖർ പങ്കാളികളാകും.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ ഫിറോസ് എം.എൽ.എ യുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന പ്രവർത്തക സമിതി യോഗം ജന്തർമന്തർ സമരം വൻ വിജയമാക്കാൻ തീരുമാനിച്ചു. ട്രഷറർ പി ഇസ്മായിൽ സ്വാഗതം പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ മുജീബ് കാടേരി, അഷ്റഫ് എടനീർ, കെ.എ മാഹിൻ, സി.കെ മുഹമ്മദലി,
അഡ്വ. നസീർ കാര്യറ, ഗഫൂർ കോൽക്കളത്തിൽ, ടി.പി.എം ജിഷാൻ, ഫാത്തിമ തെഹ്ലിയ എം.എൽ.എ ചർച്ചയിൽ പങ്കെടുത്തു.


