അർജന്റീനക്ക് വേണ്ടി അവസാന മത്സരം കളിച്ചതിന് പിന്നാലെ ലയണൽ മെസിയെ പ്രശംസിച്ച് അത്ലറ്റികോ മാഡ്രിഡ് പരിശീലകൻ ഡീഗോ സിമിയോണി. എല്ലാ തടസ്സങ്ങളെയും അതിജീവിച്ചുകൊണ്ടാണ് മെസിയുടെ വളർച്ചയെന്നാണ് സിമിയോണി പ്രശംസിച്ചത്.
മെസിയും അദ്ദേഹത്തിന്റെ തകർക്കാൻ സാധിക്കാത്ത റെക്കോർഡുകളുമാണ് പ്രധാനപ്പെട്ട കാര്യം. ഒരു വ്യക്തിയെന്ന നിലയിലും കായിക താരം എന്ന നിലയിലും അദ്ദേഹത്തിനുണ്ടായ വളർച്ച എല്ലാ തടസ്സങ്ങളെയും അതിജീവിച്ചുകൊണ്ടാണ്. എല്ലായ്പോഴും ബഹുമാനത്തോടെയും മികച്ച പെരുമാറ്റത്തോടെയുമാണ് അദ്ദേഹം നിലകൊണ്ടത്. 20-25 വർഷത്തോളം ഇത്രയും മികച്ച രീതിയിൽ തുടരുകയെന്നത് പ്രയാസകരമാണ്. അദ്ദേഹം എത്ര വർഷത്തോളമായി കളിക്കുന്നുവെന്നത് പോലും എനിക്ക് വ്യക്തമായി അറിയില്ല’ ഡീഗോ സിമിയോണി മാധ്യമങ്ങളോട് പറഞ്ഞു.
ബ്യൂണസ് ഐറിസിലെ എസ്റ്റാഡിയോ മോണുമെന്റൽ സ്റ്റേഡിയത്തിൽ ബെനിനെതിരെയുള്ള സൗഹൃദ മത്സരത്തോടെയാണ് ഇരുപത് വർഷത്തിലധികം നീണ്ട ചരിത്രപരമായ അന്താരാഷ്ട്ര കരിയറിന് മെസ്സി വിരാമമിട്ടത്.

രാജ്യത്തിനായി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡും (207 മത്സരങ്ങൾ) എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനെന്ന നേട്ടവുമായാണ് (125 ഗോളുകൾ) മുപ്പത്തൊൻപതുകാരനായ മെസ്സി പടിയിറങ്ങുന്നത്.
2022-ൽ ഖത്തറിൽ അർജന്റീനയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചത് മെസ്സിയുടെ കരിയറിലെ ഏറ്റവും വലിയ തിളക്കമുള്ള ഏടാണ്. രാജ്യത്തിനായി 36 വർഷത്തെ ലോകകപ്പ് കാത്തിരിപ്പാണ് മെസ്സി അവസാനിപ്പിച്ചത്.
കൂടാതെ 2021, 2024 കോപ്പ അമേരിക്ക കിരീടങ്ങൾ, 2022 ഫൈനൽസിമ, 2005 ലോക യൂത്ത് ചാമ്പ്യൻഷിപ്പ്, 2008 ഒളിമ്പിക് സ്വർണ്ണ മെഡൽ എന്നിവയും അദ്ദേഹത്തിന്റെ ട്രോഫി കാബിനറ്റിനെ സമ്പന്നമാക്കുന്നു.
ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും പടിയിറങ്ങിയെങ്കിലും മെസ്സി ക്ലബ് ഫുട്ബോളിൽ ഇന്റർ മയാമിക്ക് വേണ്ടി കളിക്കുന്നത് തുടരും.


