വെസ്റ്റ് ഇൻഡീസിനെതിരെയുള്ള രണ്ടാം ടി-20യിൽ ഇന്ത്യ വലിയ ടോട്ടൽ സ്വന്തമാക്കിയിട്ടും വിൻഡീസിന് മുന്നിൽ വീണു. റാഞ്ചിയിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 249 റൺസ് വിജയലക്ഷ്യം വിൻഡീസ് അനായാസമായാണ് മറികടന്നത്.
ക്യാപ്റ്റൻ ഷായ് ഹോപ്പിന്റെ വെടിക്കെട്ട് സെഞ്ച്വറി കരുത്തിൽ വിൻഡീസ് വിജയം പിടിച്ചെടുത്തു. ടി-20യിൽ ഇന്ത്യക്കെതിരെയുള്ള വിൻഡീസിന്റെ എക്കാലത്തെയും ഉയർന്ന റൺ ചേസാണിത്.
മത്സരത്തിൽ ശക്തമായി തിരിച്ചുവരവ് നടത്തി മലയാളി താരം സഞ്ജു സാംസണും ശ്രദ്ധ നേടി. 41 പന്തുകളിൽ നിന്നും 82 റൺസാണ് മലയാളി താരം അടിച്ചെടുത്തത്. 9 ഫോറുകളും 4 കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിംഗ്സ്. വിൻഡീസ് ബൗളർമാരെ തലങ്ങും വിലങ്ങും അടിച്ചൊതുക്കിയാണ് സഞ്ജു റാഞ്ചിയെ കോരിത്തരിപ്പിച്ചത്. 18 റൺസകലെയാണ് സഞ്ജുവിന് ഇന്ത്യൻ ജേഴ്സിയിലെ നാലാം സെഞ്ച്വറി നഷ്ടമായത്.

റാഞ്ചിയിലെ പിച്ചിൽ ബാറ്റ് ചെയ്ത സാഹചര്യങ്ങളെക്കുറിച്ച് സഞ്ജു സംസാരിക്കുകയും ചെയ്തു. ഈ പിച്ചിൽ ബാറ്റ് ചെയ്യുന്നത് എളുപ്പമായിരുന്നില്ലെന്നാണ് സഞ്ജു വ്യക്തമാക്കിയത്. വിൻഡീസിന്റെ ബാറ്റിംഗ് കരുത്തിനെക്കുറിച്ചും സഞ്ജു സംസാരിച്ചു.
’41 പന്തിൽ 82 റൺസ്. ഈ പിച്ചിൽ അത് എളുപ്പമായിരുന്നില്ല. കാരണം പന്ത് പ്രതീക്ഷ ച്ചതിലും താഴ്ന്നാണ് വന്നിരുന്നത്. എന്റെ ഏരിയയിലേക്ക് വന്ന പന്തുകളെ പ്രഹരിച്ചിട്ടുണ്ട്. വലിയ സ്കോർ തന്നെയായിരുന്നു ലക്ഷ്യം. ഞാനൊരു പ്രൊഫഷണൽ ക്രിക്കറ്ററാണ്. രാജ്യത്തിനായാണ് കളിക്കുന്നത്. പ്രൊഫഷണലായി തന്നെ കളിക്കുക. നമ്മൾ ബാറ്റ് ചെയ്യുമ്പോൾ ടീം ജയിക്കുമോ എന്നറിയില്ല. പക്ഷേ ഓപ്പണർ എന്ന ജോ ലിയിൽ എന്റെ ചുമതല ടീമിന് അതിവേഗ തുടക്കം നൽകുകയാണ്. അതിന് കഴിഞ്ഞതിലാണ് സന്തോഷം. പക്ഷേ വിൻഡീസുകാർ മിന്നൽ ബാറ്റർമാരാണ്. അവരുടെ കരുത്ത് അപാരമാണ്’ സഞ്ജു സാംസൺ പറഞ്ഞു.
നിലവിൽ പരമ്പരയിൽ ഓരോ വിജയവുമായി 1-1 എന്ന നിലയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്.


