മലയാള സിനിമയിൽ ബാലതാരമായി എത്തി പിന്നീട് നായികയായും സഹനടിയായും പ്രേക്ഷകഹൃദയം കവർന്ന നടിയാണ് സോണിയ. മൂന്നാം വയസ്സിൽ ‘ഒരു നാടോടി’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന ബേബി സോണിയ, ബാലതാരമായിരിക്കെ തന്നെ ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.
പ്രിയദർശൻ സംവിധാനം ചെയ്ത ക്ലാസിക് ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ-റിലീസിന് ഒരുങ്ങുന്ന പശ്ചാത്തലത്തിൽ, മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ചിത്രത്തിലെ ഓർമ്മകളും മോഹൻലാലിനോടുള്ള ആരാധനയും താരം പങ്കുവെച്ചു. ചിത്രത്തിൽ ‘കുയിലി’ എന്ന ശ്രദ്ധേയമായ കഥാപാത്രത്തെയാണ് സോണിയ അവതരിപ്പിച്ചത്.
1984-ൽ പുറത്തിറങ്ങിയ ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ എന്ന എവർഗ്രീൻ ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരവും, 1987-ൽ ‘നൊമ്പരത്തിപ്പൂവ്’ എന്ന സിനിമയിലൂടെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും താരം നേടി.
“13-ാം വയസ്സു മുതൽ ലാലേട്ടൻ എന്റെ ക്രഷാണ്”
വീണ്ടും അഭിനയിക്കാൻ ആഗ്രഹമുള്ളത് മോഹൻലാലിന്റെ കൂടെയാണെന്ന് സോണിയ പറയുന്നു. “ഇനിയും അഭിനയിക്കണം എന്ന് ആഗ്രഹമുള്ളത് ലാലേട്ടന്റെ കൂടെ തന്നെയാണ്. 13-14 വയസ്സു മുതൽ വീട്ടിൽ എല്ലാവരോടും ‘ലാലേട്ടൻ ക്രഷ്’ എന്ന് പറയുമായിരുന്നു. എന്റെ സുഹൃത്തുക്കൾക്കും വീട്ടുകാർക്കുമെല്ലാം ആ കാര്യം അറിയാം.
ലാലേട്ടന്റെ കൂടെ അഭിനയിക്കാൻ പോകുമ്പോൾ ‘ഓ, ഇനി ലാലേട്ടനെ കാണാലോ’ എന്ന് പറഞ്ഞ് എല്ലാവരും കളിയാക്കുമായിരുന്നു. ഭയങ്കര എക്സൈറ്റഡ് ആയിട്ടാണ് ഷൂട്ടിന് പോകുന്നത്.
എന്നാൽ നേരിൽ കണ്ടുകഴിഞ്ഞാൽ ആരാധനയും പേടിയും കാരണം ഫ്രീസ് ആയി നിൽക്കും, സംസാരിക്കാൻ പോലും കഴിയില്ല.
‘മനു അങ്കിൾ’ അടക്കമുള്ള ചിത്രങ്ങളിൽ ബാലതാരമായി അഭിനയിക്കുമ്പോഴും ലാലേട്ടനെ കണ്ടാൽ ഇങ്ങനെ നോക്കിക്കൊണ്ടേ ഇരിക്കുമായിരുന്നു,” സോണിയ ഓർത്തെടുത്തു.
വരണ്ട ഭൂമിയെ കാവ്യഭംഗിയാക്കിയ കെ.വി. ആനന്ദിന്റെ മാജിക്
‘തേന്മാവിൻ കൊമ്പത്ത്’ സിനിമയിലെ ഓരോ നിമിഷവും മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നുണ്ടെന്ന് താരം പറഞ്ഞു.
ബാലതാരത്തിൽ നിന്ന് വലിയ നടിയായി മാറിയ ശേഷമുള്ള തന്റെ തുടക്കകാല ചിത്രങ്ങളിൽ ഒന്നായിരുന്നു അതെന്നും, വലിയ സ്റ്റാർ അല്ലാതിരുന്നതിനാൽ പേടിയോടെയാണ് അഭിനയിച്ചതെന്നും സോണിയ വ്യക്തമാക്കി.
ഷൂട്ടിംഗ് വേളയിൽ സാധാരണമായി തോന്നിയ സ്ഥലങ്ങൾ സ്ക്രീനിൽ കണ്ടപ്പോൾ അത്ഭുതപ്പെട്ടുപോയ അനുഭവവും നടി പങ്കുവെച്ചു:
“ചെന്നൈയിൽ വെച്ചായിരുന്നു സിനിമയുടെ പ്രീവ്യൂ. വയലിന്റെ പശ്ചാത്തലത്തിലുള്ള എന്റെ രംഗങ്ങളൊക്കെ സ്ക്രീനിൽ കണ്ടപ്പോൾ ഞങ്ങളെല്ലാം തിയേറ്ററിൽ കൈയടിച്ചു.
ഷൂട്ട് ചെയ്യുമ്പോൾ ഡ്രൈ ആയിട്ടുള്ള, ഒട്ടും ഭംഗിയില്ലാത്ത സ്ഥലമായിരുന്നു അത്. എന്നാൽ ക്യാമറാമാൻ കെ.വി. ആനന്ദ് സർ തന്റെ ക്യാമറ കൊണ്ട് ആ ദൃശ്യങ്ങളെ അതിമനോഹരമായാണ് സ്ക്രീനിൽ അവതരിപ്പിച്ചത്,” താരം കൂട്ടിച്ചേർത്തു.


