പാലക്കാട്: സിപിഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെയുള്ള ഗുരുതരമായ ആരോപണങ്ങളിലും പാർട്ടിയിലെ അനാചാരങ്ങളിലും അമർഷം രേഖപ്പെടുത്തി കോൺഗ്രസ് പ്രവർത്തകർ.
പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിലും പൊതുനിരത്തിലും കോഴികളെ പറത്തിക്കൊണ്ട് കോൺഗ്രസ് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചു. പാർട്ടി ഓഫീസിനുള്ളിൽ വരെ യുവതികളോട് മോശമായി പെരുമാറുകയും ഗുരുതര പെരുമാറ്റദൂഷ്യം കാണിക്കുകയും ചെയ്ത നേതാവിനെ സംരക്ഷിക്കാൻ സിപിഎം സംസ്ഥാന നേതൃത്വം അടിയന്തര നാടകം കളിക്കുകയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
കുറ്റാരോപിതനായ നേതാവിനെതിരെ പൊലീസിൽ പരാതി നൽകാതെ വിഷയം ഒതുക്കിതീർക്കാൻ സിപിഎം നേതൃത്വം ശ്രമിക്കുന്നത് കുറ്റവാളികളെ സംരക്ഷിക്കുന്ന പാർട്ടിയുടെ പതിവ് രീതിയാണെന്ന് കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി. സിപിഎം എന്ന പാർട്ടിയിൽ അധഃപതനവും അഹങ്കാരവും മാത്രമാണ് ബാക്കിയുള്ളതെന്നും, ഭരണം ഉപയോഗിച്ച് കേസ് അട്ടിമറിക്കാനുള്ള നീക്കം ജനങ്ങൾ തിരിച്ചറിയുമെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി.
സുരേഷ്ബാബുവിനെതിരെ മുമ്പും സമാന പരാതികൾ
ജോലി വാഗ്ദാനം ചെയ്ത് യുവതിയോട് മോശമായി പെരുമാറിയെന്ന പരാതി മുൻപ് ഒതുക്കി തീർത്തെന്നാണ് വിവരം. പാലക്കാട് പാർട്ടി ഓഫീസിന്റെ നവീകരണം ഉൾപ്പെടെ പല അഴിമതി ആരോപണങ്ങളും ഇതിനകം തന്നെ സുരേഷ് ബാബുവിനെതിരെ ഉയർന്നു വന്നിട്ടുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ കൂടിയാണ് സ്ഥാന ചലനം ഉണ്ടായിട്ടുള്ളത്.
സുരേഷ് ബാബുവിനെ മലപ്പുറത്തേക്ക് നേരിട്ട് വിളിച്ചു വരുത്തി പരാതി വായിച്ചു കേൾപ്പിക്കുകയായിരുന്നു. സുരേഷ് ബാബുവിനോട് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ടു. എന്നാൽ യുവതിയുടെ പരാതിയുടെ പേരിൽ മാറ്റിയെന്ന് പുറത്തു വരരുതെന്ന് സുരേഷ് ബാബു ആവശ്യപ്പെട്ടെന്നാണ് വിവരം.
അതേസമയം ഇ എൻ സുരേഷ് ബാബുവിനെ മാറ്റിയത് പാർട്ടി നടപടിയുടെ ഭാഗമായെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി ശിവൻകുട്ടി സ്ഥിരീകരിച്ചു. പാർട്ടിയിൽ നവീകരണ നടപടിയുടെ ഭാഗമായാണ് ജില്ലാ സെക്രട്ടറിയെ മാറ്റിയതെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം.


