ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ മുസ്ലിം ലീഗ് യുവജന സംഘടനകളുടെ ശക്തമായ പ്രതിഷേധം. പാർലമെന്റ് മാർച്ചിനിടെ പ്രക്ഷോഭം സംഘടിപ്പിച്ച ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഐ.യു.എം.എൽ) ദേശീയ നേതൃത്വത്തെയും പ്രവർത്തകരെയും ഡൽഹി പോലീസ് അറസ്റ്റ് ചെയ്തുനീക്കി.
യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ഷിബു മീരാൻ, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി. അഹമ്മദ് സാജു എന്നിവരുൾപ്പെടെയുള്ള പ്രമുഖ നേതാക്കളാണ് പോലീസിന്റെ കസ്റ്റഡിയിലായത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ പക്ഷപാതപരമെന്ന് ആരോപിച്ച് സംഘടിപ്പിച്ച മാർച്ചിനിടെയാണ് നേതാക്കളെ അറസ്റ്റ് ചെയ്തതും.
രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രക്രിയകളുടെ സുതാര്യത ഉറപ്പാക്കുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പരാജയപ്പെട്ടു,അതിനാൽ കമ്മീഷണർ സ്ഥാനത്ത് തുടരാൻ ഗ്യാനേഷ് കുമാർ യോഗ്യനല്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. അറസ്റ്റ് ചെയ്ത നേതാക്കളെയും പ്രവർത്തകരെയും പിന്നീട് അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയെങ്കിലും പ്രവർത്തകർ സ്റ്റേഷന് അകത്തും പ്രതിഷേധം തുടരുകയാണ്.


