യുവേഫ നേഷൻസ് ലീഗിൽ ഡെൻമാർക്കിനെതിരായ പോർച്ചുഗൽ വമ്പൻ വിജയം സ്വന്തമാക്കി. ക്രിസ്റ്റ്യാനോ റൊണാൾഡോ ദേശീയ ക്യാമ്പ് വിട്ടതിന് ശേഷം പോർച്ചുഗൽ കളത്തിലിറങ്ങിയ 4-2ന്റെ ഉജ്ജ്വല വിജയമാണ് സ്വന്തമാക്കിയത്.
മത്സരത്തിൽ റൊണാൾഡോയുടെ ഐക്കോണിക് ജേഴ്സി നമ്പർ ഏഴ് അണിഞ്ഞത് റാഫേൽ ലിയാവോ ആയിരുന്നു. മത്സരശേഷം റൊണാൾഡോയുടെ ജേഴ്സി നമ്പർ ലഭിച്ചതിന്റെ സന്തോഷം താരം പങ്കുവെച്ചു. ഏഴാം നമ്പർ ഇഷ്ടപ്പെടാൻ റൊണാൾഡോ മാത്രമല്ല മറ്റൊരു കാരണം കൂടിയുണ്ടെന്ന് താരം വെളിപ്പെടുത്തി.
‘ഏഴാം നമ്പർ ജേഴ്സിയോട് എനിക്ക് പ്രത്യേക ഇഷ്ടമുണ്ട്. അതിന്റെ കാരണം ചെറുപ്പം മുതലേ ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു എന്റെ ആരാധനാപാത്രം. എന്റെ മക്കൾ ജനിച്ചതും ഏഴാം തീയതിയിലാണ്. അതിനാൽ എനിക്ക് വളരെ സന്തോഷമുണ്ട്. ഈ ജേഴ്സിയോടും നമ്പറിനോടും പരമാവധി നീതി പുലർത്താൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. പോർച്ചുഗലിന്റെ വിജയത്തിൽ ഞാൻ വളരെയധികം സന്തോഷവാനാണ്’ റാഫേൽ മത്സരശേഷം മാധ്യമങ്ങളോട് പറഞ്ഞു.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ജോവോ കാൻസലോയും ഗൊൺസാലോ റാമോസും പോർച്ചുഗലിനായി ലക്ഷ്യം കണ്ടു.എന്നാൽ മിക്കൽ ഡാംസ്ഗാർഡിലൂടെയും റാസ്മസ് ഹോജ്ലണ്ടിലൂടെയും ഡെൻമാർക്ക് മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തി. സമനില കുരുക്കിലകപ്പെടുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ബ്രൂണോ ഫെർണാണ്ടസിന്റെ പാസിൽ നിന്ന് വിറ്റിൻഹ ഹെഡ്ഡറിലൂടെ പോർച്ചുഗലിനെ വീണ്ടും മുന്നിലെത്തിച്ചത്.
തുടർന്ന് മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ജോവോ ഫെലിക്സ് കൂടി ഗോൾ പട്ടിക പൂർത്തിയാക്കിയതോടെ പറങ്കിപ്പടയുടെ വിജയം ഉറപ്പായി.
അതേസമയം ആദ്യ ഇലവനിൽ അവസരം നൽകില്ലെന്ന് മുഖ്യ പരിശീലകൻ ജോർജ് ജീസസ് വ്യക്തമാക്കിയതിനെ തുടർന്നാണ് റൊണാൾഡോ പരിശീലന ക്യാമ്പ് വിട്ടു മടങ്ങിയത്.
കോപ്പൻഹേഗനിലെ പാർക്കൻ സ്റ്റേഡിയത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ, വരാനിരിക്കുന്ന മത്സരത്തിൽ 41-കാരനായ റൊണാൾഡോയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തില്ലെന്നും ആവശ്യമായി വന്നാൽ മാത്രം സബ്സ്റ്റിറ്റ്യൂട്ടായി ഇറക്കുമെന്നും ജീസസ് മാധ്യമങ്ങളോട് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം ടീം വിടാൻ തീരുമാനിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ഓസ്ലോയിൽ നോർവേയ്ക്കെതിരെ പോർച്ചുഗൽ 2-1 ന് വിജയിച്ച മത്സരത്തിൽ റൊണാൾഡോയ്ക്ക് കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. സബ്സ്റ്റിറ്റ്യൂട്ട് ബെഞ്ചിലായിരുന്ന താരം മത്സരശേഷം ആരാധകരെ അഭിവാദ്യം ചെയ്യാതെ നേരിട്ട് ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയത് വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് പരിശീലകനുമായുള്ള ഭിന്നത രൂക്ഷമായത്.


