അന്താരാഷ്ട്ര ക്രിക്കറ്റിൽ പുതിയ കളി സാഹചര്യങ്ങളും നിയമ ഭേദഗതികളും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). സമയം പാഴാക്കുന്നത് തടയുക, പന്തുകളുടെ നിലവാരം ഏകീകരിക്കുക, ഫീൽഡിങ്ങിലെ അവ്യക്തതകൾ ഒഴിവാക്കുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.
ഒക്ടോബർ ഒന്നിനോ അതിനുശേഷമോ ആരംഭിക്കുന്ന എല്ലാ അന്താരാഷ്ട്ര പരമ്പരകൾക്കും ഈ പുതിയ നിയമങ്ങൾ ബാധകമാകും.
ഐസിസി പുരുഷ ക്രിക്കറ്റ് കമ്മിറ്റി ചെയർമാൻ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലാണ് ആധുനിക ക്രിക്കറ്റിന്റെ ആവശ്യങ്ങൾക്കനുസൃതമായി ഈ മാറ്റങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്. പ്രധാന മാറ്റങ്ങളുടെ വിശദാംശങ്ങൾ താഴെ പറയുന്നവയാണ്:
- സമയം പാഴാക്കുന്ന ബാറ്റർമാർക്ക് പിഴ
കളിയുടെ വേഗത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ബാറ്റിങ് സമയക്രമത്തിൽ കർശന നിയമം കൊണ്ടുവന്നു. നിശ്ചിത സമയത്തിനകം പന്ത് നേരിടാൻ ബാറ്റർ തയ്യാറായില്ലെങ്കിൽ ആദ്യ തവണ മുന്നറിയിപ്പ് നൽകും.
രണ്ടാം തവണയും ആവർത്തിച്ചാൽ അന്തിമ മുന്നറിയിപ്പും, മൂന്നാമതും അതിനുശേഷവും നിയമം ലംഘിച്ചാൽ ഫീൽഡിങ് ടീമിന് അഞ്ച് പെനാൽറ്റി റൺസ് ലഭിക്കുന്നതുമാണ്.
- വനിതാ ക്രിക്കറ്റ് പന്തുകളിൽ മാറ്റം
പുരുഷന്മാർ, സ്ത്രീകൾ, ജൂനിയർ ക്രിക്കറ്റ് എന്നിവയ്ക്കായി ഒരൊറ്റ പന്ത് ഉപയോഗിക്കുന്ന രീതിക്ക് മാറ്റം വരുന്നു.വനിതാ, ജൂനിയർ ക്രിക്കറ്റുകൾക്കായി പ്രത്യേക വലുപ്പത്തിലും ഭാരത്തിലുമുള്ള മൂന്ന് വ്യത്യസ്ത മാനദണ്ഡങ്ങളാണ് പുതിയ ചട്ടപ്രകാരം ഏർപ്പെടുത്തിയിരിക്കുന്നത്. - ഓവർത്രോ, ബോൾ സെറ്റിൽഡ് നിയമങ്ങളിലെ വ്യക്തത
ഓവർത്രോ:
പന്ത് സ്റ്റമ്പിലേക്ക് തിരിച്ചുവിട്ട് റൺസ് തടയുന്നതിനോ റൺഔട്ട് ഉണ്ടാക്കുന്നതിനോ ഉള്ള ശ്രമത്തെ മാത്രമാണ് ഇനിമുതൽ ‘ഓവർത്രോ’ ആയി കണക്കാക്കുക. മിസ്ഫീൽഡ് ചെയ്യുന്നവയെ ഇതിൽ ഉൾപ്പെടുത്തില്ല.
ബോൾ സെറ്റിൽഡ്:
ഒരു പന്ത് പൂർണ്ണമായും സെറ്റിൽഡ് ആയി എന്ന് വിധിക്കാൻ അമ്പയർമാർക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. പന്ത് ബൗളറുടെയോ വിക്കറ്റ് കീപ്പറുടെയോ കൈകളിൽ തന്നെ വേണമെന്നില്ല.
പന്തിന്റെ നിയന്ത്രണം:
റൺ-ഔട്ടോ സ്റ്റംപിങ്ങോ വിളിക്കണമെങ്കിൽ ഫീൽഡർക്ക് പന്തിന്റെ പൂർണ്ണ നിയന്ത്രണം ഉണ്ടായിരിക്കണം. സ്റ്റമ്പുകൾ തകർക്കുമ്പോൾ കൈകൊണ്ട് പന്തിൽ സ്പർശിച്ചതുകൊണ്ട് മാത്രം അത് ഔട്ടാകില്ല.
- ടെസ്റ്റ് ക്രിക്കറ്റിലെ പ്രത്യേക മാറ്റങ്ങൾ
പിങ്ക് ബോൾ ഉപയോഗം: പകൽ സമയത്തെ ടെസ്റ്റ് മത്സരങ്ങളിൽ വെളിച്ചക്കുറവ് മൂലം നഷ്ടപ്പെടുന്ന സമയം ഒഴിവാക്കാൻ ടീമുകളുടെ പരസ്പര ധാരണയോടെ പിങ്ക് പന്തുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാം. മത്സരം തുടങ്ങുന്നതിന് മുമ്പ് തന്നെ ഇക്കാര്യത്തിൽ തീരുമാനമാകണം.
ദിവസത്തെ അവസാന ഓവർ:
ദിവസത്തിലെ അവസാന ഓവറിൽ വിക്കറ്റ് വീണാലും കളി ഉടൻ അവസാനിക്കില്ല. സമയം ലാഭിക്കുന്നതിന്റെ ഭാഗമായി ബാക്കി പന്തുകൾ അടുത്ത ദിവസത്തേക്ക് മാറ്റിവെക്കാതെ അന്നത്തെ ഓവർ പൂർത്തിയാക്കും.
- ഏകദിന – ടി20 സ്പെഷ്യൽ മാറ്റങ്ങൾ
വൈഡ് ബോൾ നിയമം:
ഏകദിനങ്ങളിലും ടി20കളിലും പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ പുതിയ വൈഡ് ബോൾ നിയമം സ്ഥിരമാക്കി. ഡെലിവറി പോയിന്റിൽ ബാറ്റർമാരുടെ കാൽപ്പാടുകൾ റഫറൻസ് പോയിന്റായി കണക്കാക്കിയാകും ഇനി വൈഡ് നിർണ്ണയിക്കുക.
ഇന്നിംഗ്സ് ഇടവേള:
ടി20 ക്രിക്കറ്റിൽ 15 മിനിറ്റ് ഇന്നിംഗ്സ് ഇടവേള നിർബന്ധമാക്കി. സമയം നഷ്ടപ്പെടുന്ന സാഹചര്യങ്ങളിൽ ഇത് 10 മിനിറ്റായി കുറയ്ക്കാം.
ഡ്രിങ്ക്സ് ബ്രേക്ക്:
ഏകദിനങ്ങളിലും ടി20കളിലും ഇനിമുതൽ പാനീയ ഇടവേളകളിൽ മുഖ്യ പരിശീലകനോ നിയുക്ത വ്യക്തിക്കോ കളിക്കളത്തിൽ പ്രവേശിക്കാൻ അനുവാദമുണ്ട്.
ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള പരമ്പര മുതൽ ഈ പുതിയ നിയമങ്ങൾ ഔദ്യോഗികമായി നിലവിൽ വന്നിട്ടുണ്ട്. കളിയുടെ ആവേശം ചോർന്നുപോകാതെ കൂടുതൽ സുതാര്യമാക്കാൻ ഈ മാറ്റങ്ങൾ സഹായിക്കുമെന്നാണ് ഐസിസിയുടെ വിലയിരുത്തൽ.


