പോങ്ങ്യാങ്: ആഡംബര ഭക്ഷണങ്ങളോടുള്ള പ്രിയവും കടുത്ത അമിതവണ്ണവും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യത്തിന് വലിയ വെല്ലുവിളിയാകുന്നു. നിലവിൽ ഏകദേശം 140 കിലോ ഭാരമുള്ള കിമ്മിന് ഹൃദ്രോഗ സാധ്യത വളരെ കൂടുതലാണെന്നാണ് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസിയുടെ പുതിയ വെളിപ്പെടുത്തൽ.
ആണവശക്തിയായ ഉത്തരകൊറിയയുടെ പരമോന്നത നേതാവിന്റെ ആരോഗ്യനില മോശമായാൽ, രാജ്യം ആരുടെ കൈകളിൽ എത്തും എന്നതിനെക്കുറിച്ചുള്ള അന്താരാഷ്ട്ര ചർച്ചകളും ഇതിനോടൊപ്പം സജീവമായിട്ടുണ്ട്.
ദക്ഷിണ കൊറിയൻ നാഷണൽ ഇന്റലിജൻസ് സർവീസിന്റെ (NIS) റിപ്പോർട്ടുകൾ ഉദ്ധരിച്ച് പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം കിം കടുത്ത അമിതവണ്ണമുള്ളവരുടെ ഗണത്തിലാണ് ഉൾപ്പെടുന്നത്.
ഹൃദയധമനീ രോഗങ്ങൾക്ക് വലിയ സാധ്യതയുണ്ടെങ്കിലും, ചെറിയ തോതിലുള്ള കായിക പ്രവർത്തനങ്ങൾ ചെയ്യാൻ നിലവിൽ പ്രയാസങ്ങളൊന്നുമില്ലെന്നാണ് വിലയിരുത്തൽ. എങ്കിലും, പ്രത്യേക വൈദ്യസംഘത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണ് അദ്ദേഹത്തിന്റെ കാര്യങ്ങൾ മുന്നോട്ടുപോകുന്നത്.
കുടുംബ പാരമ്പര്യവും ആരോഗ്യപ്രശ്നങ്ങളും
കിമ്മിന്റെ പിതാവ് കിം ജോങ് ഇല്ലും മുത്തശ്ശൻ കിം ഇൽ സുങും അമിതവണ്ണവും കടുത്ത പുകവലി ശീലവുമുള്ളവരായിരുന്നു. ഇരുവരും ഹൃദയാഘാതത്തെത്തുടർന്നാണ് അന്തരിച്ചത്. അതിനാൽ കുടുംബപരമായുള്ള ആരോഗ്യപ്രശ്നങ്ങൾ കിമ്മിനെയും ഗുരുതരമായി ബാധിക്കാമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടൽ.
രാജ്യത്ത് രൂക്ഷമായ ഭക്ഷ്യക്ഷാമം നിലനിൽക്കുമ്പോഴും, ലൊബ്സ്റ്റർ, സ്റ്റീക്ക്, കാവിയാർ തുടങ്ങിയ ആഡംബര വിഭവങ്ങളാണ് കിം സ്ഥിരമായി കഴിക്കുന്നത്.
പിൻഗാമിയായി 13-കാരിയായ മകൾ?
കിമ്മിന്റെ ആരോഗ്യനില ആശങ്കാജനകമായ പശ്ചാത്തലത്തിൽ, അദ്ദേഹത്തിന്റെ മകൾ ഉത്തരകൊറിയയുടെ ഭാവി ഭരണാധികാരിയായി വരാൻ സാധ്യതയുണ്ടെന്നാണ് ദക്ഷിണ കൊറിയൻ ഇന്റലിജൻസ് ഏജൻസിയുടെ വിലയിരുത്തൽ. ഏകദേശം 13 വയസ്സ് പ്രായമുള്ള കിം ജൂ-ആയ്, അടുത്തിടെയായി ആയുധ പരീക്ഷണങ്ങളിലും സൈനിക പരേഡുകളിലും പിതാവിനൊപ്പം സജീവമായി പങ്കെടുക്കുന്നുണ്ട്.
സർക്കാർ മാധ്യമങ്ങൾ പോലും അവളെ ‘ഏറ്റവും പ്രിയപ്പെട്ട’ കുട്ടി എന്നാണ് വിശേഷിപ്പിക്കുന്നത്. കിമ്മിന് ഒരു മകനുണ്ടോ എന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും, ഉണ്ടെങ്കിൽത്തന്നെ അവൻ പിൻഗാമിയാകാനുള്ള സാധ്യത വളരെ കുറവാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


