ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വളർന്നുവരുന്ന താരങ്ങളെ തിരിച്ചറിയുന്ന അഭിമാനകരമായ ‘ടൈം100 നെക്സ്റ്റ്’ (TIME100 Next) പട്ടികയിൽ പതിനഞ്ചുകാരനായ ഇന്ത്യൻ ക്രിക്കറ്റ് സെൻസേഷൻ വൈഭവ് സൂര്യവംശി ഇടം നേടി.
കായികം, വിനോദം, രാഷ്ട്രീയം, ബിസിനസ്സ് തുടങ്ങിയ വിവിധ മേഖലകളിൽ ലോകത്തെ സ്വാധീനിക്കുന്ന 100 ഉയർന്നുവരുന്ന പ്രതിഭകളാണ് ഈ പട്ടികയിലുള്ളത്.
ഈ വർഷത്തെ പട്ടികയിൽ ഇടംനേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും കായിക ലോകത്തുനിന്ന് നാമനിർദ്ദേശം ചെയ്യപ്പെട്ട ചുരുക്കം ചില അത്ലറ്റുകളിൽ ഒരാളുമാണ് വൈഭവ് സൂര്യവംശി.
അമേരിക്കൻ ഫുട്ബോൾ താരം ആർച്ച് മാനിംഗ്, എൻ.ബി.എ താരം ടൈറീസ് മാക്സി, ഫുട്ബോൾ താരങ്ങളായ നവോമി ഗിർമ, ഫോളാരിൻ ബലോഗൺ, ടെന്നീസ് താരം അലക്സാണ്ട്ര ഈല, ബാസ്കറ്റ്ബോൾ താരം ഒലിവിയ മൈൽസ് തുടങ്ങിയവരാണ് ഈ നേട്ടത്തിൽ സൂര്യവംശിക്കൊപ്പം ഇടംപിടിച്ച മറ്റ് പ്രമുഖ കായികതാരങ്ങൾ.
റെക്കോർഡുകളുടെ തോഴൻ
കരിയറിന്റെ തുടക്കത്തിൽ തന്നെ നിരവധി ചരിത്രനേട്ടങ്ങളാണ് ഈ പതിനഞ്ചുകാരൻ സ്വന്തമാക്കിയത്. 2024-ൽ, തന്റെ 13-ാം വയസ്സിൽ ഐപിഎൽ ലേലത്തിൽ രാജസ്ഥാൻ റോയൽസിലൂടെ ടീമിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി സൂര്യവംശി മാറിയിരുന്നു.
തുടർന്ന് ഇന്ത്യൻ പ്രീമിയർ ലീഗിലും അന്താരാഷ്ട്ര ക്രിക്കറ്റിലും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച താരം, ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി.
“ഈ വർഷത്തെ പട്ടികയിലുള്ളവർ അതിരുകൾ ഭേദിക്കുകയും, പുതിയ സാധ്യതകൾ സൃഷ്ടിക്കുകയും, ലോകമെമ്പാടുമുള്ള അവരുടെ മേഖലകളെയും സമൂഹങ്ങളെയും മുന്നോട്ട് നയിക്കുകയും ചെയ്യുന്നവരാണ്,” ടൈം സി.ഇ.ഒ ജെസീക്ക സിബ്ലി വ്യക്തമാക്കി.
ബ്രിട്ടീഷ് ഗായകനും ഗാനരചയിതാവുമായ റായേ അടക്കമുള്ള പ്രമുഖർക്കൊപ്പം ഇടംനേടിയ വൈഭവ് സൂര്യവംശി, ലോക വേദികളിൽ ഇന്ത്യയുടെ അഭിമാനമായി മാറിക്കൊണ്ടിരിക്കുകയാണ്.
ഒക്ടോബർ 29-ന് ന്യൂയോർക്കിൽ നടക്കുന്ന വാർഷിക ടൈം100 നെക്സ്റ്റ് പരിപാടിയിൽ ഈ പ്രതിഭകളെ ആദരിക്കും.


