വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടി തിളങ്ങിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ഹനുമ വിഹാരി. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ ഏകദിനത്തിൽ സെഞ്ച്വറി നേടിയെങ്കിലും വിരാട് കോലിയുടെ സെഞ്ച്വറിയിൽ ആരും അത് ശ്രദ്ധിക്കപ്പെട്ടില്ലെന്നും എന്നാൽ രണ്ടാം ഏകദിനത്തിൽ നേടിയ ഡബിൾ സെഞ്ച്വറി മികച്ചതായിരുന്നുവെന്നുമാണ് മുൻ ഇന്ത്യൻ താരം പ്രശംസിച്ചത്.
‘ആദ്യ മത്സരത്തിൽ ശുഭ്മാൻ ഗിൽ സെഞ്ച്വറി നേടിയെങ്കിലും കോലിയുടെ പ്രകടനം കാരണം അത് അധികം ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ ഈ മത്സരത്തിൽ ഗിൽ ആക്രമണാത്മകമായി കളിച്ചു. സെഞ്ച്വറി നേടിയതിന് ശേഷവും അദ്ദേഹം മികച്ച പ്രകടനം തുടർന്നു. ഒരു ക്യാപ്റ്റന്റെ മികവോടെയാണ് അദ്ദേഹം കളിച്ചത്. അദ്ദേഹത്തിന് വലിയ ഭാവിയുണ്ട്.
പ്രത്യേകിച്ച് വൈറ്റ് ബോൾ ക്രിക്കറ്റിൽ അദ്ദേഹത്തിന്റെ ബാറ്റിംഗ് ശൈലി വളരെ മികച്ചതാണ്. ലൈനിലൂടെ ഷോട്ടുകൾ കളിക്കാനും പന്ത് നന്നായി പഞ്ച് ചെയ്യാനും മികച്ച രീതിയിൽ സ്പിന്നർമാരെ നേരിടാനും അദ്ദേഹത്തിന് കഴിവുകളുണ്ട്. അദ്ദേഹം ഒരു അസാധാരണ താരമാണ്. 406 റൺസ് പിന്തുടരുന്നതിനിടയിൽ ഇരട്ട സെഞ്ച്വറി നേടിയത് അദ്ദേഹത്തിന്റെ വളരെ വലിയ ധൈര്യമാണ് കാണിക്കുന്നത്’ ഹനുമ വിഹാരി തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.
വിൻഡീസിനെതിരെ 133 പന്തിൽ പുറത്താവാതെ 223 റൺസ് നേടിയാണ് ഗിൽ ഇന്ത്യയ്ക്ക് ചരിത്രവിജയം സമ്മാനിച്ചത്. 26 ഫോറുകളും എട്ട് കൂറ്റൻ സിക്സുകളും അടങ്ങുന്നതായിരുന്നു ഇന്ത്യൻ ക്യാപ്റ്റന്റെ പ്രകടനം. രോഹിത് ശർമയുടെ സെഞ്ച്വറിയും ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി.
മത്സരത്തിൽ വിൻഡീസ് ഉയർത്തിയ 405 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം ഇന്ത്യ 39 പന്തുകളും എട്ട് വിക്കറ്റുകളും ബാക്കിനിൽക്കെ അനായാസമായി മറികടക്കുകയായിരുന്നു.


