വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടി തിളങ്ങിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ. വിരാട് കോലിയും രോഹിത് ശർമയും ചേർന്ന ഒരു പ്രതിഭയാണ് ഗിൽ എന്നാണ് അശ്വിൻ പ്രശംസിച്ചത്.
‘ഞാൻ നേരിട്ട് പറയാം. ശുഭ്മാൻ ഗിൽ വിരാട് കോലിയുടെയും രോഹിത് ശർമയുടെയും മികച്ച സംയോജനമാണ്. ഇത് പറയാൻ എനിക്കൊരു മടിയുമില്ല. അദ്ദേഹത്തിന്റെ പ്രകടനം ശരിക്കും ഗംഭീരമായിരുന്നു. ഇത് ആദ്യമായാണ് ഞാൻ അദ്ദേഹത്തെക്കുറിച്ച് ഇങ്ങനെ പറയുന്നത് എന്തൊരു മികച്ച ഇന്നിങ്സ് ആയിരുന്നു അത്. അദ്ദേഹം ഒരു അസാധാരണ താരമാണ്’ അശ്വിൻ തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.
കരീബിയൻ പടയ്ക്കെതിരെ 133 പന്തിൽ പുറത്താവാതെ 223 റൺസ് നേടിയാണ് ഗിൽ ഇന്ത്യയ്ക്ക് ചരിത്രവിജയം സമ്മാനിച്ചത്. 26 ഫോറുകളും എട്ട് കൂറ്റൻ സിക്സുകളും അടങ്ങുന്നതായിരുന്നു ഇന്ത്യൻ ക്യാപ്റ്റന്റെ പ്രകടനം. രോഹിത് ശർമയുടെ സെഞ്ച്വറിയും ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി.
മത്സരത്തിൽ വിൻഡീസ് ഉയർത്തിയ 405 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം ഇന്ത്യ 39 പന്തുകളും എട്ട് വിക്കറ്റുകളും ബാക്കിനിൽക്കെ അനായാസമായി മറികടക്കുകയായിരുന്നു.


