ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം സായിരാജ് ബഹുതുലെ. വിൻഡീസിനെതിരെയുള്ള ആദ്യ ഏകദിനത്തിലെ കുൽദീപിന്റെ മികച്ച ബൗളിങ് പ്രകടനങ്ങളെയാണ് ബഹുതുലെ പ്രശംസിച്ചത്.
കുൽദീപ് ഏതൊരു ടീമും ആഗ്രഹിക്കുന്ന താരമാണെന്നാണ് ബഹുതുലെ വിശേഷിപ്പിച്ചത്. ഇന്ത്യ-വിൻഡീസ് രണ്ടാം ഏകദിനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുൻ ഇന്ത്യൻ താരം.
‘ഏതൊരു ടീമും ആഗ്രഹിക്കുന്ന ഒരു താരമാണ് അദ്ദേഹം. കളിക്കളത്തിലും പുറത്തും എപ്പോഴും ഉന്മേഷത്തോടെയിരിക്കുന്ന കുൽദീപ് ഏത് സാഹചര്യങ്ങളിലും മികച്ച പ്രകടനം നടത്താൻ കഴിവുള്ളവനാണ്. ഒരു റിസ്റ്റ് സ്പിന്നർ എന്ന നിലയിൽ അദ്ദേഹം ഇന്ത്യയുടെ പ്രധാന മാച്ച് വിന്നറാണ്. അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങൾക്ക് അദ്ദേഹത്തിന്റെ റെക്കോർഡുകൾ തന്നെ തെളിവാണ്.
മികച്ചതാവാൻ അദ്ദേഹം കഠിനമായി പരിശീലനം നടത്താറുണ്ട്. ചില കാര്യങ്ങളിൽ ഇനിയും മികച്ചതാവാൻ ഉണ്ടെന്ന് തോന്നുണുമ്പോൾ അദ്ദേഹം നെറ്റ്സിൽ കൂടുതൽ പരിശീലനം നടത്തും. ഒരുപാട് വർഷം ടീമിന്റെ ഭാഗമായതിനാൽ അദ്ദേഹത്തിന് മികച്ച ആത്മവിശ്വാസമുണ്ട്. അടുത്തിടെ കൗണ്ടിൽ ഒരുപാട് ഓവറുകൾ എറിഞ്ഞുകൊണ്ട് മികച്ച തയ്യാറെടുപ്പോടെയാണ് അദ്ദേഹം ഈ പരമ്പരക്കായി എത്തിയിരിക്കുന്നത്’ സായിരാജ് ബഹുതുലെ പറഞ്ഞു.
വിൻഡീസിനെതിരെയുള്ള ആദ്യ ഏകദിനത്തിൽ നാല് വിക്കറ്റുകൾ നേടിയാണ് കുൽദീപ് തിളങ്ങിയത്. 10 ഓവറിൽ ഒരു മെയ്ഡൻ അടക്കം 40 റൺസ് വഴങ്ങിയാണ് താരം നാല് വിക്കറ്റുകൾ സ്വന്തമാക്കിയത്.


