ഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും യൂത്ത് കോൺഗ്രസും രാജ്യവ്യാപകമായി പ്രക്ഷോഭം ശക്തമാക്കി.
ഡൽഹി, ജയ്പൂർ, ലഖ്നൗ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച മാർച്ചുകൾ വലിയ സംഘർഷത്തിലാണ് കലാശിച്ചത്.
ജയ്പൂരിൽ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രതിഷേധക്കാർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഡൽഹിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ നരേന്ദ്ര മോദിയുടെയും ഗ്യാനേഷ് കുമാറിന്റെയും മുഖമൂടികൾ ധരിച്ചാണ് പ്രവർത്തകർ അണിനിരന്നത്.
യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബിന്റെ നേതൃത്വത്തിലായിരുന്നു ഡൽഹിയിലെ റോഡ് ഉപരോധവും മാർച്ചും. സാധാരണക്കാരന്റെ വോട്ടവകാശം സംരക്ഷിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും ഗ്യാനേഷ് കുമാർ അടിയന്തരമായി പദവി ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബാരിക്കേഡുകൾക്ക് മുകളിൽ കയറി പ്രതിഷേധിച്ച ഉദയ് ഭാനു ചിബ് അടക്കമുള്ള പ്രമുഖ നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു നീക്കി. തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്കുള്ള വഴികൾ പൂർണ്ണമായും അടച്ചിരിക്കുകയാണ്.
യൂത്ത് കോൺഗ്രസ് ആസ്ഥാനത്തിന് മുന്നിലും കനത്ത പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിട്ടുള്ളത്. ഗ്യാനേഷ് കുമാർ രാജിവെക്കും വരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് സംഘടനയുടെ തീരുമാനം.
പ്രതിഷേധം കടുപ്പിച്ച് സിപിഎമ്മും
അതേസമയം, ഡൽഹിയിലെ സിപിഎം ആസ്ഥാനമായ എകെജി ഭവന് മുന്നിൽ നിന്ന് ഭഗത് സിംഗ് സ്മാരകത്തിലേക്ക് ഇടതുനേതാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയാണ് മാർച്ചിന് നേതൃത്വം നൽകിയത്. മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ച എം.എ. ബേബി, ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന് ആ പദവിയിൽ തുടരാൻ ഇനി ഒരു നിമിഷം പോലും അർഹതയില്ലെന്ന് തുറന്നടിച്ചു.
ജനാധിപത്യ സംവിധാനത്തിൽ കുറ്റക്കാരനാണെന്ന് വ്യക്തമായിട്ടും സ്ഥാനത്ത് കടിച്ചുതൂങ്ങിനിൽക്കുന്ന നടപടി ലജ്ജാകരമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ ബോധപൂർവം സംരക്ഷിക്കുകയാണെന്നും ബേബി ആരോപിച്ചു.
വിവാദമായ എസ്ഐആർ (SIR) നടപടികൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രീയ പാർട്ടികൾക്ക് പുറമേ പ്രമുഖ വ്യക്തികളെയും ബുദ്ധിജീവികളെയും പൊതുജനങ്ങളെയും അണിനിരത്തി പ്രക്ഷോഭം വ്യാപിപ്പിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം.
വിഷയം വരും ദിവസങ്ങളിൽ ഇന്ത്യ മുന്നണി യോഗത്തിൽ ശക്തമായി ഉന്നയിക്കുമെന്നും, നാളെ മറ്റ് ഇടതുപാർട്ടികളെ കൂടി പങ്കെടുപ്പിച്ച് സംയുക്ത പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കി.


