പാചകം ചെയ്യുമ്പോൾ അബദ്ധത്തിൽ കറിയിൽ ഉപ്പ് കൂടിപ്പോകുന്നത് പലരെയും വിഷമിപ്പിക്കുന്ന കാര്യമാണ്. വിഭവത്തിന്റെ രുചി അപ്പാടെ മാറ്റുന്ന ഈ പ്രശ്നത്തിന് പരിഹാരമായി അടുക്കളയിൽ തന്നെ പരീക്ഷിക്കാവുന്ന ചില എളുപ്പവഴികൾ നോക്കാം.
ഉരുളക്കിഴങ്ങ് പ്രയോഗം:
അധികമാളുകളും പരീക്ഷിക്കുന്ന ഏറ്റവും ജനപ്രിയമായ വഴിയാണിത്. പച്ച ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി കറിയിലിട്ട് തിളപ്പിക്കുക. ഇത് കറിയിലെ അധികമുള്ള ഉപ്പ് വലിച്ചെടുക്കും. വിളമ്പുന്നതിന് മുൻപ് ഈ കഷ്ണങ്ങൾ എടുത്തുമാറ്റാം. വേവിച്ച് ഉടച്ച ഉരുളക്കിഴങ്ങും കറിയിൽ ചേർക്കാവുന്നതാണ്.
വഴറ്റിയ സവാള:
സവാള കട്ടി കുറച്ച് അരിഞ്ഞ് വെളിച്ചെണ്ണയിൽ നന്നായി വഴറ്റിയെടുത്ത ശേഷം കറിയിൽ ചേർത്താൽ ഉപ്പിന്റെ തീവ്രത കുറയ്ക്കാനാകും.
തൈരും മോരും:
മോരുകറികളിലോ വെജിറ്റബിൾ കറികളിലോ ഉപ്പ് കൂടിയാൽ അൽപം പുളിയില്ലാത്ത തൈര് ചേർത്തു കൊടുക്കുന്നത് രുചി ക്രമീകരിക്കാൻ സഹായിക്കും.
തക്കാളി ചേർക്കാം:
ചിക്കൻ കറി, മീൻ കറി എന്നിവയിലാണ് ഉപ്പ് അധികമാകുന്നതെങ്കിൽ ഒന്നോ രണ്ടോ തക്കാളി കഷ്ണങ്ങളാക്കി ചേർക്കാം. എന്നാൽ തക്കാളി അമിതമായാൽ കറിക്ക് പുളിപ്പ് കൂടാൻ സാധ്യതയുണ്ടെന്ന കാര്യം ഓർക്കുക.
തേങ്ങാപ്പാൽ:
ഗ്രേവിയുള്ള കറികളിൽ ഉപ്പ് കൂടിയാൽ അല്പം തേങ്ങാപ്പാലോ, വെള്ളത്തിൽ കലക്കിയ തേങ്ങാപ്പാൽപ്പൊടിയോ ചേർക്കുക. ഇത് ഉപ്പ് ബാലൻസ് ചെയ്യുക മാത്രമല്ല, കറിയുടെ സ്വാദും കൊഴുപ്പും കൂട്ടുകയും ചെയ്യും.
ഗോതമ്പ് മാവ് ഉരുളകൾ:
ഗോതമ്പ് മാവ് ചെറിയ ഉരുളകളാക്കി കറിയിലിട്ട് തിളപ്പിക്കുക. കറിയിലെ അമിത ഉപ്പ് വലിച്ചെടുത്ത ശേഷം കറി അടുപ്പിൽ നിന്ന് വാങ്ങുമ്പോൾ ഈ ഉരുളകൾ നീക്കം ചെയ്യാം.
അൽപം വെള്ളം ഒഴിക്കാം:
കുറുകിയ ടൈപ്പ് കറികളാണെങ്കിൽ അൽപം ചൂടുവെള്ളം ഒഴിച്ച് തിളപ്പിച്ചാൽ ഉപ്പിന്റെ അളവ് എളുപ്പത്തിൽ കുറയ്ക്കാം.
ഒരു നുള്ള് പഞ്ചസാര:
ചില കറികളിൽ ഉപ്പ് നേരിയ തോതിൽ കൂടിയാൽ ഒരു നുള്ള് പഞ്ചസാരയോ ശർക്കരപ്പൊടിയോ ചേർക്കുന്നത് രുചി ക്രമീകരിക്കാൻ ഉപകരിക്കും. (അച്ചാറുകളിലും മറ്റും ശർക്കരപ്പൊടിയാണ് കൂടുതൽ അനുയോജ്യം).


