ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും. ആദ്യ മത്സരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. വിരാട് കോഹ്ലിയും രോഹിത് ശർമയും വീണ്ടും ഇന്ത്യൻ ജേഴ്സി അണിയുന്ന മത്സരം കൂടിയാണിത്.
ഈ പരമ്പരക്ക് മുന്നോടിയായി തന്നെ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരമായി കണക്കാക്കുന്നില്ലെന്ന് പറഞ്ഞിരിക്കുകയാണ് കോഹ്ലി. വ്യത്യസ്ത കാലഘട്ടങ്ങളിൽ മികച്ച താരങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അവരെല്ലാം അത്ഭുതകരമായ കാര്യങ്ങൾ ക്രിക്കറ്റിൽ ചെയ്തിട്ടുണ്ടെന്നും കോഹ്ലി വ്യക്തമാക്കി.
‘എന്നെ എക്കാലത്തെയും മികച്ച താരമായി ഞാൻ കണക്കാക്കുന്നില്ല. വ്യത്യസ്ത സമയങ്ങളിൽ ഒരുപാട് മികച്ച താരങ്ങൾ ഉണ്ടായിട്ടുണ്ട്. അവരെല്ലാം അത്ഭുതകരമായ കാര്യങ്ങളും ചെയ്തിട്ടുണ്ട്. ചില താരങ്ങളുടെ സ്റ്റാറ്റ്സുകൾ എന്നേക്കാൾ മികച്ചതുമാണ്. ഇതിനേക്കാൾ പ്രധാനപ്പെട്ട കാര്യം ടീമിനായി വലിയ സംഭാവനകൾ നൽകുകയും മികച്ച സ്വാധീനം ഉണ്ടാക്കുകയും ചെയ്യുകയെന്നതാണ്’ കോഹ്ലി ജിയോസ്റ്റാറിലൂടെ പറഞ്ഞു.
നിലവിൽ ഇന്ത്യക്ക് വേണ്ടി 314 ഏകദിന മത്സരങ്ങളിലെ 302 ഇന്നിംഗ്സുകളിൽ നിന്നായി 14,941 റൺസാണ് കോഹ്ലി നേടിയിട്ടുള്ളത്. വിൻഡീസിനെതിരെ മികച്ച റെക്കോർഡുള്ള താരം കൂടിയാണ് കോഹ്ലി. 43 മത്സരങ്ങളിൽ നിന്ന് 66.50 ശരാശരിയിൽ 2,261 റൺസ് കോഹ്ലി നേടിയിട്ടുണ്ട്. ഇതിൽ 9 സെഞ്ചുറികളും 11 അർദ്ധ സെഞ്ചുറികളും ഉൾപ്പെടുന്നു.


