സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിലെ ഉൽഘാടന മത്സരത്തിൽ മരണപ്പെട്ട കാലിക്കറ്റ് എഫ്.സി താരം റിജോൺ ജോസിന് ആദരമർപ്പിച്ച് കണ്ണൂർ വാരിയേഴ്സ് ആരാധകർ. കണ്ണൂരിന്റെ തട്ടകത്തിൽ നടന്ന തൃശൂർ മാജിക് എഫ്.സിക്കെതിരെയുള്ള മത്സരത്തിൽ ഗാലറിയിൽ റിജോണിന്റെ ബാനർ ഉയർത്തിയാണ് കണ്ണൂർ ആരാധാകർ താരത്തിന് ട്രിബ്യൂട്ട് നൽകിയത്.
കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിന് സമീപം ഉണ്ടായ വാഹനാപകടത്തിലായിരുന്നു തൃശൂർ സ്വദേശിയായ റിജോൺ ജോസ് മരണപ്പെട്ടിരുന്നത്. സീസൺ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയായിരുന്നു താരത്തിന്റെ വിയോഗം.
സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്.സിയുടെ വിശ്വസ്തനായ പ്രതിരോധ താരമായിരുന്നു റിജോൺ ജോസ്. കാലിക്കറ്റ് എഫ്.സിക്ക് പുറമെ ഫോഴ്സ കൊച്ചി, എഫ്.സി കേരള തുടങ്ങിയ പ്രമുഖ ക്ലബുകൾക്കായും റിജോൺ പന്ത് തട്ടിയിട്ടുണ്ട്.
ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ ജയത്തോടെയാണ് തുടങ്ങിയത്. മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് തൃശൂരിനെ കണ്ണൂർ വീഴ്ത്തിയത്. 18ാം മിനിറ്റിൽ അൽവാരോ ഗോമസാണ് കണ്ണൂരിന് വേണ്ടി ഗോൾ നേടിയത്. ഗോൾ തിരിച്ചടിക്കാൻ തൃശൂർ മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും കണ്ണൂരിന്റെ പ്രതിരോധം മറികടക്കാൻ സാധിച്ചില്ല.


