ഡൽഹി: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര തൂത്തുവാരി ഏഷ്യൻ ഗെയിംസിനൊരുങ്ങുന്ന ഇന്ത്യൻ ടീമിനെച്ചൊല്ലി ക്രിക്കറ്റ് ലോകത്ത് ചർച്ചകൾ സജീവം.
ടീമിലെ യുവതാരം വൈഭവ് സൂര്യവംശിയെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്താത്തതും, സഞ്ജു സാംസണിന്റെ ടീമിലെ സ്ഥാനവുമാണ് നിലവിലെ പ്രധാന ചർച്ചാവിഷയം.
മിന്നുന്ന ബാറ്റിങ് ശൈലിക്ക് പേരുകേട്ട 15 കാരനായ സൂര്യവംശി പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും ബെഞ്ചിലിരിക്കാനായിരുന്നു വിധിക്കപ്പെട്ടത്.
പകരം ഓപ്പണിങ് സ്ഥാനത്ത് കളിച്ച സഞ്ജു ആദ്യ മത്സരത്തിൽ നിരാശപ്പെടുത്തിയെങ്കിലും, തുടർന്നുള്ള രണ്ട് മത്സരങ്ങളിലും അർദ്ധ സെഞ്ച്വറികളുമായി ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.
ഈ സാഹചര്യത്തിലാണ് സഞ്ജു സാംസണെ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന വാദങ്ങളെ തള്ളി മുൻ ഇന്ത്യൻ താരം അഞ്ജും ചോപ്ര രംഗത്തെത്തിയത്.
സഞ്ജുവിനെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണമെന്നും, പുതിയ താരങ്ങൾ വരുമ്പോൾ പരിചയസമ്പന്നരായ കളിക്കാരെ പെട്ടെന്ന് പുറത്താക്കാനാകില്ലെന്നും അവർ വ്യക്തമാക്കി.
സഞ്ജുവിനെ പിന്തുണച്ച് അഞ്ജും ചോപ്ര
”നമ്മൾ സഞ്ജുവിനെ അദ്ദേഹത്തിന്റെ പാട്ടിന് വിടണം. ഇന്ത്യക്കായി കളിക്കുക എന്നത് എപ്പോഴും സമ്മർദ്ദം നിറഞ്ഞതാണ്, അത് എല്ലാ കളിക്കാരും തിരിച്ചറിയുന്നുണ്ട്.
എന്നാൽ ടീമിലെ സ്ഥാനത്തെക്കുറിച്ച് എപ്പോഴും ഒരു ചോദ്യചിഹ്നം നിലനിൽക്കുന്നത് ആര്ക്കും ഇഷ്ടപ്പെടില്ല. സഞ്ജുവിന് സ്വതന്ത്രമായി കളിക്കാൻ അവസരം നൽകണം. പുതിയൊരു പ്രതിഭ വരുമ്പോഴൊക്കെ പകരം പരിചയസമ്പന്നനായ മറ്റൊരാളെ മാറ്റുകയെന്നതല്ല ഇവിടെ പ്രധാനം.
അവരെല്ലാം ഇന്ത്യൻ ടീമിനായി കഷ്ടപ്പെട്ട് മികച്ച പ്രകടനം പുറത്തെടുത്തവരാണ്”എന്ന് അഞ്ജും ചോപ്ര വ്യക്തമാക്കി.
ഇന്ത്യൻ ക്രിക്കറ്റിൽ വലിയ പ്രതിഭകളുണ്ടെങ്കിലും ഓരോ കളിക്കാരനും മികച്ച പ്രകടനം പുറത്തെടുക്കാൻ അർഹമായ ഇടം നൽകേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
സൂര്യവംശി ഒരു മികച്ച പ്രതിഭയാണെന്നും ഇന്ത്യൻ ടീമിന്റെ ഭാവിയാണെന്നും അവർ സമ്മതിക്കുന്നു. എന്നാൽ സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, റുതുരാജ് ഗെയ്ക്വാദ്, റിങ്കു സിംഗ് തുടങ്ങിയ താരങ്ങളും വലിയ കഠിനാധ്വാനം ചെയ്താണ് അവസരങ്ങൾ നേടിയെടുത്തത് എന്ന കാര്യം ആരാധകർ മറക്കരുതെന്നും അഞ്ജും ചോപ്ര ഓർമ്മിപ്പിച്ചു.


