തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ വീണ്ടും തെരുവുനായയുടെ ക്രൂരമായ ആക്രമണം. നഗരൂരിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പതിനൊന്നുകാരന് തെരുവുനായയുടെ ആക്രമണത്തിൽ കൈവിരൽ നഷ്ടപ്പെട്ടു. മൊട്ടലുവിള സ്വദേശികളായ രാജു – അഞ്ജു ദമ്പതികളുടെ മകൻ ശരണിനാണ് ഗുരുതരമായി പരിക്കേറ്റത്. കുട്ടിയുടെ കാലിനും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.
കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം നടന്നത്. വീടിന്റെ മുറ്റത്ത് സഹോദരിയോടൊപ്പം കളിച്ചുകൊണ്ടിരിക്കവെ പെട്ടന്നെത്തിയ തെരുവുനായ കുട്ടിയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ കുട്ടിയുടെ വലതുകൈയിലെ വിരലിന്റെ പകുതിഭാഗം നായ കടിച്ചെടുത്തു. ഈ സമയം ഒപ്പമുണ്ടായിരുന്ന ഇളയ കുട്ടി ഓടി രക്ഷപ്പെട്ടതുകൊണ്ട് മാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്.
ഗുരുതരമായി പരിക്കേറ്റ ശരൺ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. തലസ്ഥാനത്ത് തെരുവുനായ ശല്യം ദിനംപ്രതി വർധിച്ചുവരുന്നത് ജനങ്ങളിൽ വലിയ ആശങ്കയും ഭയവുമാണ് സൃഷ്ടിക്കുന്നത്.


