മലയാള സിനിമയിൽ എണ്ണംപറഞ്ഞ മാസ്, കോമഡി ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ ഉദയകൃഷ്ണയുടെ കരിയർ കടുത്ത പ്രതിസന്ധിയിലേക്ക്.
1997-ൽ ‘ഹിറ്റ്ലർ ബ്രദേഴ്സ്’ എന്ന ചിത്രത്തിലൂടെ സിബി കെ. തോമസിനൊപ്പം കരിയർ ആരംഭിച്ച ഉദയകൃഷ്ണ, പിന്നീട് മലയാളത്തിലെ ഏറ്റവും ഡിമാൻഡുള്ള മിനിമം ഗ്യാരണ്ടിയുള്ള തിരക്കഥാകൃത്തുകളിൽ ഒരാളായി മാറുകയായിരുന്നു.
‘സി.ഐ.ഡി മൂസ’, ‘പുലിവാല് കല്യാണം’, ‘വെട്ടം’, ‘റൺവേ’, ‘ലയൺ’, ‘ട്വന്റി 20’, ‘ക്രിസ്ത്യൻ ബ്രദേഴ്സ്’ തുടങ്ങി മലയാളികൾ എക്കാലവും ഓർക്കുന്ന നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ ഈ കൂട്ടുകെട്ടിന്റെ തൂലികയിൽ പിറന്നതാണ്.
എന്നാൽ 2015-ൽ ‘ഇവൻ മര്യാദരാമന്’ ശേഷം ഈ കൂട്ടുകെട്ട് വഴിപിരിഞ്ഞു. പിന്നീട് സോളോ റൈറ്ററായി മാറിയ ഉദയകൃഷ്ണ മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ ‘പുലിമുരുകൻ’ സമ്മാനിച്ചെങ്കിലും, തുടർന്ന് വന്ന ചിത്രങ്ങളിൽ ആ ഫോം നിലനിർത്താൻ അദ്ദേഹത്തിന് സാധിച്ചില്ല.
പുലിമുരുകന് ശേഷമുള്ള തിരിച്ചടികൾ
‘പുലിമുരുകന്റെ’ വിജയത്തിന് ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയിൽ എത്തിയ പല ചിത്രങ്ങളും ബോക്സ് ഓഫീസിൽ കനത്ത തിരിച്ചടിയാണ് നേരിട്ടത്.
മമ്മൂട്ടി-അജയ് വാസുദേവ് കൂട്ടുകെട്ടിൽ എത്തിയ ‘മാസ്റ്റർപീസ്’ കഷ്ടിച്ച് രക്ഷപ്പെട്ടെങ്കിലും തുടർന്നെത്തിയ ‘ആനക്കള്ളൻ’ പരാജയപ്പെട്ടു. പിന്നീട് മമ്മൂട്ടി-വൈശാഖ് കൂട്ടുകെട്ടിൽ പിറന്ന ‘മധുരരാജ’ മാത്രമാണ് ബോക്സ് ഓഫീസിൽ വിജയം കണ്ട മറ്റൊരു ചിത്രം.
പിന്നീടിങ്ങോട്ട് ഉദയകൃഷ്ണയുടെ തിരക്കഥയിൽ എത്തിയ സിനിമകളെല്ലാം ബോക്സ് ഓഫീസിൽ ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്.
മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ‘ആറാട്ടും’, വൈശാഖ് സംവിധാനം ചെയ്ത ‘മോൺസ്റ്ററും’ തിയേറ്ററുകളിൽ വലിയ പരാജയമാവുകയും സമൂഹമാധ്യമങ്ങളിൽ ട്രോളുകൾക്ക് ഇരയാവുകയും ചെയ്തു.
ദിലീപിന്റെ കരിയറിലെ വലിയ മുതൽമുടക്കിലെത്തിയ ‘ബാന്ദ്ര’യും ഒടുവിൽ മമ്മൂട്ടിയുടെ കരിയറിലെ വലിയ ഫ്ലോപ്പുകളിലൊന്നായി മാറിയ ‘ക്രിസ്റ്റഫറും’ ഉദയകൃഷ്ണയുടെ തിരക്കഥയിലെ പോരായ്മകൾ ചർച്ചയാക്കി.
ഒടുവിലത്തെ ചിത്രവും നിരാശപ്പെടുത്തി
ഏറ്റവുമൊടുവിൽ മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകൻ രഞ്ജിത്തുമായി കൈകോർത്ത് ഉദയകൃഷ്ണ തിരക്കഥയൊരുക്കിയ ‘ലോ ആൻഡ് ഓർഡറും’ ബോക്സ് ഓഫീസിൽ പ്രതീക്ഷ കാത്തുസൂക്ഷിച്ചില്ല.
മലയാളസിനിമയുടെ കാഴ്ചപ്പാടുകളും ആസ്വാദന രീതികളും ഒരുപാട് മാറിമറിഞ്ഞിട്ടും, ഇന്നും 2000-ങ്ങളിലെ പഴഞ്ചൻ ശൈലിയിലുള്ള തിരക്കഥകളാണ് ഉദയകൃഷ്ണ ആവർത്തിക്കുന്നതെന്നാണ് സിനിമാപ്രേമികളുടെ പ്രധാന വിമർശനം.
ഒപ്പം മമ്മൂട്ടിയുടെ എക്കാലത്തെയും മാസ് കഥാപാത്രമായ ‘കാരിക്കാമുറി ഷണ്മുഖനെ’പ്പോലെ ഐക്കോണിക് ആയ വേഷങ്ങൾ പോലും പുതിയ ചിത്രങ്ങളിൽ മോശമായി അവതരിപ്പിക്കപ്പെട്ടതിൽ ആരാധകരും കടുത്ത അമർഷത്തിലാണ്.


