അഷ്റഫ് വേങ്ങാട്ട്
റിയാദ്: റിയാദ് നഗരത്തെ ലക്ഷ്യമാക്കി ഭീകര ഹൂതി മിലീഷ്യ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ റോയൽ സഊദി വ്യോമ പ്രതിരോധ സേന വിജയകരമായി തടഞ്ഞ് തകർത്തതായി സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു.
ശനിയാഴ്ച പുലർച്ചെയായിരുന്നു ഹൂതികളുടെ ആക്രമണ ശ്രമമെന്ന് മേജർ ജനറൽ തുർക്കിയെ ഉദ്ധരിച്ച് കൊണ്ട് സഊദി പ്രസ്സ് ഏജൻസി റിപ്പോർട്ട് ചെയ്തു.
റിയാദ് നഗരത്തിലെ സാധാരണ ജനങ്ങളെയും സിവിലിയൻ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണശ്രമങ്ങൾ ഹൂതി മിലീഷ്യ തുടരുന്നത് അവരുടെ കടുത്ത നിലപാടിനെയും സാധാരണ ജനങ്ങൾക്കും സിവിലിയൻ കേന്ദ്രങ്ങൾക്കുമെതിരായ ആസൂത്രിതവും തുടർച്ചയായതുമായ ആക്രമണങ്ങളെയും വ്യക്തമാക്കുന്നതായി അദ്ദേഹം പറഞ്ഞു.
എൺപത് ലക്ഷത്തിലധികം പൗരന്മാരും താമസക്കാരും അധിവസിക്കുന്ന തലസ്ഥാന നഗരമായ റിയാദിനെ ലക്ഷ്യമിടുന്നതിലൂടെ ഹൂതി മിലീഷ്യയുടെ ശത്രുതാപരവും ഭീകരവുമായ പെരുമാറ്റമാണ് പ്രകടമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റ് നഗരങ്ങളിലേക്കും ആക്രമണശ്രമം ബായിഷ്, തായിഫ്, ഫറസാൻ, യൻബു എന്നീ നഗരങ്ങളിലെ സാധാരണ ജനങ്ങളെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടും ഹൂതി മിലീഷ്യ ആക്രമണശ്രമങ്ങൾ നടത്തിയതായി സഖ്യസേന അറിയിച്ചു. എന്നാൽ ഈ ശത്രുതാപരമായ ശ്രമങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി പരാജയപ്പെടുത്തി.
ഭീകര ഹൂതി മിലീഷ്യയുടെ ഇത്തരം നടപടികൾ തടയുന്നതിനായി അന്താരാഷ്ട്ര മാനുഷിക നിയമത്തിലെ ആചാരപരമായ വ്യവസ്ഥകൾക്ക് അനുസൃതമായി ഉചിതമായ നടപടികൾ സ്വീകരിക്കാനുള്ള സ്വാഭാവിക അവകാശം സഖ്യസേനാ കമാൻഡിനുണ്ടെന്നും മേജർ ജനറൽ തുർക്കി അൽ മാലികി വ്യക്തമാക്കി.


