അധിനിവേശ വെസ്റ്റ് ബാങ്കിൽ അടിച്ചമർത്തലുകൾ ശക്തമാക്കി ഇസ്രായേൽ സൈന്യം. കഴിഞ്ഞ ഒരു ആഴ്ചയ്ക്കുള്ളിൽ കുട്ടികളും സ്ത്രീകളും മാധ്യമപ്രവർത്തകരും ഉൾപ്പെടെ നൂറിലധികം പലസ്തീനികളെ ഇസ്രായേൽ സൈന്യം കസ്റ്റഡിയിലെടുത്തതായി പലസ്തീൻ പ്രിസണേഴ്സ് സൊസൈറ്റി (പി.പി.എസ്) വെളിപ്പെടുത്തി.
റെയ്ഡുകൾക്കിടെ വ്യാപകമായ അക്രമങ്ങൾ, ശാരീരിക ആക്രമണങ്ങൾ, നിയമവിരുദ്ധമായ കൊലപാതകങ്ങൾ, ഫീൽഡ് ചോദ്യം ചെയ്യലുകൾ എന്നിവ നടക്കുന്നതായി മനുഷ്യാവകാശ സംഘടന ആരോപിച്ചു. പലസ്തീനികളുടെ വീടുകൾ അതിക്രമിച്ചു കയറി തകർക്കുകയും, തടവിലാക്കിയവരെ മോചിപ്പിക്കാൻ കുടുംബങ്ങളെ ഭീഷണിപ്പെടുത്തുന്നതിനായി ചില വീടുകൾ സൈനിക ക്യാമ്പുകളാക്കി മാറ്റുകയും ചെയ്യുന്നതായി പി.പി.എസ് വ്യക്തമാക്കുന്നു.
പ്രമുഖർ തടങ്കലിൽ:
അടുത്തിടെ നടന്ന തടവുകാരുടെ കൈമാറ്റ കരാറിലൂടെ മോചിതനായ അഹമ്മദ് അൽ-സെയ്ഫി, പ്രമുഖ മാധ്യമപ്രവർത്തകരായ മുഅത്ത് അമർനെ, സാബ്രി ജിബ്രിൽ എന്നിവർ കസ്റ്റഡിയിലായവരിൽ ഉൾപ്പെടുന്നു.ഇസ്രായേൽ സൈന്യത്തിന്റെ സംരക്ഷണയോടെ എത്തുന്ന ഇസ്രായേലി കുടിയേറ്റക്കാർ പലസ്തീനികളുടെ വാഹനങ്ങൾ തകർക്കുകയും റോഡുകൾ ഉപരോധിക്കുകയും ചെയ്യുന്നതായി റിപ്പോർട്ടുണ്ട്.
നാബ്ലസിനടുത്തുള്ള ബുർഖയിൽ നിന്ന് 15 പേരെയും ബെത്ലഹേമിലെ അരൂബ് അഭയാർത്ഥി ക്യാമ്പിൽ നിന്ന് 20 പേരെയും ഒടുവിലായി അറസ്റ്റ് ചെയ്തു. റാമല്ലയിലെ ബെയ്തുനിയയിലും ഇസ്രായേൽ സ്പെഷ്യൽ ഫോഴ്സ് റെയ്ഡ് നടത്തി.2023 ഒക്ടോബറിൽ യുദ്ധം ആരംഭിച്ചതിനുശേഷം വെസ്റ്റ് ബാങ്കിൽ മാത്രം 25,000-ത്തിലധികം പലസ്തീനികളാണ് ഇസ്രായേൽ കസ്റ്റഡിയിലായത്.
അൽ-അഖ്സ മസ്ജിദിൽ സംഘർഷ സാധ്യത:
വരാനിരിക്കുന്ന ജൂത അവധി ദിനങ്ങൾ പ്രയോജനപ്പെടുത്തി ഇസ്രായേലി കുടിയേറ്റക്കാർ അധിനിവേശ കിഴക്കൻ ജറുസലേമിലെ അൽ-അഖ്സ മസ്ജിദ് കോമ്പൗണ്ടിൽ അതിക്രമിച്ചു കയറി പ്രാർത്ഥനകൾ നടത്തുന്നത് സ്ഥിരം സംഭവമായി മാറിയിട്ടുണ്ട്. ഇതിനെതിരെ പലസ്തീൻ ഭരണകൂടവും വിദേശകാര്യ മന്ത്രാലയവും ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അവധി ദിനങ്ങൾക്ക് മുന്നോടിയായി പ്രദേശത്ത് കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് ഇസ്രായേൽ പോലീസ് അറിയിച്ചു.


