അമേരിക്കൻ ഫെഡറൽ തടങ്കലിൽ കഴിയുന്ന വെനിസ്വേലൻ മുൻ പ്രഥമ വനിത സിലിയ ഫ്ലോറസ് ഡി മഡുറോ (69), തനിക്ക് ഹൃദയാഘാത സാധ്യത ഉൾപ്പെടെയുള്ള കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി ജയിൽ മോചനവും വീട്ടുതടങ്കലും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. തടങ്കൽ കേന്ദ്രത്തിൽ ലഭിക്കാത്ത വിദഗ്ധ മെഡിക്കൽ പരിചരണം ഉറപ്പാക്കാൻ മാൻഹട്ടനിലെ ഒരു വസതിയിലേക്ക് മാറ്റി വീട്ടുതടങ്കലിൽ വിചാരണ നേരിടാൻ അനുവദിക്കണമെന്നാണ് അഭിഭാഷകർ ന്യൂയോർക്ക് ഫെഡറൽ കോടതിയോട് അപേക്ഷിച്ചത്.
ഹർജിയിലെ പ്രധാന വിവരങ്ങൾ:
ആരോഗ്യനില മോശമായി:
2026 ജനുവരി 3-ന് അമേരിക്ക നടത്തിയ സൈനിക നടപടിയിലൂടെ മഡുറോയെയും സിലിയയെയും കാരക്കാസിലെ വസതിയിൽ നിന്ന് പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് ശേഷമാണ് ഇവരുടെ ആരോഗ്യം വഷളായത്.
ഹൃദയാഘാത സാധ്യത:
പുറത്തുനിന്നുള്ള മെഡിക്കൽ വിദഗ്ധരുടെ നിഗമനപ്രകാരം ജൂലൈ 29-ന് തടങ്കലിൽ വച്ച് സിലിയയ്ക്ക് ചെറിയ രീതിയിലുള്ള ഹൃദയാഘാതം സംഭവിച്ചിട്ടുണ്ടാകാമെന്ന് അഭിഭാഷകർ വ്യക്തമാക്കി.
ചികിത്സയിലെ തടസ്സങ്ങൾ:
മുമ്പ് ‘മിട്രൽ വാൽവ് പ്രോലാപ്സ്’ എന്ന ഹൃദയസംബന്ധമായ രോഗത്തിന് പ്രതിമാസം ഒരു കുത്തിവയ്പ്പ് മാത്രം എടുത്തിരുന്ന സിലിയയ്ക്ക്, ഇപ്പോൾ നാല് തരം മരുന്നുകളും നെഞ്ചുവേദന വരുമ്പോൾ ഉപയോഗിക്കാൻ നൈട്രോഗ്ലിസറിനും നൽകുന്നുണ്ട്. ശസ്ത്രക്രിയ അടക്കമുള്ള വിദഗ്ധ ചികിത്സ വേണമെന്നാണ് ഡോക്ടർമാരുടെ നിർദേശം.
കർശന സുരക്ഷാ വ്യവസ്ഥകൾ പ്രൊപ്പോസ് ചെയ്തു:
ബ്രൂക്ലിനിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിൽ (MDC) നിലവിലുള്ള സൗകര്യങ്ങൾ ശസ്ത്രക്രിയയ്ക്കുശേഷമുള്ള സുഖം പ്രാപിക്കലിന് അനുയോജ്യമല്ലെന്നാണ് പ്രതിഭാഗം വാദിക്കുന്നത്. മോചനം അനുവദിക്കുകയാണെങ്കിൽ.
24 മണിക്കൂറും സായുധ സുരക്ഷാ നിരീക്ഷണം ഏർപ്പെടുത്താം.
ഫോൺ കോളുകൾ റെക്കോർഡ് ചെയ്യാനും വീട് സിസിടിവി വഴി നീരീക്ഷിക്കാനും അനുവദിക്കാം.
കോടതി അംഗീകരിക്കുന്ന സന്ദർശകരെ മാത്രമേ പ്രവേശിപ്പിക്കൂ.
മഡുറോയുടെ സർക്കാരിലെ പ്രബല വ്യക്തിത്വവും നാഷണൽ അസംബ്ലിയുടെ മുൻ അധ്യക്ഷയുമായിരുന്ന സിലിയയും മുൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയും മയക്കുമരുന്ന് കടത്ത് ആരോപിച്ചുള്ള കേസിലാണ് നിലവിൽ യു.എസ് കസ്റ്റഡിയിൽ വിചാരണ കാത്തിരിക്കുന്നത്. മാൻഹട്ടൻ ഫെഡറൽ കോടതി ജഡ്ജി ആൽവിൻ കെ. ഹെല്ലർസ്റ്റൈൻ ഈ അപേക്ഷയിൽ വിധി പുറപ്പെടുവിച്ചിട്ടില്ല.


