ധാക്ക: ബംഗ്ലാദേശിലെ ഗാസിപൂർ സഫാരി പാർക്കിൽ നിന്ന് മോഷ്ടിക്കപ്പെട്ട അപൂർവ ഇനം രണ്ട് റിംഗ്-ടെയിൽഡ് ലെമൂറുകളെ (Ring-tailed lemurs) റിലയൻസ് ഗ്രൂപ്പ് മേധാവി മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെ നേതൃത്വത്തിലുള്ള ഗുജറാത്തിലെ ‘വൻതാര’ (Vantara) മൃഗസംരക്ഷണ കേന്ദ്രത്തിൽ കണ്ടെത്തി. സംഭവത്തിൽ അന്താരാഷ്ട്ര വന്യജീവി കടത്തുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (CID) അന്വേഷണം വേഗത്തിലാക്കി.
മോഷണവും അതിർത്തി കടത്തലും:
2025 മാർച്ചിലാണ് ഗാസിപൂർ സഫാരി പാർക്കിൽ നിന്ന് മൂന്ന് ലെമൂറുകൾ മോഷ്ടിക്കപ്പെടുന്നത്. ഇവയിൽ രണ്ടെണ്ണത്തിനെ ബംഗ്ലാദേശിലെ ഛുവാഡംഗ അതിർത്തി (ദർശന അതിർത്തി) വഴി ഇന്ത്യയിലേക്ക് കടത്തുകയായിരുന്നു. പിന്നീട് വനതാരയിലെ ലെമൂറുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് ബംഗ്ലാദേശ് അധികൃതർക്ക് ഇവയെക്കുറിച്ച് സൂചന ലഭിക്കുന്നത്. കാണാതായ ലെമൂറുകളുമായി ഇവയ്ക്കുള്ള സാദൃശ്യം പരിശോധിച്ച സി.ഐ.ഡി സംഘം മോഷണം സ്ഥിരീകരിക്കുകയായിരുന്നു.
48 ലക്ഷത്തിന്റെ ഇടപാട്:
പല ഇടനിലക്കാർ വഴി കൈമാറ്റം ചെയ്യപ്പെട്ട ഈ മൃഗങ്ങളെ ഏകദേശം 48 ലക്ഷം ഇന്ത്യൻ രൂപയ്ക്കാണ് (4.8 മില്യൺ) വനതാര പദ്ധതിയുമായി ബന്ധപ്പെട്ട ഒരു സ്ഥാപനം വാങ്ങിയതെന്ന് സി.ഐ.ഡി വ്യക്തമാക്കുന്നു.
അന്വേഷണ പുരോഗതിയും ഇന്റർപോൾ സഹായവും:
കേസുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായ എട്ട് പ്രതികളിൽ ആറ് പേർ ബംഗ്ലാദേശ് കോടതിയിൽ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
ഇന്റർപോൾ ഇടപെടൽ:
മോഷ്ടിക്കപ്പെട്ട അപൂർവ ജീവികളെ സുരക്ഷിതമായി തിരികെ രാജ്യത്ത് എത്തിക്കുന്നതിനായി ബംഗ്ലാദേശ് സർക്കാർ അന്താരാഷ്ട്ര പോലീസ് സംഘടനയായ ഇന്റർപോളിന്റെ (Interpol) സഹായം തേടി.
ഡി.എൻ.എ പരിശോധന നേരിടുന്ന വെല്ലുവിളികൾ:
സഫാരി പാർക്കിൽ ഉണ്ടായിരുന്ന സമയത്ത് ഈ ലെമൂറുകളിൽ മൈക്രോചിപ്പുകളോ ഡി.എൻ.എ പ്രൊഫൈലുകളോ രേഖപ്പെടുത്തിയിരുന്നില്ല. അതിനാൽ നിയമപരമായി ഇവയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനായി, ബംഗ്ലാദേശിൽ അവശേഷിക്കുന്ന ലെമൂറിന്റെ കുട്ടിയുടെ ഡി.എൻ.എ സാമ്പിളുകൾ ശേഖരിച്ച് ഇന്ത്യയിലുള്ള ലെമൂറുകളുമായി കുടുംബബന്ധം തെളിയിക്കാനാണ് സി.ഐ.ഡി ശ്രമിക്കുന്നത്.
ഗുജറാത്തിലെ ജാംനഗറിൽ 3,500 ഏക്കറിലായി പരന്നുകിടക്കുന്ന ആനന്ദ് അംബാനിയുടെ വൻതാര വന്യജീവി കേന്ദ്രം, ഇത്തരം വന്യജീവി ഇറക്കുമതികളിലെ സുതാര്യതക്കുറവ് മൂലം മുൻപും വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു.


