ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെയും ഡല്‍ഹിയില്‍ സമരം ചെയ്യുന്ന ‘കോക്ക്റോച്ച് ജനത പാര്‍ട്ടി’ വിദ്യാര്‍ഥികള്‍ക്ക് ശക്തമായ പിന്തുണയുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വിദ്യാര്‍ഥികളുടെ പാര്‍ലമെന്റ് മാര്‍ച്ചും പ്രതിഷേധങ്ങളും കേന്ദ്ര സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് ബി.ജെ.പി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക രംഗത്തെത്തിയത്.
‘ഈ പാര്‍ലമെന്റ് ആരുടെയും സ്വകാര്യസ്വത്തല്ല, ഇത് ഈ രാജ്യത്തെ വിദ്യാര്‍ഥികളുടേത് കൂടിയാണ്,’ എന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. ലക്ഷക്കണക്കിന് യുവാക്കളുടെ ഭാവി തകര്‍ത്ത പരീക്ഷാ തട്ടിപ്പുകളില്‍ നടപടി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലീസ് ബലപ്രയോഗം നടത്തിയതിനെ അവര്‍ ശക്തമായി അപലപിച്ചു.
ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും അഴിമതിയിലും വലയുന്ന യുവാക്കളുടെ ശബ്ദം കേള്‍ക്കുന്നതിന് പകരം, അവരെ ലാത്തിയും നിരോധനാജ്ഞയും ഉപയോഗിച്ച് നേരിടാനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നത്. പാര്‍ലമെന്റ് ഭരണാധികാരികളുടെ മാത്രം സ്വന്തമാണെന്ന ധാരണയിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിന്റെ ഭാവിയായ വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ അവകാശങ്ങള്‍ക്കായി അവിടെ ശബ്ദമുയര്‍ത്താന്‍ പൂര്‍ണ്ണ അധികാരമുണ്ട്.
തൊഴിലില്ലായ്മയും പരീക്ഷാ അട്ടിമറികളും കാരണം ഉദ്യോഗാര്‍ത്ഥികള്‍ തെരുവിലിറങ്ങുമ്പോള്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന നിശബ്ദത അവരുടെ കുറ്റസമ്മതമാണ്. തൊഴിലില്ലായ്മയെക്കുറിച്ചും വ്യാജ ബിരുദങ്ങളെക്കുറിച്ചുമുള്ള കോടതിയുടെ ചില പരാമര്‍ശങ്ങളെ പ്രതിരോധിച്ച്, യുവാക്കള്‍ തങ്ങളെത്തന്നെ പരിഹാസരൂപേണ ‘കോക്ക്റോച്ചുകള്‘ (പാറ്റകള്‍) എന്ന് വിളിച്ച് രൂപീകരിച്ച കൂട്ടായ്മയാണ് ‘കോക്ക്റോച്ച് ജനത പാര്‍ട്ടി’. സിസ്റ്റത്തിലെ അഴിമതിക്കെതിരെ പ്രതികരിക്കാന്‍ രൂപീകരിച്ച ഈ സോഷ്യല്‍ മീഡിയ കൂട്ടായ്മ, നീറ്റ് പരീക്ഷാ വിവാദത്തോടെ തെരുവ് സമരത്തിലേക്ക് കടക്കുകയായിരുന്നു.
Comments


