സ്വകാര്യവൽക്കരണ ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ. ഒന്നും സ്വകാര്യവൽക്കരിക്കില്ലെന്നും ബജറ്റിൽ ഒരിടത്തും അതുസംബന്ധിച്ച പരാമർശമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബജറ്റിൽ ഇല്ലാത്ത കാര്യങ്ങളാണ് പുറത്ത് ചർച്ചയാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബജറ്റിന്മേലുള്ള പൊതുചർച്ചയ്ക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കരിമണൽ ഖനനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകി. കരിമണൽ സ്വകാര്യവൽക്കരിക്കാൻ പോകുന്നുവെന്ന് താൻ എവിടെയാണ് പറഞ്ഞതെന്ന് അദ്ദേഹം ചോദിച്ചു. ബജറ്റ് പ്രസംഗം വീണ്ടും വായിച്ചാണ് മുഖ്യമന്ത്രി വിശദീകരണം നൽകിയത്.
“ഇതിൽ എവിടെയാണ് സ്വകാര്യവൽക്കരണം. ഇല്ലാക്കഥകളാണ് പ്രചരിപ്പിക്കുന്നത്. യു ടേൺ എടുക്കില്ല, പറഞ്ഞതിൽ ഉറച്ചുനിൽക്കും. കേന്ദ്രവും കേരളവും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് ബജറ്റിൽ പ്രഖ്യാപിച്ചത്,” മുഖ്യമന്ത്രി പറഞ്ഞു.
ഭാവി കേരളത്തെ കെട്ടിപ്പടുക്കുന്നതിനായാണ് പദ്ധതികൾ രൂപീകരിക്കുന്നതെന്നും കേരളത്തിന്റെ സാധ്യതകൾ പരിശോധിച്ചാണ് ബജറ്റ് തയ്യാറാക്കിയതെന്നും വി ഡി സതീശൻ പറഞ്ഞു. ധവളപത്രം രാഷ്ട്രീയ വിമർശനമല്ലെന്നും അതിൽ ആധികാരികമായ വിവരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ബജറ്റിൽ പ്രതിഫലിക്കുന്നുണ്ടെന്നും നടപ്പാക്കാൻ കഴിയുമെന്ന് ഉറപ്പുള്ള പദ്ധതികളാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നികുതി വരുമാനത്തിന്റെ വലിയൊരു പങ്ക് ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയ ചെലവുകൾക്കായി പോകുന്ന സാഹചര്യത്തിൽ ബാക്കി തുക ഉപയോഗിച്ചാണ് വികസന പ്രവർത്തനങ്ങൾ നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനങ്ങളുടെ മേൽ അധിക നികുതി ഭാരം ചുമത്താതെ ഖജനാവ് ശക്തിപ്പെടുത്തുമെന്നും സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിച്ച് വരുമാനം വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെഎസ്ആർടിസിയെ സ്വയംപര്യാപ്തമാക്കുമെന്നും സബ്‌സിഡി ആശ്രയമില്ലാതെ സപ്ലൈകോയെ മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കെഎസ്ആർടിസിയും സപ്ലൈകോയും അടച്ചുപൂട്ടില്ലെന്നും കെഎസ്ഇബിയെ ലാഭത്തിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി ചാർജ് വർധിപ്പിച്ച് സാധാരണക്കാരുടെ മേൽ ഭാരം ചുമത്തുകയല്ല സർക്കാരിന്റെ നയമെന്നും മറ്റ് മാർഗങ്ങളിലൂടെ തന്നെ കെഎസ്ഇബിയെ ലാഭത്തിലാക്കുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.
Comments


