കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരു മാനം. ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം സര്‍ക്കാര്‍ ഉടന്‍ പുറപ്പെടുവിക്കും. നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ ഈ നിര്‍ണായക തീരുമാനമെടുത്തത്. വി.ഡി. സതീശന് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സിബിഐക്ക് വിടുന്ന ആദ്യ കേസാകും ഇത്.
കേസില്‍ ലോക്കല്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നെങ്കിലും അതില്‍ ഗുരുതരമായ പഴുതുകളുണ്ടെന്ന് കാണിച്ച് നവീന്‍ ബാബുവിന്റെ ഭാര്യ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കോടതി കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഉത്തരവിട്ടു. ഹരജി ഭാഗികമായി അംഗീകരിച്ച കോടതി, അന്വേഷണ സംഘം മനഃപൂര്‍വ്വം വിട്ടുകളഞ്ഞ നിര്‍ണായക ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ വീണ്ടും ശേഖരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസിപി രത്നകുമാറിന് രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നും പ്രതിയെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിച്ചതെന്നും കുടുംബം വാദിച്ചിരുന്നു. മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കേസിലെ ഏക പ്രതിയുമായ പി.പി. ദിവ്യയുടെ ഫോണ്‍ കോള്‍ റെക്കോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ളവ കുറ്റപത്രത്തിനൊപ്പം ഹാജരാക്കാതിരുന്നത് ഗൂഢാലോചന മറച്ചുവെക്കാനാണെന്ന വാദം കോടതി വിലയ്ക്കെടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.
2024 ഒക്ടോബര്‍ 15-നാണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Comments


