അഷ്‌റഫ് വേങ്ങാട്ട്
റിയാദ് : കഴിഞ്ഞ 20 വർഷമായി റിയാദിലെ ജയിലിൽ മോചനം കാത്തുകഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവിൽ ഒപ്പ് വെച്ചതായും എക്സിറ്റ് അടിച്ചതായും റിയാദിലെ അബ്ദുറഹീം നിയമ സഹായ സമിതി. ജയിലിൽ നിന്നുള്ള മറ്റു നടപടികൾ പൂർത്തിയായാൽ വൈകാതെ നാട്ടിലേക്കുള്ള യാത്ര സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് സമിതി അറിയിച്ചു.
സ്‌പോൺസറുടെ മകന്റെ മരണവുമായി ബന്ധപ്പെട്ട് ഇരുപത് വർഷത്തെ ശിക്ഷ കാലാവധി ദുൽഹജ്ജ് മൂന്നിന് ബുധനാഴ്ച്ചയാണ് പൂർത്തിയായത്. വ്യാഴാഴ്ച്ച മുതൽ സഊദിയിൽ ബലിപെരുന്നാളിന്റെ അവധി ആരംഭിച്ചതിനാൽ മോചന നടപടികൾ പൂർത്തിയാക്കാൻ സാധിക്കില്ലെന്ന ആശങ്കയുണ്ടായിരുന്നു. ഇന്ത്യൻ എംബസിയുടെയും റിയാദ് നിയമ സഹായ സമിതിയുടെയും പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവൂരിന്റെയും ശ്രമഫലമായാണ് എക്സിറ്റ് നടപടികൾ വേഗത്തിലാക്കാൻ സാധിച്ചത്.
നടപടികൾ പൂർത്തിയാകുന്ന മുറക്ക് മടക്ക യാത്രക്കുള്ള സാഹചര്യങ്ങൾ ഉറപ്പാക്കുമെന്നും നിയമ സഹായ സമിതി ഭാരവാഹികളായ സി പി മുസ്തഫ, അബ്ദുല്ല വല്ലാഞ്ചിറ, സെബിൻ ഇഖ്ബാൽ, ഹർഷദ് ഫറോക്ക് എന്നിവർ പറഞ്ഞു.
മോചനവുമായി ബന്ധപ്പെട്ട ഇന്ത്യൻ എംബസിയുടെ ഭാഗത്ത് നിന്ന് ചെയ്യേണ്ട നടപടി ക്രമങ്ങളെല്ലാം നേരത്തെ പൂർത്തിയായിട്ടുണ്ടെന്നും അബ്ദുറഹീമിന്റെ പവർ ഓഫ് അറ്റോർണി സിദ്ദിഖ് തുവൂർ പറഞ്ഞു.
Comments


