അമേരിക്കയും ഇസ്രായേലും ഉള്‍പ്പെടുന്ന സഖ്യശക്തികള്‍ക്കെതിരെ അതിശക്തമായ പുതിയ ആയുധം പ്രയോഗിക്കുമെന്ന മുന്നറിയിപ്പുമായി ഇറാന്. ശത്രുസൈന്യത്തിന് അഗാധമായ ഭയമുണ്ടാക്കുന്ന ഒന്നായിരിക്കും ഇതെന്നും, ഇത് കാണുന്ന അമേരിക്കന്‍ സൈനികര്‍ക്ക് ‘ഹൃദയാഘാതം’ വരെ ഉണ്ടായേക്കാമെന്നും ഇറാന്റെ നാവിക കമാന്‍ഡര്‍ റിയര്‍ അഡ്മിറല്‍ ഷഹ്റാം ഇറാനി പ്രസ്താവിച്ചു. ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ് ടി.വിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
യുഎസ് ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങള്‍ പിന്‍വലിക്കുന്നതിന് പകരമായി തന്ത്രപ്രധാനമായ ഹുര്‍മുസ് കടലിടുക്ക് തുറന്നുനല്‍കാമെന്ന ഇറാന്റെ സമാധാന നിര്‍ദ്ദേശം ട്രംപ് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന് കടുത്ത ഭാഷയില്‍ പ്രതികരിച്ചത്. ഇറാന്റെ എണ്ണ വ്യാപാരം തടഞ്ഞ് രാജ്യത്തെ ചര്‍ച്ചാമേശയിലേക്ക് കൊണ്ടുവരാമെന്നത് അമേരിക്കയുടെ വ്യാമോഹം മാത്രമാണെന്ന് അഡ്മിറല്‍ ഷഹ്റാം ഇറാനി പരിഹസിച്ചു.’പുതിയ ആയുധം ശത്രുക്കളുടെ തൊട്ടടുത്ത് തന്നെയുണ്ട്. അത് കാണുമ്പോള്‍ അവര്‍ക്ക് ഹൃദയാഘാതം ഉണ്ടാകില്ലെന്ന് ഞാന്‍ പ്രത്യാശിക്കുന്നു,’ – അഡ്മിറല്‍ ഷഹ്റാം ഇറാനി.
മേഖലയില്‍ സംഘര്‍ഷം അതിരൂക്ഷമായി തുടരുന്നതിനിടെ ചില നിര്‍ണ്ണായക വെളിപ്പെടുത്തലുകളും ഇറാന് നടത്തിയിട്ടുണ്ട്. അമേരിക്കന്‍ വിമാനവാഹിനിക്കപ്പലായ ‘എബ്രഹാം ലിങ്കണിന്’ നേരെ ഏഴ് തവണ മിസൈല്‍ ആക്രമണം നടത്തിയതായി ഇറാന് അവകാശപ്പെട്ടു. ഇതോടെ കപ്പലില്‍ നിന്ന് വിമാനങ്ങള്‍ വിക്ഷേപിക്കുന്നത് തടയാന്‍ തങ്ങള്‍ക്ക് കഴിഞ്ഞെന്നും അവര്‍ പറയുന്നു. ആഗോള ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ 20 ശതമാനവും കടന്നുപോകുന്ന ഹുര്‍മുസ് കടലിടുക്ക് നിലവില്‍ ഇറാന് അടച്ചിട്ടിരിക്കുകയാണ്. മേഖലയില്‍ ഇറാന് കപ്പലുകള്‍ തടയുന്ന അമേരിക്കന്‍ നടപടി സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരേക്കാള്‍ മോശമാണെന്ന് ഇറാന് കുറ്റപ്പെടുത്തി.
‘ബോംബാക്രമണത്തേക്കാള്‍ ഫലപ്രദമാണ് ഉപരോധം. ഇറാനെ ഒരിക്കലും ആണവായുധം കൈവശം വെക്കാന്‍ അനുവദിക്കില്ല,’ എന്ന് ട്രംപ് വ്യക്തമാക്കി. ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധം മിഡില്‍ ഈസ്റ്റിലെ സമാധാനാന്തരീക്ഷത്തെ പൂര്‍ണ്ണമായും തകര്‍ത്തിരിക്കുകയാണ്. ഇറാന്റെ പുതിയ ആയുധം സംബന്ധിച്ച വെളിപ്പെടുത്തല്‍ വരുംദിവസങ്ങളില്‍ മേഖലയില്‍ കൂടുതല്‍ അനിശ്ചിതത്വങ്ങള്‍ക്ക് വഴിതുറക്കും.


