പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള നിര്‍ണ്ണായക നീക്കങ്ങളുമായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പാകിസ്താനിലെത്തി. ഉന്നതതല പ്രതിനിധി സംഘത്തോടൊപ്പം ഇസ്ലാമാബാദിലെത്തിയ അദ്ദേഹം, നിലവില്‍ തടസ്സപ്പെട്ടുനില്‍ക്കുന്ന നയതന്ത്ര ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
അമേരിക്കയുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് തങ്ങള്‍ തയ്യാറല്ലെന്ന് ഇറാന്‍ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കന്‍ പ്രതിനിധികളുമായി നേരിട്ട് സംവദിക്കുന്നു എന്ന വാര്‍ത്തകള്‍ നിഷേധിച്ച ഇറാന്‍, തങ്ങളുടെ നിലപാടുകള്‍ പാകിസ്താന്‍ അധികൃതര്‍ക്ക് കൈമാറുകയും അവര്‍ വഴി അമേരിക്കയെ അറിയിക്കുകയുമാണ് ചെയ്യുന്നത്.
അതേസമയം, അമേരിക്കന്‍ സംഘത്തിന് നേതൃത്വം നല്‍കുന്ന പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും മുതിര്‍ന്ന ഉപദേശകന്‍ ജാരെദ് കുഷ്‌നറും ഇന്ന് പാകിസ്താനിലെത്തും. പാകിസ്താന്‍ ഒരുക്കുന്ന സൗകര്യങ്ങളിലൂടെ പരോക്ഷമായെങ്കിലും ചര്‍ച്ചകള്‍ നടക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് സ്ഥിരീകരിച്ചു.
സമാധാന ഉടമ്പടിക്കുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചിപ്പിക്കുന്നുണ്ടെങ്കിലും, ഇരു രാജ്യങ്ങളും മുന്നോട്ടുവെക്കുന്ന കര്‍ശന ഉപാധികള്‍ ചര്‍ച്ചകളെ സങ്കീര്‍ണ്ണമാക്കുന്നുണ്ട്. ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ഉപേക്ഷിക്കുക, ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം തടസമില്ലാതെ ഉറപ്പാക്കുക എന്നിവയില്‍ ട്രംപ് ഭരണകൂടം ഉറച്ചുനില്‍ക്കുന്നു.
ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം നീക്കാതെ വിട്ടുവീഴ്ചകള്‍ക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാന്‍. കഴിഞ്ഞ തവണത്തെ ചര്‍ച്ചകളില്‍ നിന്ന് വ്യത്യസ്തമായി, ഇത്തവണ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും ഇറാന്റെ ചര്‍ച്ചാ സംഘത്തെ നേരത്തെ നയിച്ചിരുന്ന മുഹമ്മദ് ബാഗര്‍ ഗാലിബാഫും ഈ കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.
പാകിസ്താന്‍ സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ അടുത്തിടെ ടെഹ്റാന്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്ലാമാബാദില്‍ ഇത്തരമൊരു ഉന്നതതല ചര്‍ച്ചയ്ക്ക് കളമൊരുങ്ങിയത്. പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങളില്‍ പാകിസ്താന്റെ മധ്യസ്ഥത നിര്‍ണ്ണായകമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.


