ഇന്ത്യൻ ടീമിൽ മുഹമ്മദ് സിറാജിന് അവസരം ലഭിക്കാൻ ഇനി സാധ്യത കുറവാണെന്ന് ഇന്ത്യൻ താരം ആർ. അശ്വിൻ. പേസർമാരുടെ കാര്യമെടുത്താൽ നിതീഷ് കുമാർ റെഡ്ഢിക്ക് പുറകിൽ ആയിരിക്കും സിറാജിന്റെ സ്ഥാനമെന്നും അശ്വിൻ തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.
“പ്ലെയിങ് ഇലവനിൽ സിറാജിന് ഇനി ഇടം ലഭിക്കാൻ സാധ്യത കുറവാണെന്നാണ് ഇപ്പോഴത്തെ സൂചന. പേസർമാരുടെ കാര്യത്തിൽ നിതീഷ് കുമാർ റെഡ്ഢിക്ക് പിന്നിലായിരിക്കും സിറാജിന്റെ സ്ഥാനം. കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെയായിരിക്കും അദ്ദേഹം ഇപ്പോൾ കടന്നു പോകുന്നത്.
ആരെങ്കിലും സിറാജിനോട് സംസാരിക്കുകയും അദ്ദേഹത്തിന്റെ പ്രശ്നങ്ങൾ കേൾക്കുകയും ശരിയായ വഴി കാണിച്ചുകൊടുക്കുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ സിറാജിന്റെ കരിയർ നല്ല രീതിയിൽ അവസാനിക്കുമെന്ന് തോന്നുന്നില്ല.
ഇനി സിറാജിന് മുന്നിലുള്ള ഏക വഴി മികച്ച പ്രകടനം പുറത്തെടുക്കുക എന്നതാണ്. 145 കിലോമീറ്റർ വേഗത്തിൽ പന്തെറിയുകയും അടുത്ത മത്സരത്തിൽ 5 വിക്കറ്റ് നേടുകയും വേണം. മുൻകാലങ്ങളിൽ മികച്ച പ്രകടനം നടത്തിയ താരങ്ങളെ പോലും പരിഗണിക്കാതെ ടീം മാനേജ്മെന്റ് മുന്നോട്ട് പോവുന്നതയാണ് തോന്നുന്നത്.
സിറാജിന് ടീമിൽ നിന്നുള്ള ഈ പുറത്താക്കൽ അത്ര എളുപ്പമായിരിക്കില്ല. മറ്റു ടീമുകളിലും ഇതേ രീതിയിലുള്ള മാറ്റങ്ങൾ നടക്കുന്നുണ്ട്. അതാണ് ഇവിടെയുള്ള വ്യത്യാസം. സിറാജ് വളരെ വികാരപരമായി കാര്യങ്ങളെ കാണുന്ന താരമായതിനാൽ എനിക്ക് അദ്ദേഹത്തോട് സഹതാപം ഉണ്ട്. ഇന്ന് സിറാജിന്റെ ഊഴമാണ് നാളെ അത് മറ്റാരുടേതെങ്കിലും ഊഴമായേക്കാം” അശ്വിൻ പറഞ്ഞു.


