ലയണൽ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും പിൻഗാമിയായി ഉയർന്നുവരാൻ കഴിയുന്ന യുവതാരങ്ങളിൽ ബാഴ്സലോണ വിംഗർ ലാമിൻ യാമലും ഉൾപ്പെടുമെന്ന് പരിശീലകൻ പെപ് ഗാർഡിയോള.
മുൻ ബാഴ്സലോണ സഹതാരമായ റൊമാരിയോയുമായി നടത്തിയ അഭിമുഖത്തിൽ യാമലിന്റെ കഴിവിനെയും അഭിലാഷത്തെയും പ്രശംസിച്ച ഗാർഡിയോള, മെസ്സിയുടെയും റൊണാൾഡോയുടെയും ദീർഘകാലത്തെ പ്രകടനനിലവാരം നിലനിർത്തുക എളുപ്പമല്ലെന്നും മുന്നറിയിപ്പ് നൽകി.
ബ്രസീൽ സന്ദർശനത്തിനിടെ റൊമാരിയോയുമായുള്ള സംഭാഷണം
സിറ്റി ഫുട്ബോൾ ഗ്രൂപ്പ് അംബാസഡറായി സാവോ പോളോയിലും സാൽവഡോറിലും നടന്ന പരിപാടികളിൽ പങ്കെടുക്കാനെത്തിയ ആദ്യ ബ്രസീൽ സന്ദർശനത്തിനിടെയാണ് ഗാർഡിയോള അഭിമുഖത്തിൽ പങ്കെടുത്തത്.
മുൻ ബ്രസീലിയൻ താരവും സെനറ്ററുമായ റൊമാരിയോയുടെ യൂട്യൂബ് ചാനലായ ‘റൊമാരിയോ ടിവി’യിൽ ഏകദേശം 45 മിനിറ്റ് നീണ്ട സംഭാഷണത്തിലാണ് ലോക ഫുട്ബോളിന്റെ ഭാവിയെക്കുറിച്ച് അദ്ദേഹം മനസ്സുതുറന്നത്.
മെസ്സിയും റൊണാൾഡോയും വിട്ടുപോകുമ്പോൾ അവശേഷിക്കുന്ന വിടവ് നികത്താൻ ഏത് യുവതാരങ്ങൾക്ക് സാധിക്കുമോ എന്ന ചോദ്യത്തിന്, ലമിൻ യമാലിന്റെ പേര് ഗാർഡിയോള ഒട്ടും മടികൂടാതെ എടുത്തുപറഞ്ഞു.
“ലമിന് എന്തോ പ്രത്യേകതയുണ്ടെന്ന് ഞാൻ കരുതുന്നു. അതെ, ഈ കുട്ടി വ്യത്യസ്തനാണ്. ഏറ്റവും മികച്ചവനാകാനുള്ള ആഗ്രഹം അവനുണ്ട്, അതും വളരെ പ്രധാനമാണ്,” ഗാർഡിയോള പറഞ്ഞു.
പിൻഗാമിയായി യമലും എംബാപ്പെയും; എന്നാൽ വെല്ലുവിളി കഠിനം
ലോക ഫുട്ബോളിലെ മുൻനിര താരങ്ങളിലൊരാളായി മാറാനുള്ള സവിശേഷതകൾ സ്പാനിഷ് താരത്തിനുണ്ടെന്ന് ഗാർഡിയോള വിശ്വസിക്കുന്നു. വരാനിരിക്കുന്ന വർഷങ്ങളിൽ ഒന്നാം നിരയിൽ തുടരാൻ കരുത്തുള്ള മറ്റൊരു താരമായി കിലിയൻ എംബാപ്പെയെയും അദ്ദേഹം ചൂണ്ടിക്കാട്ടി.
“ഇത് ബുദ്ധിമുട്ടാണ്, പക്ഷേ ലമിൻ അവരിൽ ഒരാളാണെന്ന് ഞാൻ കരുതുന്നു… തീർച്ചയായും, എംബാപ്പെയും, അദ്ദേഹവും വർഷങ്ങളായി ആ തലത്തിലാണ്,” അദ്ദേഹം വ്യക്തമാക്കി.
എന്നാൽ മെസ്സിയുടെയും റൊണാൾഡോയുടെയും ചരിത്രപരമായ ഉയരങ്ങളിലേക്ക് എത്തുമോ എന്ന കാര്യത്തിൽ ഗാർഡിയോള ജാഗ്രത പുലർത്തി.
മികച്ച സീസണുകൾ കളിക്കുന്നതിനേക്കാൾ, വർഷങ്ങളോളം ഒരേ നിലവാരം കാത്തുസൂക്ഷിക്കുകയാണ് യഥാർത്ഥ വെല്ലുവിളി എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
“ഇത്രയും വർഷങ്ങൾ ക്രിസ്റ്റ്യാനോയുടെയും മെസ്സിയുടെയും നിലവാരത്തിലെത്താനും ഓരോ മൂന്ന് ദിവസത്തിലും വ്യത്യാസം വരുത്താനും കഴിയുമോ എന്ന് എനിക്കറിയില്ല. അത് ബുദ്ധിമുട്ടാണ്. എനിക്ക് അത് കാണേണ്ടി വരും,” ഗാർഡിയോള സമ്മതിച്ചു.
15-20 വർഷത്തെ സ്ഥിരതയും മെസ്സിയോടുള്ള സ്നേഹവും
താൻ കണ്ട ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരൻ ലയണൽ മെസ്സിയാണെന്ന് വ്യക്തമാക്കിയ ഗാർഡിയോള, മെസ്സിയുടെയും റൊണാൾഡോയുടെയും കരിയറിലെ ഏറ്റവും അസാധാരണ ഘടകമായി ചൂണ്ടിക്കാട്ടിയത് 15 മുതൽ 20 വർഷം വരെ ഏറ്റവും ഉയർന്ന നിലവാരത്തിൽ തുടർന്നതാണ്.
“ലിയോയും ക്രിസ്റ്റ്യാനോയും ചെയ്തത് അത്ലറ്റുകൾക്ക് ഒരു മികച്ച പാഠമാണ്. ഒരു വർഷം ജയിക്കുക എന്നതോ ഒരു വർഷത്തിൽ 30 അല്ലെങ്കിൽ 50 ഗോളുകൾ നേടുക എന്നതോ അല്ല.
15 അല്ലെങ്കിൽ 20 വർഷം അത് ചെയ്യുക, നിങ്ങളുടെ ലെവലിൽ ഒരു ഇടിവും വരുത്താതെ വർഷങ്ങളോളം മുകളിൽ തുടരുക എന്നതാണ് പ്രധാനം. അതാണ് കായികം,” അദ്ദേഹം കൂട്ടിച്ചേർത്തു.
ബാഴ്സലോണയ്ക്ക് പുറത്തുള്ള ക്ലബ്ബുകൾ പരിശീലിപ്പിക്കുമ്പോൾ ഒരിക്കലും മെസ്സിയെ ടീമിലെത്തിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ഗാർഡിയോള വെളിപ്പെടുത്തി. ബാഴ്സലോണയോടുള്ള ആരാധനയാണ് അതിന് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി.
“ഞാൻ ഒരിക്കലും അവനെ വിളിച്ചിട്ടില്ല. ഞാൻ ഒരു ബാഴ്സ ആരാധകനാണ്; അവൻ അവിടെ തന്നെ തുടരുന്നതാണ് എനിക്ക് ഇഷ്ടം,” ഗാർഡിയോള പറഞ്ഞു.
മെസ്സിയുടെയും റൊണാൾഡോയുടെയും ചരിത്രപരമായ നേട്ടങ്ങളെ അംഗീകരിക്കുമ്പോഴും, ലോക ഫുട്ബോളിലെ ഭാവി വാഗ്ദാനങ്ങളിലൊരാളായി ലമിൻ യമാൽ ഉയർന്നുവരുമെന്ന പ്രതീക്ഷയാണ് ഗാർഡിയോള പങ്കുവെച്ചത്.


