കൊച്ചി: തന്റെ പേര് പറഞ്ഞ് സമൂഹമാധ്യമങ്ങളിലൂടെ ചാരിറ്റി തട്ടിപ്പ് നടത്തുന്ന നബീൽ എന്നയാൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി നടനും അവതാരകനുമായ മിഥുൻ രമേശ്. “ഒരു തട്ടിപ്പുകാരനെ തുറന്നുകാട്ടുന്നു, അവന്റെ പേര് നബീൽ എന്നാണ്” എന്ന തലക്കെട്ടോടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് മിഥുൻ ആളുകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയത്.
കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ പേരിൽ തട്ടിപ്പ്
കുട്ടിയുടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി മിഥുൻ രമേശ് 25,000 രൂപ അയച്ചുനൽകി എന്ന വ്യാജ അവകാശവാദവും സ്ക്രീൻഷോട്ടും കാണിച്ചാണ് ഇയാൾ പണം പിരിക്കുന്നത്. എന്നാൽ അത്തരമൊരു വിഷയമോ സഹായമോ നിലവിലില്ലെന്നും ഇതൊരു പൂർണ്ണ തട്ടിപ്പാണെന്നും മിഥുൻ വ്യക്തമാക്കി. തന്റെ സുഹൃത്തുക്കൾക്കും നിരവധി സെലിബ്രിറ്റികൾക്കും ഇയാൾ സന്ദേശങ്ങൾ അയച്ചിട്ടുണ്ടെന്നും ആരും വഞ്ചിതരാകരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
“മറ്റുള്ളവരുടെ ചാരിറ്റിയെക്കുറിച്ചൊക്കെ അറിയിക്കുന്നതിൽ വലിയ സന്തോഷമേയുള്ളൂ. അവർ ചെയ്യുന്നത് മറ്റുള്ളവർക്ക് പ്രചോദനമാകുമെങ്കിൽ സന്തോഷം. പക്ഷേ പറ്റിപ്പ് തെണ്ടികളെ വിശ്വസിക്കരുത്. നബീൽ എന്നൊരാൾ ഉണ്ട്, ഞാൻ 25,000 രൂപ അയച്ചുകൊടുത്തുവെന്ന് പറഞ്ഞ് നാട്ടുകാരെ മുഴുവൻ പറ്റിക്കുന്നുണ്ട്. അവന്റെ കുട്ടിയുടെ കരൾ മാറ്റിവയ്ക്കാനാണെന്നാണ് പറയുന്നത്. വെറും ഫ്രോഡാണ്, അങ്ങനെ ഒരു പ്രശ്നമേയില്ല,” എന്ന് മിഥുൻ രമേശ് പറഞ്ഞു.
സംശയങ്ങളുണ്ടെങ്കിൽ നേരിട്ട് ബന്ധപ്പെടാം
യഥാർത്ഥ ആവശ്യക്കാർക്ക് മാത്രമേ സഹായം നൽകാവൂ എന്നും, തന്റെ പേര് പറഞ്ഞ് ആരെങ്കിലും പണം ആവശ്യപ്പെട്ടാൽ നൽകരുതെന്നും മിഥുൻ അഭ്യർത്ഥിച്ചു.
താൻ പണം നൽകിയിട്ടുണ്ടോ ഇല്ലയോ എന്നതിൽ സംശയമുള്ളവർക്ക് നേരിട്ട് സന്ദേശം അയക്കാം, കൃത്യമായ മറുപടി നൽകാമെന്ന് മിഥുൻ അറിയിച്ചു.
നബീലിന്റെ നമ്പർ ആവശ്യമുള്ളവർക്ക് മെസ്സേജ് അയച്ചാൽ കൈമാറാമെന്നും, സോഷ്യൽ മീഡിയയിൽ പരസ്യമായി നമ്പർ പങ്കുവയ്ക്കുന്നത് ശരിയല്ലാത്തതുകൊണ്ടാണ് അങ്ങനെ ചെയ്യാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.


