കൊച്ചി: റേഡിയോ ജോക്കിയായി കരിയർ ആരംഭിച്ച് ‘കുഞ്ഞനന്തന്റെ കട’യിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നൈല ഉഷ, വർഷങ്ങൾക്ക് ശേഷം ജയസൂര്യയോടൊപ്പം വീണ്ടും ഒന്നിക്കുകയാണ്. ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന മിസ്റ്ററി ഡാർക്ക് ത്രില്ലർ ചിത്രമായ ‘മായൻ ചാപ്റ്റർ വൺ’ (Mayan – Chapter 1) റിലീസിന് ഒരുങ്ങുന്നതിനിടെ, ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ച് വേദിയിൽ താരം നടത്തിയ തുറന്നുപറച്ചിലാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
തന്റെ രണ്ടാമത്തെ ചിത്രമായ ‘പുണ്യാളൻ അഗർബത്തീസി’ൽ ജയസൂര്യയുടെ നായികയായി മികച്ച പ്രശംസ നേടിയ നൈല, ആ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ എന്തുകൊണ്ട് അഭിനയിച്ചില്ലെന്ന ചോദ്യത്തിന് രസകരമായി മറുപടി നൽകി.
നൈല ഉഷയുടെ വാക്കുകൾ
“പുണ്യാളൻ അഗർബത്തീസിന് ശേഷം ജയസൂര്യയുടെ നായികയാകുന്ന ചിത്രമാണിത്. വളരെ പ്രാധാന്യമുള്ള റോളാണിത്. ജയസൂര്യയെ നായകനായി കിട്ടുമ്പോൾ ഞാനൊരു വ്യത്യസ്ത ഭാര്യയാകാറില്ല; വളരെ സ്നേഹിക്കുന്ന, മനസ്സിലാക്കുന്ന കഥാപാത്രമായിരിക്കും. പുണ്യാളനിൽ കണ്ടതുപോലെയുള്ള കഥാപാത്രം തന്നെയാണ് ഇതിലും.
പുണ്യാളൻ അഗർബത്തീസ് 2-ലേക്ക് എന്നെ വിളിച്ചിരുന്നു. പക്ഷേ, അതിന്റെ സ്ക്രിപ്റ്റ് എനിക്ക് ഇഷ്ടപ്പെട്ടില്ല. ഞാൻ വരുന്നില്ല എന്ന് പറഞ്ഞപ്പോൾ അവരെന്നെ ‘പടമാക്കി’യതാണ്. ഇപ്പോൾ മായനിലേക്ക് എത്തിയപ്പോൾ ഗംഭീര കഥയാണ്. ട്രെയ്ലറിൽ കണ്ടതിനേക്കാൾ കൂടുതൽ കാര്യങ്ങൾ സിനിമയിലുണ്ട്. അതെല്ലാം പ്രേക്ഷകർക്ക് ഇഷ്ടമാകുമെന്നാണ് വിശ്വാസം.” എന്ന് നൈല ഉഷ പറഞ്ഞു.
‘മായൻ ചാപ്റ്റർ വൺ’ ഡിസംബർ മൂന്നിന് തിയേറ്ററുകളിൽ
‘കളങ്കാവൽ’ എന്ന ചിത്രത്തിന് ശേഷം ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ‘മായൻ ചാപ്റ്റർ വൺ’ ഡിസംബർ മൂന്നിന് തിയേറ്ററുകളിലെത്തും. കറുത്തച്ചനൂട്ട്, നരബലി തുടങ്ങിയ നിഗൂഢ വിഷയങ്ങളെ ആസ്പദമാക്കിയൊരുങ്ങുന്ന ഈ മിസ്റ്ററി ഡാർക്ക് ത്രില്ലറിൽ ശക്തമായ വേഷത്തിലാണ് നൈല ഉഷ എത്തുന്നത്. ജിതിൻ കെ. ജോസും റാഫിയും ചേർന്ന് തിരക്കഥയൊരുക്കുന്ന ചിത്രം മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദനാണ് നിർമ്മിക്കുന്നത്.


