കൊച്ചി: മലയാള സിനിമയിൽ എണ്ണംപറഞ്ഞ കൊമേഴ്സ്യൽ എന്റർടൈനറുകൾ സമ്മാനിച്ച ഹിറ്റ് കൂട്ടുകെട്ടാണ് ഉദയകൃഷ്ണ – സിബി കെ. തോമസ്. സിബി കെ. തോമസിനൊപ്പം ചേർന്ന് ഒരുക്കിയ നിരവധി ചിത്രങ്ങൾ മലയാള സിനിമയുടെ ചരിത്രത്തിൽ നാഴികക്കല്ലുകളായി മാറിയിട്ടുണ്ട്.
ഈ കൂട്ടുകെട്ടിൽ പിറന്ന ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്നാണ് ദിലീപിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത് 2004-ൽ പുറത്തിറങ്ങിയ ‘റൺവേ’. കോമഡിയും ആക്ഷനും മാസ് രംഗങ്ങളും സമാസമം ചേർത്തൊരുക്കിയ ഈ ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്.
എന്നാൽ മമ്മൂട്ടിയെ നായകനാക്കി പ്ലാൻ ചെയ്തിരുന്ന ഈ ചിത്രം അദ്ദേഹം ഉപേക്ഷിച്ചതാണെന്ന തരത്തിലുള്ള ഗോസിപ്പുകൾക്ക് മറുപടിയുമായി തിരക്കഥാകൃത്ത് ഉദയകൃഷ്ണ രംഗത്തെത്തിയിരിക്കുന്നു.
മമ്മൂട്ടി ഒരിക്കലും ഈ സിനിമ വേണ്ടെന്നുവെച്ചിട്ടില്ലെന്നും, നിർമ്മാതാവിന്റെ പിന്മാറ്റവും മറ്റു ചില സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ മാറ്റത്തിന് കാര്യമെന്നും അദ്ദേഹം വ്യക്തമാക്കി
‘കാൻ ചാനൽ മീഡിയ’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഉദയകൃഷ്ണ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
തുടക്കം ‘വാളയാർ ചെക്ക്പോസ്റ്റിൽ’ നിന്ന്
ആദ്യം ‘വാളയാർ ചെക്ക്പോസ്റ്റ്’ എന്ന പേരിൽ മമ്മൂട്ടിയെ നായകനാക്കി ഒരുക്കാനാണ് ഈ പ്രൊജക്ട് പ്ലാൻ ചെയ്തിരുന്നതെന്ന് ഉദയകൃഷ്ണ പറയുന്നു. ജോസ് തോമസായിരുന്നു ചിത്രത്തിന്റെ സംവിധായകൻ.
എന്നാൽ തിരക്കഥ പൂർത്തിയായപ്പോൾ ഇത്രയും വലിയൊരു സിനിമ ചെയ്യാനുള്ള ആത്മവിശ്വാസമില്ലെന്ന് പറഞ്ഞ് ജോസ് തോമസ് പിന്മാറുകയായിരുന്നു.
തുടർന്ന് തങ്ങൾ രണ്ടുപേരും ചേർന്ന് ചിത്രം സംവിധാനം ചെയ്യാമെന്ന് തീരുമാനിക്കുകയും മമ്മൂട്ടിയെ കണ്ട് കഥ പറയുകയും ചെയ്തു.
“മമ്മൂക്ക ആ സമയത്ത് തമിഴ്നാട്ടിൽ ഒരു സിനിമ ചെയ്യുകയായിരുന്നു. ഞങ്ങൾ അദ്ദേഹത്തോട് കഥ പറഞ്ഞപ്പോൾ, ‘ഞാൻ ഇപ്പോൾ ഒരു തമിഴ് പടം ചെയ്യുകയാണ്. ഇത് കഴിഞ്ഞ് സിദ്ദിഖിന്റെ ക്രോണിക് ബാച്ച്ലർ ചെയ്യാനാണ് പ്ലാൻ.
അവനെ വിളിച്ച് സംസാരിക്കട്ടെ’ എന്ന് പറഞ്ഞ് അദ്ദേഹം അപ്പോൾ തന്നെ സിദ്ദിഖിനെ ഫോണിൽ ബന്ധപ്പെട്ടു.
ഞങ്ങളാണ് സംവിധാനം ചെയ്യുന്നതെന്ന് അറിഞ്ഞപ്പോൾ ‘നിങ്ങൾക്ക് പണിയൊക്കെ അറിയാമോ?’ എന്ന് സിദ്ദിഖിക്ക തമാശയായി ചോദിച്ചു. ഞങ്ങൾ കുറച്ചൊക്കെ അറിയാമെന്ന് മറുപടിയും നൽകി,” ഉദയകൃഷ്ണ ഓർക്കുന്നു.
ദിലീപിലേക്ക് വഴിമാറിയത് എങ്ങനെ?
ചിത്രത്തിന്റെ വിതരണാവകാശം ‘സ്വർഗചിത്ര’ ഫിലിംസ് ഏറ്റെടുക്കാമെന്ന് വരെ തീരുമാനിച്ചതായിരുന്നു. എന്നാൽ പിന്നീട് നിർമ്മാതാവ് ചിത്രത്തിൽ നിന്ന് പിന്മാറിയത് പ്രതിസന്ധിയായി. ഇതിനിടയിൽ മമ്മൂട്ടി ‘ക്രോണിക് ബാച്ച്ലർ’ സിനിമയുമായി മുന്നോട്ടുപോയി.
തുടർന്ന് ജോണി ആന്റണി വഴിയാണ് ഈ കഥ ദിലീപിലേക്കെത്തുന്നത്. അങ്ങനെയാണ് ചിത്രം ദിലീപിനെ നായകനാക്കി ജോഷിയുടെ സംവിധാനത്തിൽ വൻ വിജയമായി മാറിയതെന്നും, അല്ലാതെ മമ്മൂട്ടി തിരക്കഥ വേണ്ടെന്നുവെച്ചതല്ലെന്നും ഉദയകൃഷ്ണ വ്യക്തമാക്കുന്നു.


