കൊച്ചി: മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം മലയാള സിനിമയില്‍ ഏറ്റവും വലിയ ആരാധകവൃന്ദമുള്ള (Crowd Puller) താരങ്ങളില്‍ ഒരാളാണ് ദുല്‍ഖര്‍ സല്മാന്.
മമ്മൂട്ടിയുടെ മകനെന്ന ലേബലില്‍ സിനിമയിലെത്തിയെങ്കിലും തന്റെതായ അഭിനയശൈലിയിലൂടെ ഇന്ത്യന്‍ സിനിമയില്‍ തന്റേതായ ഇടം കണ്ടെത്താൻ താരത്തിന് കഴിഞ്ഞു.
മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും വലിയൊരു ഫാന്‍ബേസ് സ്വന്തമാക്കാന്‍ ദുല്‍ഖറിനായിട്ടുണ്ട്.
എന്നാൽ, അടുത്തിടെയായി മലയാളത്തേക്കാള്‍ തെലുങ്ക് സിനിമകള്‍ക്ക് താരം കൂടുതല്‍ പ്രാധാന്യം നല്‍കുന്നുവെന്ന തരത്തിലുള്ള ചര്‍ച്ചകളും വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
തുടര്‍ച്ചയായി തെലുങ്ക് ചിത്രങ്ങള്‍ ചെയ്യുന്നതിനെയും മലയാളത്തില്‍ ഇടവേളകളില്‍ മാത്രം എത്തുന്നതിനെയും കുറിച്ച് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ട്രോളുകൾക്ക് കൗതുകകരമായ മറുപടി നല്‍കിയിരിക്കുകയാണ് താരം.
പുതിയ തെലുങ്ക് ചിത്രമായ ‘ആകാസം ലോ ഒക്ക താര’യുടെ കൊച്ചിയില്‍ നടന്ന പ്രീ റിലീസ് ഇവന്റിലാണ് ദുല്‍ഖറിന്റെ പ്രതികരണം.
ട്രോളുകൾ വായിച്ച് ചിരിച്ചുപോയി: ദുല്‍ഖര്‍
തന്റെ സിനിമകളുടെ തെരഞ്ഞെടുപ്പിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വന്ന രസകരമായ ഒരു ട്രോളിനെക്കുറിച്ച് ദുല്‍ഖര്‍ സംസാരിച്ചു. “ഈ സിനിമയ്ക്ക് ഡബ്ബ് ചെയ്യുന്ന സമയത്ത് ഞങ്ങളുടെ ടീമിന് ഇത് ഒരിക്കലും ഒരു തെലുങ്ക് പടമായിട്ട് തോന്നിയിട്ടേയില്ല.
ചിത്രീകരണം നടക്കുന്ന സമയത്ത് ‘ഇത് മലയാള പടം പോലെയുണ്ടല്ലോ’ എന്നായിരുന്നു എല്ലാവരും പറഞ്ഞത്.
എവിടെയോ ഞാന്‍ ഒരു ട്രോള്‍ വായിച്ചിരുന്നു; ‘ദുല്‍ഖര്‍ തെലുങ്കില്‍ പോയി മലയാളം പടം ചെയ്യുകയും, മലയാളത്തില്‍ തെലുങ്ക് പടം ചെയ്യുകയുമാണ്’ എന്ന്. അത് വായിച്ചപ്പോള്‍ ശരിയാണല്ലോ എന്ന് എനിക്കും തോന്നിപ്പോയി,” ദുല്‍ഖര്‍ ചിരിയോടെ പറഞ്ഞു.
‘ആകാസം ലോ ഒക്ക താര’ ഒരു സ്വപ്നത്തിന്റെ കഥ
തന്റെ പുതിയ ചിത്രമായ ‘ആകാസം ലോ ഒക്ക താര’യെക്കുറിച്ചും ദുല്‍ഖര്‍ സംസാരിച്ചു. ഇന്ത്യയിലെ ഏതൊരു ഗ്രാമത്തിലും നടക്കാന്‍ സാധ്യതയുള്ള, പ്രേക്ഷകരുടെ ഹൃദയം തൊട്ടറിയുന്ന ഒരു കഥയാണ് ചിത്രത്തിന്റേതെന്ന് താരം വ്യക്തമാക്കി.
“നമുക്ക് എല്ലാവര്ക്കും ചെറുപ്പം മുതല്ക്കേ എന്തെങ്കിലും സ്വപ്നം ഉണ്ടാകും. ആ സ്വപ്നം യാഥാർത്ഥ്യമാക്കാന്‍ നമ്മള് ചിലപ്പോള്‍ കഠിനമായി ശ്രമിക്കും. ഈ സിനിമ അത്തരമൊരു സ്വപ്നത്തിന്റെ കഥയാണ്,” ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.
കഥ എല്ലവർക്കും ഇഷ്ടപ്പെട്ടതു കൊണ്ടാണ് തെലുങ്കിലെ നാല് പ്രമുഖ പ്രൊഡക്ഷന്‍ ഹൗസുകള്‍ ചേര്‍ന്ന് ഈ ചിത്രം നിര്‍മിക്കുന്നത്.
അല്ലു അരവിന്ദിന്റെ ഗീത ആര്‍ട്സ്, സ്വപ്ന സിനിമാസ്, ‘ലക്കി ഭാസ്കറി’ന്റെ നിര്‍മാതാക്കളായ വൈജയന്തി നെറ്റ്വര്‍ക്ക്, ലൈറ്റ്ബോക്സ് മീഡിയ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. എല്ലാതരം പ്രേക്ഷകരെയും ഒരുപോലെ രസിപ്പിക്കുന്ന ഒന്നായിരിക്കും ഈ ചിത്രമെന്നും താരം വ്യക്തമാക്കി.


